തിരുവനന്തപുരം- ഈ നാടിന്റെ രാഷ്ട്രീയം ഞങ്ങൾ നോക്കിക്കൊള്ളാമെന്നും സൈനിക മേധാവി സൈന്യത്തിന്റെ കാര്യം നോക്കിയാൽ മതിയെന്നും കോൺഗ്രസ് നേതാവും എം.പിയുമായ പി. ചിദംബരം. കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ തിരുവനന്തപുരത്ത് കെ.പി.സി.സി നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിദംബരം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരങ്ങളാണെന്ന കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കാണ് ചിദംബരം മറുപടി നൽകിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിലുള്ളത് മുസ്ലിംകൾ മാത്രമല്ലെന്നും ചിദംബരം അഭിപ്രായപ്പെട്ടു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പി ഭരണഘടനയെ പൊളിച്ചെഴുതുമായിരുന്നുവെന്നും അതിനു കഴിയാത്തതു കൊണ്ടാണ് ബി.ജെ.പി പിൻവാതിലിലൂടെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വനിയമം പൂർണമായും തെറ്റും അപ്രായോഗികവുമാണ്. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തെ സുപ്രീം കോടതി റദ്ദാക്കുമെന്ന് ഉറപ്പുണ്ടെന്നും ചിദംബരം പറഞ്ഞു.