നാവിക സേനാ കേന്ദ്രങ്ങളിലും യുദ്ധ കപ്പലുകളിലും സ്മാര്‍ട്‌ഫോണ്‍ ഉപയോഗം സേന വിലക്കി

ന്യൂദല്‍ഹി- ഇന്ത്യന്‍ നാവിക സേനയുടെ രഹസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പാക്കിസ്ഥാനുമായി ബന്ധമുള്ളവര്‍ക്ക് കൈമാറിയത് ഏഴു നാവികരെ കയ്യോടെ പിടികൂടിയതിനു പിന്നാലെ യുദ്ധ കപ്പലുകളിലും നാവിക സേനാ കേന്ദ്രങ്ങളിലും സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന് നാവിക സേന നിയന്ത്രണമേര്‍പ്പെടുത്തി. സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിനു പുറമെ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമ സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.

ആന്ധ്ര പ്രദേശ് രഹസ്യാന്വേഷണ വിഭാഗമാണ് ഈയിടെ എഴു നാവികരെ വിവിധ നാവിക സേനാ കേന്ദ്രങ്ങളില്‍ നിന്നായി ഏഴു നാവിക സേനാ ഉദ്യോഗസ്ഥരെ ചാരവൃത്തിക്ക് കയ്യോടെ പിടികൂടിയത്. ഫേസ്ബുക്ക് വഴി പാക് ചാരന്മാര്‍ സുന്ദരികളെ ഇറക്കിയാണ് ഇവരെ വലയിലാക്കി രഹസ്യം ചോര്‍ത്തിയതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. നാവിക സേനയുടെ കപ്പലുകളേയും മുങ്ങിക്കപ്പലുകളേയും കുറിച്ചുള്ള അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ഈ നാവികര്‍ പാക്കിസ്ഥാന് നല്‍കി വരുന്നതായാണ് കണ്ടെത്തിയത്. ഇന്ത്യയുടെ തന്ത്രപ്രധാന നാവിക താവളമായ വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവര്‍ കമാന്‍ഡില്‍ നിന്നുള്ള മൂന്ന് നാവികരും വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ മൂന്ന് നാവികരും കര്‍വാറിലെ നേവല്‍ ബേസിലെ ഒരു നാവികനുമാണ് ചാരക്കേസിലെ പ്രതികള്‍. 2015ല്‍ നാവിക സേനയില്‍ ചേര്‍ന്നവരാണ് ഇവരെല്ലാം.
 

Latest News