നേതാവിന്റെ ഭാര്യയുടെ  സാമ്പത്തിക തട്ടിപ്പ്  സി.പി.എമ്മിന് പൊല്ലാപ്പായി 

പാലക്കാട്- പ്രാദേശിക നേതാവിന്റെ ഭാര്യ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് സി.പി.എമ്മിന് തലവേദനയാവുന്നു. കരിമ്പുഴയിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ കുന്നക്കാട് പാലക്കുന്നത്ത് ശ്രീധരന്റെ ഭാര്യ നളിനിക്കെതിരേ മുപ്പത്തിയഞ്ചോളം വീട്ടമ്മമാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മൈക്രോ ഫിനാന്‍സിംഗ് സംഘങ്ങള്‍ ഉണ്ടാക്കി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായി അമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് നളിനിക്കെതിരായി ഉയര്‍ന്നിട്ടുള്ള പ്രധാന പരാതി. ഇതിനു പുറമേ കുറികള്‍ നടത്തി വലിയ തുക തട്ടിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതിക്കാരായ ഇരുപത്തിയഞ്ചോളം വീട്ടമ്മമാര്‍ പാലക്കാട്ടെത്തി ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയതോടെ ഒളിവില്‍ പോയ നളിനിക്കു വേണ്ടി അന്വേഷണം നടന്നുവരികയാണെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു. 
വിഷയം സി.പി.എമ്മിന് ഉണ്ടാക്കിയിരിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. തട്ടിപ്പിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും യു.ഡി.എഫും ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് അഴിച്ചു വിടുന്നത്. പരാതിയുയര്‍ന്നിട്ട് രണ്ടാഴ്ചയായെങ്കിലും ഒളിവില്‍ പോയ നളിനിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. സി.പി.എം നേതാക്കളുടെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് നടക്കാത്തത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ആരോപണം. ജില്ലയിലെ പ്രമുഖരായ ചില സി.പി.എം നേതാക്കളുമായി ഏറെ അടുത്ത ബന്ധമുള്ളയാളാണ് നളിനിയുടെ ഭര്‍ത്താവ് എന്ന് പരാതിക്കാര്‍ പറയുന്നു. പ്രശ്‌നത്തില്‍ പ്രക്ഷോഭമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും. 

Latest News