Tuesday , February   25, 2020
Tuesday , February   25, 2020

മുഹ്‌സിൻ കാളികാവിന്റെ  തിയേറ്റർ പരീക്ഷണങ്ങൾ

മുഹ്‌സിൻ കാളികാവ്‌
ബഷീർ കഥാപാത്രങ്ങളെ ആധാരമാക്കി രചിച്ച നാടകരംഗങ്ങൾ
ബഷീർ കഥാപാത്രങ്ങളെ ആധാരമാക്കി രചിച്ച നാടകരംഗങ്ങൾ
ബഷീർ കഥാപാത്രങ്ങളെ ആധാരമാക്കി രചിച്ച നാടകരംഗങ്ങൾ
ബഷീർ കഥാപാത്രങ്ങളെ ആധാരമാക്കി രചിച്ച നാടകരംഗങ്ങൾ
മുഹ്‌സിനും കുടുംബവും
മുഹ്‌സിൻ കാളികാവ്‌

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആധാരമാക്കി ഇന്നലെകൾ എന്ന ശീർഷകത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ കേരളോൽസവത്തോടനുബന്ധിച്ച് അരങ്ങേറിയ നാടകശിൽപം നൂറുകണക്കിന് ആസ്വാദകരിൽ വിസ്മയം സൃഷ്ടിക്കുകയുണ്ടായി. 
പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കെ.എം.സി.സിയുടെ സാംസ്‌കാരിക വേദിക്കു വേണ്ടി മുഹ്‌സിൻ കാളികാവ് സംവിധാനം ചെയ്ത അതീവ ഹൃദ്യമായ ഈ നാടകത്തിന്റെ അരങ്ങും അണിയറയും ബഷീർ കഥാപാത്രങ്ങളെ മിഴിവുറ്റതാക്കി. ഏകദേശം മുപ്പത്തഞ്ചോളം ബഷീർ കഥാപാത്രങ്ങളെ ഇരുപത്തഞ്ചോളം അഭിനേതാക്കളിലൂടെ മുപ്പതു മിനിറ്റിന്റെ കൈയടക്കത്തിൽ, അതും യഥാതഥ നാടകങ്ങളുടെ പതിവു ശീലുകൾ വിട്ട് തീർത്തും വ്യതിരിക്തമായി അരങ്ങിലെത്തിച്ച സംവിധാന പ്രതിഭയാണ് ജിദ്ദയിലെ പ്രവാസിയായ മുഹ്‌സിൻ കാളികാവ്.
കാലത്തോടു നീതി പുലർത്തി കാലിക പ്രസക്തമായ സന്ദേശം നൽകിയ നാടകമായിരുന്നു ഇന്നലെകൾ. പ്രകൃതിയിലെ കുളിർമ നൽകുന്ന സുഗന്ധവും ഹൃദയ ഹാരിയായ സംഗീതവും ചേതോഹര വർണങ്ങളും അതിന്റെ തന്മയത്വത്തോടെ അരങ്ങിൽ എത്തിക്കാൻ, സിദ്ധിയുള്ള  സംവിധായകർക്ക് കഴിയും. അപ്പോഴാണ് അരങ്ങിനൊപ്പം ശ്രോതാക്കളും ബോധ്യത്തോടെ താളവും ചിന്തയും ചിരിയും ദുഃഖവും ആമോദവും ഉതിർക്കുന്നത്. ഈ സവിശേഷ ആസ്വാദ്യ തലമാണ് കലകളിൽ പ്രത്യേകിച്ചും നാടകം, സിനിമ തുടങ്ങിയ സംവദിക്കുന്ന കലകൾ ജനകീയവും അനുഭവ വേദ്യവുമാക്കുന്നത്. 
ഇന്നലെകൾ സംവിധാനം ചെയ്ത മുഹ്‌സിൻ കാളികാവിന്റെ നാടകത്തിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിക്കാൻ ഈ ലേഖകനും അവസരം കിട്ടി. മുഹ്‌സിന്റെ നാടക വഴികളിലൂടെ:

 

നാടക കലയെപ്പറ്റി  മുഹ്‌സിന്റെ പക്ഷം:  
കല കലക്കു വേണ്ടിയുള്ളതല്ല. അത് സാമൂഹിക പുരോഗതിക്കു വേണ്ടിയുള്ളതാണ്. അവതരണങ്ങൾ ക്കൊപ്പം പ്രേക്ഷകനുമായി സംവദിക്കുമ്പോഴാണ് നാടകം മഹത്തായ കലാസൃഷ്ടിയാകുന്നത്.
ഏറിയാൽ നൂറ്റമ്പതു വർഷമേയുള്ളൂ മലയാള നാടകത്തിന്റെ ആരംഭത്തിനെന്ന് തോന്നുന്നു. 1866 ൽ ഷേക്‌സ്പിയർ കൃതിയിൽ നിന്ന് പരിഭാഷപ്പെടുത്തിയ ആൾമാറാട്ടമാണ് ആദ്യ മലയാള നാടകമെന്നു കരുതുന്നു. അതിനു ശേഷം വന്നത് 1882 ൽ കേരള വർമ വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ വിവർത്തനവും. അതിനു മുമ്പ് നാടകമെന്ന് പറയാവുന്ന കലാരൂപം കേരളത്തിലുണ്ടായിരുന്നത് തമിഴ് ശൈലിയിലുള്ള സംഗീത നൃത്ത നാടകങ്ങളായിരുന്നു.
ജീവിതത്തെ അതിന്റെ ചൂടിലും ചൂരിലും നല്ല സമൂഹത്തിനായി സങ്കേതങ്ങളിലൂടെ അരങ്ങിലെത്തിക്കുമ്പോൾ അഭിനേതാക്കൾ  കഥാപാത്രങ്ങളെ ഉൾക്കൊണ്ട് നടനമാടണം അഥവാ അരങ്ങിൽ അവർ ജീവനുള്ള കഥാപാത്രമായി മാറണം. അങ്ങനെ കഥാപാത്രത്തെ ഉൾക്കൊള്ളുന്നത്തിലൂടെ കരഗതമാവുന്ന നാടകത്തിന്റെ  വ്യക്തിത്വ വികാസം സമൂഹത്തിലേക്കാണ് പ്രസരിപ്പിക്കുന്നത്.
അത് അദ്ദേഹം ഓപൺ തിയേറ്ററിലൂടെയും തിയേറ്റർ ഗെയിംസിലൂടെയും പെഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ടൂൾ ആയ  മോട്ടിവേറ്റിംഗ് രീതിയിലുടെയമാണ് സാധ്യമാക്കുന്നത്. അതിന് അടിവരയിട്ടു സാക്ഷ്യം കേൾക്കാൻ അദ്ദേഹം സംവിധാനം ചെയ്ത വിവിധ നാടകങ്ങളായ നവോദക്ക് വേണ്ടി ഒരുക്കിയ  വേനൽ തുമ്പികൾ, രക്തസാക്ഷി, തിരുവിതാംകൂർ സ്വദേശി സംഗമത്തിനു വേണ്ടി ഒരുക്കിയ ഓഷ്‌വിറ്റ്‌സ്, ആലുവാ കൂട്ടായ്മക്ക് വേണ്ടി ഒരുക്കിയ ഒഴുക്ക്, കെ.എം.സി.സി കലാ സാംസ്‌കാരിക സമിതിക്കു വേണ്ടി ഒരുക്കിയ ഇന്നലെകൾ എന്നീ നാടകങ്ങളിലെ അഭിനേതാക്കൾക്ക് ഈ സംവിധായകനെക്കുറിച്ച് ഏറെ പറയാനുണ്ട്.


മുഹ്‌സിൻ സംവിധാനം ചെയ്യുന്ന നാടകങ്ങളിൽ കുടുംബ സഹിതം അഭിനേതാക്കളായോ  കലാ പ്രവർത്തകരായോ ഭാഗഭാക്കാകുന്നതിന്റെ പ്രതിപത്തി തങ്ങൾക്കും അവരുടെ കുട്ടികൾക്കും ലഭ്യമാകാവുന്ന വ്യക്തിത്വ വികാസത്തിന്റെ സാധ്യത മനസ്സിലായതിനാലാണ്.
തൃശൂർ  കൂട്ടായ്മ, മൈത്രി ജിദ്ദ, നവോദയ, മുസ്‌രിസ്, കെ.എം.സി.സി കലാ സാംസ്‌കാരിക വേദി തുടങ്ങിയ നിരവധി സംഘടനകളും കൂട്ടായ്മകളും  മുഹ്‌സിന്റെ വൈഭവം തരിച്ചറിഞ്ഞവരാണ്.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള നാടക ക്യാമ്പിലൂടെ സ്റ്റേജ് ഫിയർ അഥവാ അരങ്ങിലെ ഭയമൊഴിവാക്കി, വ്യക്തിത്വ നിർണയവും വികാസവും ഉൾച്ചേർത്ത് പ്രതിബദ്ധതയും വിളക്കിച്ചേർത്താണ് നടീനടന്മാരെ അരങ്ങിലെത്തിക്കുന്നത്.
ഉത്തമ കല സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഉൾപ്രേരകങ്ങളാണെന്ന് ഈ നാടക പ്രതിഭക്കറിയാം. ഈ സൂക്ഷ്മതയിലാണ് കാണികളിൽ നിന്നുള്ള അനുഭവ വേദ്യതയെ മുൻകൂട്ടി കാണാനുള്ള സംവിധായകന്റെ കലാചാരുത. അതാണ് മുഹ്‌സിന്റെ നാടകങ്ങളുടെ  വിജയത്തിന്റെ റെസീപ്പി. നല്ല നാടകങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങളും അതിനുള്ള കഥയും കഥാപാത്രങ്ങളും അഭിനേതാക്കളേയും അവരുടെ വ്യക്തിത്വ വികാസങ്ങളും സംജാതമാക്കാൻ നിരവധി പദ്ധതികളുമായി മുന്നേറുകയാണ് ഈ സർഗ പ്രതിഭ. തന്റെ നാടക പ്രവർത്തനങ്ങളിൽ അസിസ്റ്റന്റ് സംവിധായകനായി നജീബ് കോതമംഗലം, ഉണ്ണി തെക്കേടത്ത്, യൂസഫ് കോട്ട, ബഷീർ പരുത്തിക്കുന്നൻ, ഉമ്മർ പുല്ലങ്കോട്,  ആർട്ട് ഡയറക്ടറായി സന്തോഷ് കൃഷ്ണയുമുൾപ്പടെ നിരവധി പേർ കലാപ്രവർത്തനത്തിൽ പിന്തുണയുമായി മുഹ്‌സിനോടൊപ്പമുണ്ട്.

 

അരങ്ങിലെ വിസ്മയങ്ങൾ 
നാട്യശാസ്ത്ര പഠനം സ്വന്തം വീട്ടിൽ നിന്നു തന്നെ ആരംഭിക്കുന്നു. സ്വന്തം വീട്ടിൽ നിന്നു ലഭിച്ച പ്രേരണയും പ്രോത്സാഹനവും തന്റെ നാടകാഭിരുചി വളർത്തി. മാതാപിതാക്കളോടൊപ്പം കലാസ്വാദകരായ സഹോദരങ്ങളും തനിക്ക് നാടകത്തോടുള്ള അഭിരുചി വളർത്തി. വീട് സ്ഥിതി ചെയ്തിരുന്നത് മലയടി വാരത്തിന്റെയും പാടത്തിന്റെയും അടുത്തായതിനാൽ കൊയ്ത്തു കഴിയുന്ന നാളുകളിൽ ചാണകമെഴുതിയ മുറ്റത്ത് സഹപാഠികൾക്കൊപ്പം നാടകം കളിച്ചു വളർന്ന ബാല്യം. വീട്ടുമുറ്റത്ത് നാടക ക്യാമ്പ് സംഘടിപ്പിച്ച്   സ്‌കൂൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ കളിക്കാനുള്ള നാടകം തയാറാക്കി അഭിനയിച്ച് അരങ്ങത്തെത്തിക്കുവാൻ പ്രോത്സാഹനങ്ങളുമായി  സഹോദരങ്ങളും സഹപാഠികളും ഒപ്പം നിന്നു. നാട്ടുകാരിൽ നിന്ന് തന്റെ നാടക പ്രവർത്തനങ്ങൾക്കും  സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും പിന്തുണ നേടിയ നല്ല അനുഭവമേ തനിക്ക് ലഭിച്ചിട്ടുള്ളത് എന്ന് മുഹ്‌സിൻ സാക്ഷ്യപ്പെടുത്തുന്നു. നിലമ്പൂരും കാളികാവും നിരവധി കലാപ്രവർത്തകരുടെ പ്രഭവ കേന്ദ്രമായിരുന്നതും പുരോഗമനാശയക്കാരായ ഉൽപതിഷ്ണുക്കളുടെ സാമൂഹ്യ ബോധവും ഉള്ള നിരവധി ആളുകൾ തന്റെ ബാല്യം മുതലേ ജന്മനാട്ടിൽ ഉണ്ടായിരുന്നതുകൊണ്ടും എന്നും തനിക്ക് പ്രോത്സാഹനം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് മുഹ്‌സിൻ അഭിമാനപൂർവം ജന്മനാടിന്റെ നന്മയെ ഉയർത്തിക്കാട്ടുന്നു.
കൃഷിക്കാരനായ പിതാവിന്റെയും വീട്ടമ്മയായ മാതാവിന്റെയും സഹോദരങ്ങളുടെയും പിന്തുണ ലഭിച്ച ബാല്യമാണ് കലാപ്രവർത്തനങ്ങൾക്ക് കരുത്ത് നൽകിയത്.  തന്റെ മേഖല നാടക രംഗത്തും അതിനോടനുബന്ധിച്ചുള്ള കലാരംഗത്തും എത്തിച്ചേരുന്നതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് പിതാവിനോടും കുടുംബാംഗങ്ങളോടും നാട്ടുകാരോടും  സുഹൃത്തക്കളോടുമാണെന്ന് മുഹ്‌സിൻ പറയുന്നു.
അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ജ്യേഷ്ഠൻ തന്റെ സഹപാഠികളെ ഉൾപ്പെടുത്തി ഒരു നാടകമവതരിപ്പിച്ചു. ആ നാടകത്തിൽ ചാൻസ് ലഭിക്കാത്തതിനാൽ വേറൊരു നാടകം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സംവിധാനം ചെയ്തു. തന്റെ സഹപാഠികളെ ഉൾപ്പെടുത്തി ചെയ്ത നാടകത്തിന് രണ്ടാം സ്ഥാനവും ഏറ്റവും നല്ല നടനുള്ള സ്ഥാനവും സമ്മാനവും ലഭിച്ചു. അവിടുന്നിങ്ങോട്ട് സംവിധാനത്തിൽ മാത്രമായി ലക്ഷ്യം. നിരവധി മോണോആക്ടും നാടകങ്ങളും മാത്രം സംവിധാനം ചെയ്തു.


പത്താം ക്ലാസ് കഴിഞ്ഞതോടു കൂടി പ്രാദേശിക ക്ലബ്ബുകൾക്കും സംഘടനകൾക്കും വേണ്ടി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയുണ്ടായി.
തന്റെ പത്തൊൻപതാം വയസ്സിൽ തന്നെ ആദ്യമായി തിരുവനന്തപുരത്ത് നടന്ന സാക്ഷരതാ മിഷൻ  സംസ്ഥാന കലാജാഥയുടെ പരിശീലനത്തിനായി തെരഞ്ഞെടുത്തു. ആ ക്യാമ്പ് നയിച്ചത് കാവാലം നാരായണ പണിക്കർ, പ്രശാന്ത് നാരായൺ എന്നീ പ്രതിഭകളായിരുന്നു. കോട്ടക്കൽ മുരളി, അരിയല്ലൂർ സുബ്രഹ്മണ്യം എന്നിവർക്കൊപ്പം മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു. പിന്നീട് 2002 ൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ശിശുക്ഷേമ സമിതിയിൽ വെച്ച് നടന്ന ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പിൽ വെച്ചാണ് കുട്ടികളുടെ നാടകവുമായി കൂടുതൽ അടുക്കുന്നത്. ആലുംതറ ജി. കൃഷ്ണപിള്ളയായിരുന്നു ക്യാമ്പ് ഡയറക്ടർ. ആ ക്യാമ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ പ്രസിദ്ധരായ പല നാടക പ്രവർത്തകരുമായി സംവദിക്കാൻ അവസരം ലഭിച്ചത് മുഹ്‌സിന്റെ നാടക സങ്കൽപങ്ങളെ തന്നെ മാറ്റിമറിക്കുകയിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ തിയേറ്ററായ  ബാലസംഘം വേനൽത്തുമ്പികളിലാണ് പിന്നീട് പ്രവർത്തിച്ചത്. തന്റെ ഇരുപതാമത്തെ വയസ്സിൽ കാസർകോട്
ക്യാമ്പ് മുതൽ നിരവധി ക്യാമ്പുകളിൽ സംസ്ഥാന പരിശീലകനായി. പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രകൃതി സംരക്ഷണം  തുടങ്ങിയ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായി.
പിന്നീട് കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ യൂനിവേഴ്‌സിറ്റി ബിരുദത്തിനായി പ്രൈവറ്റായി പഠിക്കുന്ന കുട്ടികളുടെ നിർബന്ധിത സാമൂഹ്യ സേവന പ്രോജക്ടിന്റെ കോ ഓർഡിനേറ്ററായി. ആ പ്രോഗ്രാമിലേക്ക് കുട്ടികൾക്ക് നാടക പരിശീലനത്തിലൂടെയുള്ള ബോധവത്കരണം നൽകി. കാളികാവ് സ്‌കൂളധ്യാപകനായ ബാബു കെ.ഫ്രാൻസിസിനൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെയും ഭിന്നശേഷിയുള്ള കുട്ടികൾക്കായും അവരെ മുൻനിരയിലെത്തിക്കുന്നതിനുള്ള  കുട്ടികളുടെ തിയേറ്റർ സംസ്ഥാനത്തു ആദ്യമായി   കാളികാവ് സ്‌കൂളിൽ ആരംഭിച്ചു. ബധിര, മൂകരായ കുട്ടികൾക്കും പഠന വൈകല്യമുള്ള കുട്ടികൾക്കും മാനസിക വൈകല്യമുള്ള കുട്ടികൾക്കും പരിശീലനം നൽകുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. സംസ്ഥാനത്തെ ഒട്ടേറെ സ്‌കൂളുകളിൽ അത്തരം പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.
കുട്ടികൾക്കു വേണ്ടി സിനിമാ സംവിധാനം, ഷൂട്ടിംഗ്, തിരക്കഥാ രചന, ക്യാമറ, എഡിറ്റിംഗ് പരിശീലനം എന്നിവ സ്‌കൂൾ കുട്ടികൾക്ക് നൽകി. ക്യാമറയിലുള്ള തന്റെ പ്രത്യേക വൈഭവമറിഞ്ഞ ഒരു സിനിമാ കമ്പനിയുടെ ക്ഷണമനുസരിച്ച് തായ്‌ലന്റിൽ വെച്ച് ഷൂട്ട് ചെയ്ത റാപ്പ് മ്യൂസിക്കിന്റെ  ക്യാമറാമാനായി. കൈരളി ചാനൽ ക്യാമറാമാനായ  ചന്ദ്രുവിന്റെയും സംവിധയകൻ ഹരി പടിഞ്ഞാറ്റും മുറിയുടെയും  നിർദേശപ്രകാരം  പ്രോഗ്രാം ഡയറക്ടറായും ക്യാമറാമാനായും പ്രവർത്തിച്ചു. പിന്നീടാണ് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും  തട്ടകം മാറ്റിയത്. അവിടെ വെച്ചാണ് രാജസേനൻ സംവിധാനം ചെയ്ത കൃഷ്ണ കൃപാസാഗരം സീരിയലിൽ അന്തരിച്ച പ്രശസ്ത സിനിമോട്ടോഗ്രഫർ വിപിൻ ദാസിന്റെ അസിസ്റ്റന്റ് ക്യാമറാമാനായി. പിന്നീട് പല ടി.വി സീരിയൽ പ്രോഗ്രാമുകളിലും അസോസിയേറ്റായി പ്രവർത്തിച്ചു.  


പിന്നീട് ഹരി പടിഞ്ഞാറ്റുംമുറി സംവിധാനം ചെയ്ത ഒരു സ്വപ്‌നം പോലെ എന്ന കുട്ടികളുടെ സിനിമക്ക് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് ക്യാമറാമാനായി കടന്നു വന്നത്. 
ചാലിയാറിന്റെ ഇതിഹാസം എന്ന ഡോക്യുമെന്ററിയുടെ ക്യാമറാമാനായും 'ഞങ്ങൾ അതിജീവിക്കും' എന്ന ഡോക്യുമെന്ററിയും ചെയ്തു. ഞങ്ങൾ അതിജീവിക്കും എന്ന ഡോക്യുമെന്ററിക്ക് 2006 ൽ ഏറ്റവും നല്ല ഡോക്യുമെന്ററിക്കും ക്യാമറക്കുമുള്ള സംസ്ഥാന അവാർഡും മുഹ്‌സിന് ലഭിച്ചു.

ഞാനൊരു കുപ്പിയിലെ മീനാണ്,
മഞ്ഞു തുള്ളി, കൂടുകൾ, നെഗറ്റീവ്, അബു, അസുവിന്റെ ലോകം, നിറക്കൂട്ടുകൾ കഥ പറയുന്നു,  അലാവുദ്ദീനും അൽ കുലുക്കു ഭൂതവും, മുള്ളുവേലികൾ തുടങ്ങി നിരവധി കുട്ടികളുടെ സിനിമക്ക് സംവിധാനവും ക്യാമറയും നിർവഹിച്ചു.
സുപ്രസിദ്ധ മതപണ്ഡിതനായ കെ.ടി. മാനു മുസ്‌ല്യാ രുടെ ജീവിതത്തെ അധികരിച്ച് ജീവൻ ടി.വി കാഫിലയിലൂടെ പ്രക്ഷേപണം ചെയ്ത ജീവിതത്തിന്റെ കൈയൊപ്പുകളുടെ ക്യാമറയും നിർവഹിച്ചു. 
2009 ൽ ചേളാരി സ്‌കൂളിനു വേണ്ടി ഹരി പടിഞ്ഞാറ്റുംമുറിയുടെ സംവിധാനത്തിൽ ക്യാമറ ചെയ്തിട്ടുള്ള നിറക്കൂട്ടുകൾ കഥ പറയുന്നു എന്ന കുട്ടികളുടെ സിനിമക്ക്  സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ചിൽഡ്രൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറക്കുള്ള അവാർഡു കിട്ടിയിട്ടുണ്ട്.
2009 ൽ പ്രവാസ ജീവിതം ആരംഭിച്ചു.ജിദ്ദയിലാണ്    പ്രവാസ ജീവിതം ആരംഭിക്കുന്നത്. പ്രവാസ ജീവിതത്തിനിടയിലെ ഒരു ചെറിയ ഇടവേളയിൽ നാട്ടിൽ കഴിയേണ്ടതായി വന്നു. ഇക്കാലത്ത് ജില്ലാ, സബ് ജില്ലാ,  സോൺ, ഇന്റർ സോൺ സ്‌കൂൾ കലോൽസവങ്ങളിൽ ജഡ്ജിയായി. കൂടാതെ ജൈവ പച്ചക്കറി രംഗത്തും പ്രവർത്തിച്ചു. ഒരു ചെറിയ ഇടവേളക്കു ശേഷം 2014 ഓടു കൂടി പ്രവാസ ജീവിതം പുനരാരംഭിച്ചുവെങ്കിലും 2017 ലാണ് സുനീർ മോങ്ങം, മധു താഴത്തുവളപ്പിൽ, കെ.കെ. സുരേഷ് , മുജീബ് പൂന്താനം  എന്നീ സുഹൃത്തുക്കളിലൂടെ ജിദ്ദയിലെ തന്റെ കലാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.


2014 മുതൽ പ്രമുഖ വാച്ച് വിപണന കമ്പനിയായ സൈറോസിൽ ക്രിയേറ്റീവ് ഫോട്ടോ സ്‌പെഷ്യലിസ്റ്റായി. കമ്പനിയുടെ ഉൽപന്നങ്ങളുടെ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായുള്ള ഫോട്ടോഗ്രഫി ചെയ്യുന്ന തൊഴിലിൽ തുടരുന്നു. തന്റെ കലാപരമായ സർഗവാസനയെ പരിപോഷിപ്പിക്കുന്നതിലും അതിന്റെ അവതരണങ്ങളിലും കമ്പനിയിലെ സഹപ്രവർത്തകരുടെ പ്രോത്സാഹനം വളരെ വലുതാണ്.പ്രവാസ ലോകത്ത് ചെയ്ത ശ്രദ്ധേയമായ നാടകങ്ങൾ ജിദ്ദ നവോദയക്കു വേണ്ടി വേനൽതുമ്പികൾ, രക്തസാക്ഷി സംഗീത ശിൽപം, ആലുവ കൂട്ടായ്മക്കു വേണ്ടി ഷാ ആലുവയുടെ രചനയായ ഒഴുക്കിന് സംവിധാനം നിർവഹിച്ചു. തോക്കാംപാറ എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൾ ഇവ ഈ കഴിഞ്ഞ മലപ്പുറം ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം മോണോ ആക്ടിൽ   ഇരുപത്തിയഞ്ചോളം മോണോആക്റ്റിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കലാരംഗത്തേക്കു ചുവടുവെക്കുന്നു.  റഫീഖ് മംഗലശ്ശേരി രചന നിർവഹിച്ച് അരുൺ ശിവൻ സംവിധാനം ചെയ്ത മമ്മാലി എന്ന ഇന്ത്യക്കാരൻ എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിലും  അഭിനയിച്ചിട്ടുണ്ട്.
കലാ പ്രവർത്തനങ്ങൾക്കെല്ലാം പ്രോത്സാഹനം നൽകി  തോളോടു തോൾ ചേർന്നു നിൽക്കുന്നത് സ്വന്തം കുടുംബം തന്നെ. ഭാര്യ അഫ്ര, മകൾ ഇവ, മകൻ ആദം ഇവരടങ്ങുന്നതാണ് കുടുംബം. തന്റെ പല നാടകങ്ങളുടെയും ഡോക്യുമെന്ററികളുടെയും അസോസിയേറ്റ് ഡയറക്ടറായിരുന്നതും  ഭാര്യയാണ്.

Latest News