ജിസാൻ- സൗദിയിലെ ആദ്യ കടൽ പാലമെന്നറിയപ്പെടുന്ന അർഖബീൽ ഫുർസാനിലെ കടൽ പാലത്തിന്റെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ഗതാഗത വകുപ്പ് ശാഖാ ഡയറക്ടർ ജനറൽ മുബാറക് അൽമുതവ്വ കരാറുകാർക്ക് നിർദേശം നൽകി. ഫുർസാനിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഫുർസാൻ തുറമുഖം, ബുക്കിംഗ് ഓഫീസുകൾ, ഫുർസാനെയും സീർ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് എന്നിവയെല്ലാം പരിശോധിച്ച അദ്ദേഹം കരാറുകാരനോട് എത്രയും പെട്ടെന്ന് ജോലികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.
അടുത്തയാഴ്ച ജോലികളുടെ പുരോഗതി വിലയിരുത്താൻ വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫുർസാൻ ഗവർണർ ഹസൻ ബിൻ ഹുസൈൻ അൽഹാസ്മിയെയും അദ്ദേഹം സന്ദർശിച്ചു. ഇവിടേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായാണ് റോഡുകളുടെയും പാലങ്ങളുടെയും നവീകരണം. ജിസാനിലെ ഹൈവേയും ഫുർസാൻ ദ്വീപും സജീദ് ദ്വീപും ബന്ധിപ്പിക്കുന്ന പാലവും നവീകരിക്കും. അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.