ഗുവാഹത്തി- രാജ്യമെമ്പാടും പൗരത്വ പ്രക്ഷോഭം തുടരുമ്പോള്‍ ബിജെപിയേയും ആര്‍എസ്എസിനേയും നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അസമില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പ്രസംഗിക്കവെയാണ് ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. അസമിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും സംസ്‌ക്കാരത്തേയും കടന്നാക്രമിക്കാന്‍ ഞങ്ങള്‍ ബിജെപിയെയോ ആര്‍ എസ് എസിനെയോ അനുവദിക്കില്ല. അസമിനെ ഭരിക്കേണ്ടത് നാഗ്പൂരില്‍ നിന്നല്ല, ആര്‍എസ്എസിന്റെ ഷഡ്ഡിവാലകളെ അസം ഭരിക്കാന്‍ അനുവദിക്കില്ല. അസമിലെ ജനതയ്ക്ക് മാത്രമേ സംസ്ഥാനത്തെ ഭരിക്കാന്‍ സാധിക്കൂ- രാഹുല്‍ ആഞ്ഞടിച്ചു. ബിജെപി എല്ലായിടത്തും വെറുപ്പ് പ്രചരിപ്പിക്കുന്നു. ജനങ്ങളുടെ ശബ്ദം കേള്‍ക്കാര്‍ ബിജെപിക്ക് താല്‍പര്യമില്ല- രാഹുല്‍ പറഞ്ഞു.
ബിജെപി കാരണം അസം വീണ്ടും സംഘര്‍ഷത്തിലേക്കു നീങ്ങുന്നതായി ആശങ്കയുണ്ട്. വടക്കു കിഴക്കന്‍ മേഖലയുടെയോ അസമിന്റേയോ സ്വത്വത്തെയും സംസ്‌ക്കാരത്തേയും ആക്രമിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു. അസം ഉടമ്പടി അസമിലെ സമാധാനത്തിന്റെ അടിത്തറയാണ്. അതു തകര്‍ക്കരുത്. ഇത് എല്ലാവരും ചേര്‍ന്ന് എഴുതിയ ഉടമ്പടിയാണത്- രാഹുല്‍ പറഞ്ഞു. വെറുപ്പു കൊണ്ടും സംഘര്‍ഷം കൊണ്ടും അസമിന് ഒരിക്കലും പുരോഗതിയുണ്ടാവില്ല. സംസ്ഥാനത്തിന്റെ ഭാഷയേയും സംസ്‌ക്കാരത്തേയും സ്വത്വത്തേയും ആക്രമിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാക്കള്‍ക്ക് എല്ലാവരും ഒന്നു പറഞ്ഞുകൊടുക്കണം- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അസമിലെ പ്രതിഷേധങ്ങളെ ബിജെപി കൈകാര്യം ചെയ്ത രീതി തെറ്റാണ്. തങ്ങള്‍ക്ക് പറയാനുള്ളത് വിളിച്ചു പറയാന്‍ സമാധാനപരമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയാല്‍ ്അവര്‍ക്കെതിരെ വെടിവെക്കുകയും അതിക്രമം കാട്ടുകയും ചെയ്യേണ്ടതില്ല. ജനങ്ങളെ വളരെ സ്‌നേഹത്തോടെ കേള്‍ക്കാനാണ് തയാറാകേണ്ടത്- രാഹുല്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 17കാരന്‍ സാം സ്റ്റഫോഡിന്റെ ബന്ധുക്കളേയും രാഹുല്‍ സന്ദര്‍ശിച്ചു.