'അതേയ് ഈ ലില്ലി മാഡം മാരീഡാണോ?' സ്‌നേഹിക്കുന്ന പുരുഷനെ കൈവിട്ടുപോകുമോ എന്ന ഭയം കൊണ്ടാണ് ശ്രീജ അങ്ങനെ ചോദിച്ചത്. പരസ്പരം പറഞ്ഞിട്ടില്ലെങ്കിലും മനുവിനെ ശ്രീജ അത്രയ്ക്കു സ്‌നേഹിക്കുന്നുണ്ടായിരുന്നു.
ഓർമയുണ്ടോ ഈ മുഖം എന്ന ചിത്രത്തിനു ശേഷം അൻവർ സാദിഖ് സംവിധാനം ചെയ്യുന്ന മനോഹരം പാലക്കാട് ചിറ്റിലഞ്ചേരിയിലെ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ്. കൂട്ടത്തിൽ പരാജയങ്ങൾ ഏറെ നേരിടേണ്ടിവന്ന ഒരു ചിത്രകാരന്റെ ജീവിതവും ഇഴ പിരിയുന്നു. വിവാഹത്തലേന്ന് പ്രതിശ്രുതവധു കാമുകനോടൊപ്പം ഒളിച്ചോടിയതു പോലും മനുവിനോടൊപ്പമുള്ള ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാകും എന്ന തോന്നലിലാണ്.
അച്ഛന്റെ പാത പിന്തുടർന്ന് ബോർഡുകൾ വരച്ച് ജീവിച്ചിരുന്ന മനുവിന് ചിത്രകലാരംഗത്തും സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ ഫ്‌ളക്‌സ് പ്രിന്റിംഗിലേയ്ക്ക് കടക്കേണ്ടിവരുന്നു. അതിനായി ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാനെത്തിയപ്പോഴായിരുന്നു ശ്രീജയെ പരിചയപ്പെട്ടത്. ചിത്രരചനയിൽ കഴിവു തെളിയിച്ച മനു കാര്യങ്ങൾ വളരെ വേഗം പഠിച്ചെടുത്തു. ബന്ധുവും എതിരാളിയുമായ രാഹുൽ അവിടെയും അവനു മുന്നിൽ വില്ലനായി വന്നു. അമ്മയുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ പ്രിന്റിംഗ് യൂനിറ്റ് തുടങ്ങിയെങ്കിലും അവിടെയും വിധി അവന് എതിരായിരുന്നു. സാങ്കേതിക തകരാറു കാരണം കൃത്യസമയത്ത് ബോർഡുകൾ നൽകാനാവാതെ വന്നപ്പോൾ അമ്മാവൻ തന്റെ കടയിൽനിന്നും മനുവിനെ പുറത്താക്കുകയും രാഹുലിന് നൽകുകയും ചെയ്തു. രാഹുൽ പുതിയ യൂനിറ്റ് തുടങ്ങിയതോടെ മനുവിന് തന്റെ പ്രിന്റിംഗ് മെഷിൻ സ്വന്തം വീട്ടുമുറ്റത്തേക്കു മാറ്റേണ്ടിവന്നു.
നല്ലൊരു ഡിസൈനറുടെ അഭാവം യൂനിറ്റിനെ ബാധിക്കുമെന്നായപ്പോൾ അച്ഛനെക്കൊണ്ട് മനുവിനെ തന്റെ സ്ഥാപനത്തിലെ ഡിസൈനറാക്കാനും രാഹുലിന് കഴിഞ്ഞു. ഇതിനിടയിൽ ഒരു ദിവസം വൈദ്യുത തകരാറിനാൽ മെഷിൻ പണിമുടക്കിയതോടെ മനു ആ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു. കോയമ്പത്തൂരിലെ അലിബായിയുടെ സഹായത്തോടെ തന്റെ പ്രിന്റിംഗ് യൂനിറ്റ് ശരിയാക്കി കൃത്യസമയത്തു തന്നെ എല്ലാ ബോർഡുകളും പ്രിന്റ് ചെയ്തുകൊടുക്കുന്നു.
ബിസിനസ് തനിക്ക് വഴങ്ങില്ലെന്ന ബോധ്യത്തിൽ മനു തന്റെ യൂനിറ്റ് സന്തത സഹചാരിയായ പ്രഭുവിന് കൈമാറി ലീച്ചിംഗ് മൾട്ടിമീഡിയയിൽ കാരക്ടർ ഡിവിഷൻ ഹെഡായി ചുമതലയേൽക്കുന്നു. സ്‌കൂളിൽ തന്റെ കളിക്കൂട്ടുകാരിയായ ലില്ലിയാണ് ഇതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നത്.
ജീവിത യാഥാർത്ഥ്യങ്ങൾക്കും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന മനോഹരത്തിൽ ശ്രീജയായി അപർണ ദാസും മനുവായി വിനീത് ശ്രീനിവാസനുമെത്തുന്നു. സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസിൽ ചിത്രമായ ഞാൻ പ്രകാശനിലൂടെ സിനിമയിലെത്തിയ അപർണ മനോഹരത്തിലൂടെ നായികാ പദവിയിലെത്തി നിൽക്കുന്നു. തന്റെ സിനിമാ ജീവിതത്തിലെ മനോഹര നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഈ പാലക്കാട്ടുകാരി.
സിനിമാ പ്രവേശം?
ഞാൻ ചെയ്ത ടിക് ടോക് വീഡിയോകൾ കണ്ടാണ് സത്യൻ അന്തിക്കാട് സാറിന്റെ മകൻ അഖിൽ സിനിമയിലേയ്ക്ക് ക്ഷണിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഒഡീഷൻ വീഡിയോ അയച്ചുകൊടുത്തു. അങ്ങനെയാണ് ഞാൻ പ്രകാശനിൽ വേഷമിടുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ ഫഹദ്ക്കയോടൊപ്പമുള്ള കുറച്ചു രംഗങ്ങളിലായിരുന്നു ഞാൻ വേഷമിട്ടത്. അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് നാലു ദിവസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സത്യൻ അന്തിക്കാട് സാറിന്റെ നിർദേശാനുസരണം കുറച്ചു ദിവസം മുമ്പേ ലൊക്കേഷനിലെത്തിയിരുന്നു. സെറ്റിൽ എല്ലാവരുമായി ഇഴപഴകാൻ ഇത് സഹായിച്ചു.
മനോഹരത്തിലെത്തിയത്?
ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. ഇതു കണ്ടാണ് മനോഹരത്തിൽ ചെറിയൊരു വേഷത്തിനായി കാസ്റ്റ് ചെയ്തത്. ആ വേഷം ചെയ്യാനിരിക്കുമ്പോഴാണ് സംവിധായൻ അൻവർ സാദിഖ് ഒഡീഷന് ഒന്നുകൂടി വരാനാകുമോ എന്നു ചോദിക്കുന്നത്. ഒഡീഷനിൽ പങ്കെടുത്തു കഴിഞ്ഞപ്പോഴാണ് അറിയുന്നത് ചിത്രത്തിലെ നായികക്കു വേണ്ടിയാണെന്ന്. വളരെ അവിചാരിതമായി കിട്ടിയ ഒരു അവസരമായിരുന്നു അത്.
മനോഹരത്തിലെ ശ്രീജ?
നാട്ടിൻപുറത്തുകാരിയായ ഒരു പാവം പെൺകുട്ടിയാണ് ശ്രീജ. അച്ഛന്റെ മരണ ശേഷം അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബമാണ് ശ്രീജയുടേത്. ശ്രീജയുടെ കാശു കൊണ്ടാണ് അമ്മയുടെ ചികിത്സക്കും ജീവിക്കാനുമുള്ള വക കണ്ടെത്തുന്നത്. അവളുടെ ജീവിതത്തിലേക്ക് മനു എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മനോഹരത്തിന്റെ കഥ.
വിനീതിന്റെ പിന്തുണ?
മനുവായി എത്തിയ വിനീതേട്ടൻ നല്ല പിന്തുണയാണ് നൽകിയത്. ഗായകനെന്ന നിലയിൽ അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. വിനീതേട്ടന്റെ പാട്ടുകളുടെ ആരാധികയുമാണ്. എല്ലാ രീതിയിലും നമ്മെ ശരിക്കും സപ്പോർട്ട് ചെയ്യുന്ന ഒരു പാവം മനുഷ്യനാണ് വിനീതേട്ടൻ. സുഹൃത്തും വഴികാട്ടിയുമെല്ലാമാണ് അദ്ദേഹം. രണ്ടു മാസത്തോളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. നന്നായി ചെയ്തു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വലിയ സന്തോഷമായി. അദ്ദേഹത്തെ പരിചയപ്പെടണം എന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. എങ്കിലും എല്ലാം പെട്ടെന്നായിരുന്നു. സെലക്ഷൻ കിട്ടി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ക്യാമ്പ് തുടങ്ങി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിംഗും. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.
കുടുംബ പശ്ചാത്തലം?
ശ്രീജയെ പോലെ ഞാനും നെന്മാറക്കാരിയാണ്. എട്ടാം ക്ലാസ് വരെ അവിടെയാണ് പഠിച്ചത്. അമ്മയുടെ നാടാണ് നെന്മാറ. അച്ഛന്റെ നാട് തൃശൂരിലാണ്. മസ്‌കത്തിലാണ് ഇപ്പോഴത്തെ വാസം. അച്ഛൻ ദാസ് ബിസിനസുകാരനാണ്. അമ്മ പ്രസീദ മസ്‌കത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് ഹെഡായി ജോലി നോക്കുന്നു. കോയമ്പത്തൂരിൽനിന്നും ബി.ബി.എ പഠനം കഴിഞ്ഞപ്പോൾ അമ്മയുടെ സ്ഥാപനത്തിൽ തന്നെ അക്കൗണ്ടന്റായി ജോലി നേടി. ഇപ്പോൾ എം.ബി.എക്കു പഠിക്കുകയാണ്. ഇതിനിടയിലാണ് മനോഹരത്തിലേക്ക് അവസരം ലഭിച്ചത്. രണ്ടു മാസത്തെ അവധിയെടുത്ത് നാട്ടിലെത്തി. ലീവ് തുടരുകയാണ്. തിരിച്ചു ചെല്ലുമ്പോൾ ജോലിയുണ്ടാകുമോ എന്നാണ് സംശയം. എങ്കിലും കൂടുതൽ സിനിമകൾ ലഭിച്ചാൽ ഇവിടെ തന്നെ സെറ്റിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
അഭിനയ പരിചയം?
കുട്ടിക്കാലം തൊട്ടേ ആങ്കറിംഗിൽ താൽപര്യമുണ്ടായിരുന്നു. പിന്നീട് സിനിമയിൽ അഭിനയിക്കണമെന്നായി. തീവണ്ടി എന്ന ചിത്രത്തിലെ 'ജീവാംശമായ്...' എന്ന ഗാനത്തിന്റെ കവർ യൂട്യൂബിൽ ചെയ്തിരുന്നു. ഞാനും കൂട്ടുകാരും ചേർന്നൊരുക്കിയ ഈ ഗാനം യൂട്യൂബിൽ മുപ്പതു ലക്ഷത്തോളം ആളുകൾ കണ്ടിരുന്നു. ഈ വീഡിയോ ഒരുക്കിയ കാലത്താണ് ഞാൻ പ്രകാശനിലേക്കുള്ള ക്ഷണമെത്തുന്നത്. സ്‌കൂൾ ക്ലാസുകളിൽ നൃത്തം പരിശീലിച്ചിരുന്നു. കൂടാതെ ടിക് ടോക് വീഡിയോയും അവതരിപ്പിക്കാറുണ്ട്.
ഫഹദിനൊപ്പം ആദ്യ സിനിമ?
ആദ്യ ചിത്രം തന്നെ വലിയൊരു നടനോടൊപ്പം അഭിനയിക്കുന്നതിന്റെ പേടിയുണ്ടായിരുന്നു. എന്നാൽ സെറ്റിലെത്തി അദ്ദേഹവുമായി സംസാരിച്ചപ്പോൾ ആ പേടിയെല്ലാം മാറി. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം കുറച്ചു സീനുകളിലേ ഉള്ളൂവെങ്കിലും പരിചയപ്പെടാനും സൗഹൃദമുണ്ടാക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നി.
മറക്കാൻ പറ്റാത്ത നിമിഷം?
മനോഹരം എന്ന ചിത്രത്തിൽ ഒരു നെന്മാറക്കാരിയായാണ് വേഷമിടുന്നത്. ഞാനും ഒരു നെന്മാറക്കാരിയാണ്. ചിത്രത്തിന്റെ പൂജയാകട്ടെ, നാട്ടിലുള്ളപ്പോൾ നിത്യവും പോകുന്ന ക്ഷേത്രത്തിൽ െവച്ചും. ക്ഷേത്രത്തിൽനിന്നും തൊഴുത് ഇറങ്ങിവരുന്നതാണ് ആദ്യം ഷൂട്ട് ചെയ്തത്. ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷമായിരുന്നു അത്. കാരണം അത് കണ്ടുനിന്നവരെല്ലാം എന്റെ നാട്ടുകാരായിരുന്നു. കൂടുതലും എനിക്ക് പരിചയമുള്ളവർ. എത്ര സിനിമകൾ വന്നാലും ആ ഒരു സീൻ എന്നും ഓർത്തിരിക്കും.