Sorry, you need to enable JavaScript to visit this website.

മെസ്സിയുടെ നാട് കാണാൻ 

നെവൽ ഓൾഡ് ബോയ്‌സ് അക്കാദമിയിലെ രജിസ്റ്റർ. 
നെവൽ ഓൾഡ് ബോയ്‌സ് അക്കാദമിയിലെ മെസ്സിയുടെ ആദ്യ ജഴ്‌സി. 
ബാജേദയിലെ ഒരു വീടിനു പുറത്ത് മെസ്സിയുടെ ചിത്രം. 
റൊസാരിയോയിൽ മെസ്സി ജനിച്ച വീട്‌
നെവൽ ഓൾഡ് ബോയ്‌സ് യൂത്ത് ടീമിന്റെ കളിക്കളം 
ലാ ബാജേദയിൽ സൈക്കിൾ അഭ്യാസം നടത്തുന്ന കുട്ടി. 

മെസ്സിയുടെ ബാല്യകാലം കാണാൻ റൊസാരിയൊ ലോകമെങ്ങുമുള്ള ആരാധകർക്ക് അവസരമൊരുക്കുന്നു. 

ഫുട്‌ബോൾ മാത്രമായിരുന്നില്ല ലിയണൽ മെസ്സിക്ക് പ്രിയപ്പെട്ടത്. കുട്ടിക്കാലത്ത് അർജന്റീനയിലെ റൊസാരിയോയിലെ ലളിതമായ ലാ ബാജേദ പ്രദേശത്ത് കൂട്ടുകാരുമൊത്ത് സൈക്കിൾ സവാരി നടത്തുമായിരുന്നു മെസ്സി, ചുള്ളിക്കമ്പുകളും കല്ലുകളും കൊണ്ട് കോട്ടകൾ നിർമിക്കുമായിരുന്നു, ഒളിച്ചുകളിക്കുമായിരുന്നു, ചിലപ്പോൾ വീടുകളിൽ കടന്നുകയറി നാരങ്ങകൾ മോഷ്ടിക്കുമായിരുന്നു. 
മുപ്പത്തിരണ്ടുകാരനായ തങ്ങളുടെ ഹീറോയെ വാഴ്ത്താനായി റൊസാരിയൊ നഗരം സംഘടിപ്പിച്ച എക്‌സിബിഷനിലാണ് ഇത്തരം രസകരമായ കഥകൾ പുനരാഖ്യാനം ചെയ്യുന്നത്. റൊസാരിയോ സിറ്റി ഹാളിലായിരുന്നു പ്രദർശനം. വിവിധ ഭാഷകളിൽ ഇതിനായി മൊബൈൽ ആപ്പുകളും ഉണ്ട്. വെബ്‌സൈറ്റിലൂടെ മെസ്സിയുടെ കുട്ടിക്കാലം ആസ്വദിക്കാൻ ആരാധകർക്ക് അവസരമുണ്ട്.


തലസ്ഥാന നഗരിയായ ബ്യൂണസ്‌ഐറിസിൽനിന്ന് 300 കി.മീ അകലെയുള്ള ലാ ബാജേദായിൽ ഇരു നിലക്കു മുകളിലുള്ള കെട്ടിടങ്ങൾ ഇപ്പോഴും കുറവാണ്. ഇസ്രായിൽ തെരുവിന്റെ പാതിവഴിയിൽ ചെമ്പിച്ച ഒരു വീട്, മുൻവശത്തൊരു തിരശ്ശീലയുണ്ട്. ലോഹനിർമിത സംരക്ഷിത വേലികളുമുണ്ട്. മെസ്സിയുടെ വീടാണ് ഇതെന്നതിന്റെ യാതൊരു സൂചനയുമില്ല. ഇവിടെയിപ്പോൾ ആരും താമസിക്കുന്നുമില്ല. മിക്ക വീടുകളുടെ മുമ്പിലും മെസ്സിയുടെ കളർ ചിത്രങ്ങൾ പതിഞ്ഞുകിടപ്പുണ്ട്. തെരുവുകൾ അർജന്റീനയുടെ നീലയും വെള്ളയും വരകളിൽ അലങ്കരിച്ചിരിക്കുന്നു. പലതിലും മെസ്സിയുടെ പത്താം നമ്പർ കറുത്ത അക്ഷരങ്ങളിൽ വരച്ചു ചേർത്തിട്ടുണ്ട്. 


ഒരു സാധാരണ പയ്യനായിരുന്നു അവനെന്ന് ബാല്യകാല സുഹൃത്ത് ഡിയേഗൊ വലേയോസ് പറയുന്നു. സമീപത്തെ എൽകാംപിറ്റൊ ക്ലബ്ബിൽ ഏതാനും കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നു. സൈക്കിളിൽ വെള്ളക്കുപ്പികളുമായി പോയി വീടുകൾക്കു നേരെ എറിഞ്ഞ് രസിച്ച കുട്ടിക്കാലം വലേയോസ് ഓർമിച്ചെടുത്തു. മെസ്സി പഠിച്ച സ്‌കൂളും മെസ്സി ആദ്യം ഫുട്‌ബോൾ തട്ടിയ അബന്ദരാഡൊ ഗ്രൻഡോളി ക്ലബ്ബും റൊസാരിയൊ ടൂറിൽ കാണാം.


മെസ്സിയും റൊസാരിയോയും തമ്മിൽ ഇപ്പോൾ വിദൂരബന്ധം മാത്രമേയുള്ളൂ. മെസ്സി താമസിക്കുന്നത് സ്‌പെയിനിലാണ്. ഈ ടൂർ ആപ് തയാറാക്കുന്നതിൽ മെസ്സിയുടെ കുടുംബത്തെ പങ്കെടുപ്പിക്കാൻ റൊസാരിയോക്ക് സാധിച്ചിട്ടില്ല. എങ്കിലും മെസ്സിയുടെ വേരുകൾ ഇവിടെയാണെന്ന് സ്ഥാപിക്കുകയാണ് റൊസാരിയോയുടെ ലക്ഷ്യം.
1987 ജൂൺ 24 ന് ഇറ്റാലിയാനൊ ഗാരിബാൾഡി ഹോസ്പിറ്റലിലാണ് മെസ്സി ജനിച്ചത്. 2000 ൽ ബാഴ്‌സലോണയിലേക്ക് കുടിയേറും വരെ റൊസാരിയോയിലായിരുന്നു താമസം. മെസ്സിയുടെ പഴയ വീടിനടുത്ത് ഈയിടെ ഒരു മ്യൂസിയം തുറന്നിട്ടുണ്ട്. പ്രദേശത്തെ റെയ്‌സിംഗ്, ബോക്‌സിംഗ്, ബാസ്‌കറ്റ്‌ബോൾ, സോക്കർ താരങ്ങളെക്കുറിച്ച ഇന്ററാക്ടിവ് ടൂർ ഈ മ്യൂസിയത്തിലുണ്ട്. മെസ്സിയെക്കുറിച്ച സഹതാരങ്ങളുടെ ഓർമകൾ പ്രദർശിപ്പിക്കുന്ന വലിയ സ്‌ക്രീൻ ഇവിടെയുണ്ട്. മെസ്സിയുടെ വിജയങ്ങളെയല്ല, മെസ്സി സഞ്ചരിച്ച വഴിയെക്കുറിച്ചാണ് പ്രതിപാദ്യമെന്ന് മ്യൂസിയം കോഓർഡിനേറ്റർ യുവാൻ എച്ചെവെറിയ പറഞ്ഞു. 


ഒരാൾ ഉയരങ്ങളിലെത്തുമ്പോൾ ആ മഞ്ഞുമലയുടെ ശിഖരം മാത്രമാണ് നാം കാണുക, അതിനിടയിൽ അദ്ദേഹം സഞ്ചരിച്ച വഴികളുടെ വിശാലമായ ഭൂവിഭാഗമുണ്ട് -അദ്ദേഹം ചൂണ്ടിക്കാട്ടി. മ്യൂസിയത്തിൽ വെള്ളക്കോളറുള്ള ഒരു ചെറിയ ചുവന്ന ജഴ്‌സിയുണ്ട്. നെവൽസ് ഓൾഡ് ബോയ്‌സിൽ അക്കാദമി കളിക്കാരനായി മെസ്സി ജോയിൻ ചെയ്ത ഒഫിഷ്യൽ രജിസ്റ്ററിൽ കൊച്ചു മെസ്സി ചിരി തൂകി നിൽക്കുന്നു. നഗരത്തിലെ മാൽവിനാസ് കോമ്പൗണ്ടിലായിരുന്നു നെവൽസിന്റെ അക്കാദമി. 


തന്നെക്കാൾ വലിയ കളിക്കാരെ ഇവിടെ മെസ്സി ഡ്രിബ്ൾ ചെയ്തു മുന്നേറുന്നതിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. നെവലിനു വേണ്ടി മെസ്സി കളിച്ചിരുന്നില്ല. മെസ്സിയെക്കാൾ വലിയ വാഗ്ദാനങ്ങളായി കരുതപ്പെട്ട പലരും അന്ന് നെവൽ ടീമിലുണ്ടായിരുന്നു. എങ്കിലും നെവലിൽ കരിയർ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് പലതവണ മെസ്സി പറഞ്ഞിട്ടുണ്ട്. 
ആരാധകർക്ക് റൊസാരിയോയിലെ കുട്ടികളുടെ മത്സരവും ആപ്പിൽ വീക്ഷിക്കാം. നെവലും ബദ്ധവൈരികളായ റൊസാരിയൊ സെൻട്രലും തമ്മിലുള്ള മത്സരത്തിൽ ഓടിക്കളിക്കുന്ന കുട്ടികളിലാരെങ്കിലും ഭാവിയിൽ ഒരു മെസ്സി ആവുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാർ.   


മെസ്സി ടൂർ സന്ദർശിക്കാനുള്ള വെബ്‌സൈറ്റ്: https://rosario.tur.ar/web/circuitos_ptc_int.php?id=70

Latest News