കൊൽക്കത്ത- പൗരത്വഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കുള്ളിലും പ്രതിസന്ധി പടരുന്നു. നിയമത്തിന് മതവുമായി ബന്ധമില്ലെങ്കിൽ മുസ്ലിംകളെ കൂടി ഉൾപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്ന് ബംഗാൾ ബി.ജെ.പി ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസ് ചോദിച്ചു. ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി, ജൈൻ, ബുദ്ധ എന്നീ മതവിഭാഗങ്ങളെ എടുത്തുപറയുന്നത് പോലെ മുസ്ലിംകളെയും ഉൾപ്പെടുത്തിക്കൂടേ എന്ന് ട്വീറ്റ് ചെയ്ത ബോസ് നിയമം സുതാര്യമാകണമെന്നും ആവശ്യപ്പെട്ടു. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് ഇന്നലെ കൊൽക്കത്തയിൽ ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുടെ നേതൃത്വത്തിൽ വൻ പ്രകടനം നടന്നിരുന്നു. നിയമം സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക ദുരീകരിക്കുന്നതിനാണ് റാലി നടത്തിയത്. ഇതിന് പിന്നാലെയാണ് ചന്ദ്രകുമാർ ബോസിന്റെ പ്രതികരണം വന്നത്.






