ടുക്ക്‌ഡെടുക്ക്‌ഡെ ഗ്യാങ്ങില്‍  2 പേര്‍, ഇരുവരും ബിജെപിയില്‍ -യശ്വന്ത് സിന്‍ഹ

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബിജെപി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം നടത്തുന്നത് ടുക്ക്‌ഡെടുക്ക്‌ഡെ ഗ്യാങ്ങുകളാണെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിന്‍ഹ.
ടുക്ക്‌ഡെടുക്ക്‌ഡെ ഗ്യാങ്ങില്‍ 2 പേരുണ്ട്, ദുര്യോധനും ദുശാസനനും, ഇരുവരും ബിജെപിയിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ  പരിഹാസം.
'ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ ടുക്ക്‌ഡെടുക്ക്‌ഡെ ഗ്യാങ്ങില്‍ രണ്ട് പേര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ, അത് ദുര്യോധനനും ദുശ്ശാസനനുമാണ്, ബിജെപിയില്‍ നിന്നുള്ള ഇരുവരേയും സൂക്ഷിക്കണം, സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു.  ദല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ് അദേഹം കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണമുന്നയിച്ചത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്. രാജ്യത്തെ ഇത്തരം 'ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങിനെ' ഒരു പാഠം പഠിപ്പിക്കാന്‍ സമയമായി അമിത് ഷാ പറഞ്ഞു. (പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്ന ചെറു പാര്‍ട്ടികളേയും ആക്രമിക്കാന്‍ ബിജെപി ആവിഷ്‌കരിച്ച പ്രയോഗമാണ് 'ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങ്' എന്നത്). 

Latest News