ചെന്നൈ- പെരിയാര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രത്യയശാസ്ത്രജ്ഞനായ ഇ വി രാമസ്വാമിയെ അപമാനിച്ച ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം. പെരിയാറിന്റെ 46ാം ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ട്വീറ്റാണ് വിവാദത്തിന് കാരണമായത്. പെരിയാറിന്റെ ഭാര്യ മണിയമ്മക്കൊപ്പമുള്ള വിവാഹ ഫോട്ടോ ട്വീറ്റില്‍ പങ്കുവെച്ചിരിക്കുന്നു. ഇന്ന് മണിയമ്മയുടെ പിതാവ് പെരിയാറിന്റെ ചരമ വാര്‍ഷികമാണ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആളുകള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ പിന്തുണയ്ക്കുകയും പോക്‌സോ കേസുകള്‍ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന് ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഈ ട്വീറ്റാണ് പ്രതിഷേധത്തിന് കാരണമായത്. പെരിയാറിന് 69 വയസ്സുള്ളപ്പോഴാണ് 31കാരിയായ മണിയമ്മയെ വിവാഹം ചെയ്യുന്നത്. പാര്‍ട്ടിയുടെ ഐടി വിഭാഗം ഫോട്ടോയും കുറിപ്പും റീട്വീറ്റ് ചെയ്‌തെങ്കിലും ഈ പോസ്റ്റ് ഇരുവരും പിന്നീട് ഡിലീറ്റ് ചെയ്തു.
ബിജെപിയുടെ സഖ്യകക്ഷികളായ എഐഎഡിഎംകെ, പിഎംകെ എന്നിവരുള്‍പ്പെടെ പലരും ട്വീറ്റിനെ അപലപിക്കുകയും പാര്‍ട്ടിയെ വിമര്‍ശിക്കുകയും ചെയ്തു. സ്ത്രീകളുടെ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് പെരിയാര്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ബിജെപിക്ക് ഒന്നും അറിയില്ലെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. പെരിയാറിനെക്കുറിച്ച് അപകീര്‍ത്തികരമായ ഒരു പോസ്റ്റ് ഇടുന്നതിനുമുമ്പ് ബിജെപിക്ക് ഒന്നു കൂടി ആലോചിക്കണമായിരുന്നുവെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു