കൊച്ചി- ചന്ദ്രന് സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന് പൂര്‍ണമായും മറയുന്ന അപൂര്‍വ പ്രതിഭാസത്തിന് കേരളം സാക്ഷിയായി. കേരളത്തില്‍ നൂറ്റാണ്ടിനിടെ രണ്ടാം തവണയാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. കാസര്‍കോട്ടെ ചെറുവത്തൂരിലാണ് ആദ്യം ദൃശ്യമായത്. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായപ്പോള്‍ മറ്റു ജില്ലകളില്‍ ഭാഗികമായാണ് ദൃശ്യമായത്. കേരളത്തിലൂടനീളം ശാസ്ത്ര കുതുകികളും ശാസ്ത്ര സംഘടനകളും അപൂര് ആകാശ വിസ്മയം കാണാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. രാവിലെ എട്ടു മണിയോടെ ആരംഭിച്ച ഗ്രഹണം 11.15 വരെ നീണ്ടു. ഒമ്പതരയോടെയാണ് വലയ സൂര്യഗ്രണം പാരമ്യത്തിലെത്തിയത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയ സൂര്യഗ്രഹണം പൂര്‍ണമായി ദൃശ്യമായി. മലപ്പുറം ജില്ലയുടെ ഏതാനും ഭാഗങ്ങളിലും കാഴ്ച ലഭിച്ചു. മറ്റു ജില്ലകളില്‍ ഒരു ചന്ദ്രക്കല പോലെയാണ് സൂര്യന് ഗ്രഹണ സമയത്ത് ദൃശ്യമായത്. കേരളത്തില്‍ എല്ലായിടത്തും സൂര്യന് 93 ശതമാനം വരെ മറയും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തൊനേഷ്യ, സിംഗപൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നു പോകുന്നത്. അടുത്ത വലയ സൂര്യഗ്രഹണം 2031 മേയ് 21ന് ആയിരിക്കും.






