തുര്‍ക്കിയില്‍ അട്ടിമറിക്കേസ് പ്രതികള്‍ക്ക് കോടതി യൂനിഫോം

അങ്കാറ- തുര്‍ക്കിയില്‍ ഭീകരര്‍ക്കും അട്ടിമറിക്കേസിലെ പ്രതികള്‍ക്കും കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രത്യേക യൂനിഫോം ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. കഴിഞ്ഞ മാസം പ്രതികളിലൊരാള്‍ ഹീറോ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് കോടതിയില്‍ ഹാജരായതിനെ തുടര്‍ന്നാണിത്.
2016 ല്‍ പരാജയപ്പെട്ട പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് ഗ്വാണ്ടനാമോയിലെ യു.എസ് ജയിലറയില്‍ തടവുകാര്‍ ധരിച്ചതുപോലുള്ള ജംപ്‌സ്യൂട്ടുകളാണ് നിര്‍ബന്ധമാക്കിയത്. ഇനിയാര്‍ക്കും അവര്‍ ഉദ്ദേശിച്ചതുപോലുള്ള വസ്ത്രം ധരിച്ച് കോടതിയില്‍ വരാനാകില്ലെന്ന് കിഴക്കന്‍ പട്ടണമായ മലത്യയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. അവരെ ലോകത്തിനു മുന്നില്‍ ഇങ്ങനെ പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016 ജൂലൈ 15 നു നടന്ന അട്ടമറിശ്രമവുമായി ബന്ധപ്പെട്ട് 50,000 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. മൂന്നാഴ്ച മുമ്പ് പ്രതികളിലൊരാള്‍ ടീ ഷര്‍ട്ട് ധരിച്ച് ഹാജരായത് കോടതിയില്‍ വിവാദം സൃഷ്ടിച്ചിരുന്നു. അല്‍പസമയത്തേക്ക് ജഡ്ജി കോടതി നടപടികള്‍ നിര്‍ത്തിവെക്കുകയുമുണ്ടായി.

Latest News