Sorry, you need to enable JavaScript to visit this website.
Monday , August   10, 2020
Monday , August   10, 2020

ഈണങ്ങളുടെ മധുരം ചൊരിഞ്ഞ് മൻസൂർ ഇബ്രാഹിം


പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സ്വന്തം കഴിവുകളിലൂടെ സംഗീതാഭിരുചി വളർത്തിയെടുത്ത് പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ അനുഗൃഹീത ഗായകനാണ് മൻസൂർ ഇബ്രാഹിം. മെലഡിയോടാണ് ഇഷ്ടമെങ്കിലും ഏതു ഭാഷയിലെയും ഏതു ഗാനവും തനിക്കു വഴങ്ങുമെന്ന് തെളിയിക്കാനായതിലൂടെയാണ് മൻസൂറിന് സംഗീത രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിക്കാനായത്. ആലുവ യു.സി കോളേജുകാരനായ മുൻ പ്രവാസി ഇബ്രാഹിമും ഭാര്യ ആബിദയും മകനെ മതപഠനത്തിനയച്ച് മൗലവിയാക്കാനാണ് ആഗ്രഹിച്ചതെങ്കിലും മകനെത്തിപ്പെട്ടത് സംഗീത രംഗത്താണ്. അതുകൊണ്ടു തന്നെ വീട്ടിൽനിന്നുള്ള എതിർപ്പുകൾ ശക്തമായിരുന്നുവെങ്കിലും തന്റെ വഴി സംഗീതമാണെന്ന തിരിച്ചറിവ് മൻസൂറിനെ പാട്ടിന്റെ ലോകത്ത് എത്തിക്കുകയായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി നടന്നാൽ മകൻ വഴി തെറ്റിപ്പോയെങ്കിലോ എന്ന ആശങ്കയായിരുന്നു ഇബ്രാഹിമിനെ മകനെ സംഗീത രംഗത്തുനിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചതെങ്കിലും അത്തരമൊരു സാഹചര്യത്തിലേക്ക് പോയില്ലെന്നു മാത്രമല്ല, സംഗീതത്തെ കുടുംബത്തെ പിന്തുണക്കുന്ന ഉപജീവന മാർഗമാക്കി മാറ്റാൻ മൻസൂറിനായി എന്നതാണ് ഈ ഗായകനെ വ്യത്യസ്തനാക്കുന്നത്. ലാളിത്യവും നിറഞ്ഞ ചിരിയും കഠിനാധ്വാനവുമാണ് വമ്പൻമാരുടെ മത്സര വേദിയിലും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത മൻസൂറിനെ പിടിച്ചു നിൽക്കാൻ സഹായിച്ചത്. 


സംഗീതവുമായി ഒരു ബന്ധവുമില്ലാത്ത, മതകാര്യങ്ങളിൽ കൂടുതൽ ഊന്നൽ നൽകുന്ന കുടുംബത്തിലായിരുന്നു മൻസൂറിന്റെ ജനനം. സ്‌കൂൾ, മദ്രസ വിദ്യാഭ്യാസ കാലഘട്ടത്തിലെ മത്സരങ്ങളാണ് മൻസൂറിലെ സംഗീതാഭിരുചിയെ വളർത്തിയത്. മദ്രസയിൽനിന്നുമായിരുന്നു തുടക്കം. ഗാനം, ബാങ്കുവിളി തുടങ്ങിയ മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ച് 'പള്ളിപ്പട്ടം' കരസ്ഥമാക്കിയ മൻസൂർ സ്‌കൂളിലും അതാവർത്തിച്ചു. സ്‌കൂൾ തലത്തിൽ സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടി. ഇതോടെ തന്റെ വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞ് തന്റെ തൊഴിൽ മേഖലയയായി സംഗീതത്തെ തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിലേറെയായി പ്രൊഫഷണൽ ഗായകനായി കേരളത്തിലെ പ്രശസ്ത ഗായകരോടൊപ്പം മൻസൂർ വേദികളിലുണ്ട്. ഇന്ത്യക്കകത്തും പുറത്തും ഇതിനകം നൂറുകണക്കിനു വേദികളിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ മൻസൂറിന് അവസരം ലഭിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് സൗദിയിലുമെത്തിയത്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഫ്രാങ്കോയൊടൊപ്പം ജസാക് ജിദ്ദ സംഘടിപ്പിച്ച അറേബ്യൻ വൈബ്‌സിൽ പങ്കെടുത്ത മൻസൂറിന് ജിദ്ദയിൽ തുടർന്നും പല വേദികളും ലഭിച്ചു. 


പ്ലസ് ടുവിന് പഠിക്കുമ്പോൾ ലളിതഗാനം, മാപ്പിളപ്പാട്ട്, മിമിക്രി മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ കാഴ്ച വെച്ച പ്രകടനമാണ് മൻസൂറിനെ പ്രൊഫഷണൽ ഗാനരംഗത്ത് എത്തിച്ചത്. ഒട്ടെറെ സ്റ്റേജ് പരിപാടികളൊരുക്കി കീർത്തികേട്ട അറഫാത്തിന്റെ കൊച്ചിൻ ഗോൾഡ് മിക്‌സിലായിരുന്നു തുടക്കം. 2001 ൽ ഇളയനില, മിന്നലെ സംവിധായകൻ അജിതിന്റെ സംവിധാനത്തിൽ കൈരളി ചാനൽ ദീർഘകാലം സംപ്രേഷണം ചെയ്ത യുവ ബാൻഡിൽ അംഗമായതോടെ സ്‌റ്റേജ് പരിപാടികളിൽ ശ്രദ്ധിക്കപ്പെടുന്ന ഗായകനായി മാറുകയായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക വൻ നഗരങ്ങളിലും യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും നൂറുകണക്കിനു വേദികളിൽ പാടാനുള്ള സൗഭാഗ്യം മൻസൂറിനുണ്ടായി. ഇപ്പോൾ സൗദിയിൽ കൂടി എത്താൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മൻസൂർ. യു.എ.ഇയിൽ മാത്രം നാൽപതു തവണ പരിപാടിക്കായി മൻസൂർ എത്തിയിട്ടുണ്ട്. കോട്ടയം നസീർ ഷോ, മനോജ് ഗിന്നസ്, ഹരിശ്രീ അശോകൻ, കലാഭവൻ മണി തുടങ്ങിയ ടീമുകളിലും പല തവണ അംഗമാവാനും കഴിഞ്ഞു. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം.ജി ശ്രീകുമാർ, ഫ്രാങ്കോ, അഫസ്‌സൽ, അൻവർ സാദത്ത്, എരഞ്ഞോളി മൂസ, കണ്ണൂർ ഷെരീഫ്, കണ്ണൂർ സീനത്ത് തുടങ്ങിയവരോടൊപ്പം വിദേശത്തുൾപ്പെടെ വേദി പങ്കിടാൻ കഴിഞ്ഞുവെന്നതും മൻസൂറിന്റെ വളർച്ചക്കു സഹായകമായി. 


മലയാളം, തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങളോടൊപ്പം മാപ്പിളപ്പാട്ടും മൻസൂറിന് നന്നായി വഴങ്ങുമെന്നതിനാൽ സ്റ്റേജ് പരിപാടികൾക്കു പുറമെ എണ്ണമറ്റ കല്യാണ വേദികളും മൻസൂറിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ നൂറിലേറെ ആൽബങ്ങളിലും അൻവർ അമൻ സംഗീത സംവിധാനം നിർവഹിച്ച ലോലൻസ് എന്ന സിനിമയിലും പാടാൻ അവസരം  ലഭിച്ചു. നീലാംബരി എന്ന പേരിൽ സ്വന്തമായി ഒരു ആൽബവും നിർമിച്ചു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളും സ്റ്റേജ് പരിപാടികളും പരമാവധി വിനിയോഗിച്ച് തന്റെ സംഗീത സപര്യ മൻസൂർ തുടരുകയാണ്. എല്ലാ കാലവും ഈ രംഗത്തു പിടിച്ചു നിൽക്കുക പ്രയാസമാണെങ്കിലും എല്ലാവരാലും എന്നും അറിയപ്പെടുന്ന ഒരു ഗായകനാവണമെന്നതാണ് മൻസൂറിന്റെ മോഹം. വീട്ടിൽനിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും സുഹൃത്തുക്കളായ ജിദ്ദയിലെ പ്രശസ്ത ഗായകൻ മുഹമ്മദ് ഷാ ആലുവ ഉൾപ്പെടെയുള്ള ഒട്ടേറെ പേരുടെ പ്രോത്സാഹനമാണ് സംഗീത രംഗത്ത് ഇതുവരെ പിടിച്ചു നിൽക്കാൻ പ്രേരണയായതെന്നും അവരോടെല്ലാം ഏറെ കടപ്പാടുണ്ടെന്നും മൻസൂർ പറഞ്ഞു. ഭാര്യ ജഹനയും ഏക മകൾ ഫെല്ല ഫാത്തിമയും സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നതും മൻസൂറിന് ആശ്വാസം പകരുന്ന ഘടകമാണ്. സൗദിയിലെ സന്ദർശനം വഴി മക്കയും മദീനയും സന്ദർശിച്ച് ഉംറ നിർവഹിക്കാനായതിലും ഒട്ടേറെ സൗഹൃദം ഉണ്ടാക്കാൻ കഴിഞ്ഞതിലും മൻസൂർ ഏറെ സന്തുഷ്ടനാണ്.