ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളുടെ റെക്കോർഡ് പ്രകടനം നിക്ഷേപകരുടെ പണസഞ്ചി നിറച്ചു. പിന്നിട്ട വാരം നൽകിയ സാങ്കേതിക വിലയിരുത്തൽ നൂറ് ശതമാനം ശരിവെച്ച് നിഫ്റ്റി സൂചിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങായ 12,271 ലാണ്. കഴിഞ്ഞ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് നിഫ്റ്റിക്ക് 12,271 ൽ തടസ്സം നേരിടുമെന്ന്.
നിഫ്റ്റി 185 പോയന്റ് പ്രതിവാര മികവിലാണ്. 2019 ൽ ഇതിനകം 12.97 ശതമാനം മുന്നേറിയ നിഫ്റ്റി 1409 പോയന്റ് ഉയർന്നു. ബോംബെ സെൻസെക്‌സ് പിന്നിട്ട വാരം 672 പോയന്റ് കയറി. ഈ വർഷം സെൻസെക്‌സ് 5613 പോയന്റ് വർധിച്ചു. മൂന്ന് വർഷമായി സൂചിക ശക്തമായ നിലയിലാണ്. ഈ കാലയളവിൽ ബി.എസ്.ഇ സൂചിക 15,373 പോയന്റ് വർധിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ സെൻസെക്‌സ് 36,076 ൽ നീങ്ങിയ വേളയിൽ ഇതേ കോളത്തിൽ മലയാളം ന്യൂസ് വ്യക്തമാക്കിയതാണ് 2019 ൽ സൂചിക 40,000-42,000 ലേക്ക് ഉയരുമെന്ന്. ഒരു വർഷം മുമ്പ് നടത്തിയ വിലയിരുത്തൽ ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് ദൃശ്യമായത്.
ഈ വാരം ഡിസംബർ സീരീസ് സെറ്റിൽമെന്റാണ്. ബുധനാഴ്ച ക്രിസ്മസ് അവധിയായതിനാൽ സെറ്റിൽമെന്റിന് രണ്ട് പ്രവൃത്തി ദിനമേയുള്ളൂ. പ്രോഫിറ്റ് ബുക്കിങിന് ഫണ്ടുകൾ നീക്കം നടത്താം. വർഷാന്ത്യമായതിനാൽ ഫണ്ട് മാനേജർമാർ അവധി ദിനങ്ങൾ ആഘോഷിക്കാനുള്ള തിടുക്കത്തിലാണ്.
ബോംബെ സെൻസെക്‌സ് 41,009 ൽ നിന്ന് 40,917 ലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് റെക്കോർഡായ 41,809.96 വരെ കയറിയ ശേഷം ക്ലോസിങിൽ 41,681 പോയന്റിലാണ്. ഈ വാരം ആദ്യ കടമ്പ 42,021 ലും താങ്ങ് 41,128 ലുമാണ്. സാങ്കേതികമായി വീക്ഷിച്ചാൽ സൂപ്പർ ട്രന്റ്, പാരാബോളിക് എസ്.എ.ആർ തുടങ്ങിയവ ബുള്ളിഷ് മൂഡിലാണ്.
നിഫ്റ്റി 12,086 പോയന്റിൽ നിന്ന് 12,294 വരെ കയറിയ ശേഷം വ്യാപാരാന്ത്യം 12,271 ലാണ്. സൂചിക 12,113 ലെ താങ്ങ് നിലനിർത്തി 12,361 പോയന്റ് ലക്ഷ്യമാക്കി നീങ്ങാം. ഈ നീക്കം വിജയിക്കാൻ കഠിന ശ്രമം വേണമെങ്കിലും ഫണ്ടുകൾ സജീവമായാൽ 12,451 വരെ കുതിക്കാം. ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 11,955 വരെ തളരാം.
മുൻനിരയിലെ പത്തിൽ എട്ട് കമ്പനികളുടെ വിപണി മൂല്യത്തിൽ 1.13 ലക്ഷം കോടി രൂപയുടെ വർധന. ടി.സി.എസ്, ആർ.ഐ.എൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസീസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് എന്നിവക്ക് നേട്ടം.
ഫോറെക്‌സ് മാർക്കറ്റിൽ രൂപക്ക് തളർച്ച. വിനിമയ നിരക്ക് 70.66 ൽ നിന്ന് മുൻവാരം സൂചിപ്പിച്ച 71.19 ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 71.05 ലാണ്. ഈ വാരം 71.56 70.55 റേഞ്ചിൽ നീങ്ങാം.
വിദേശ നാണയ കരുതൽ ശേഖരം 13 ന് അവസാനിച്ച വാരം 1.07 ബില്യൺ ഡോളർ ഉയർന്ന് 454.492 ബില്യൺ ഡോളറിലെത്തി. 1998 സെപ്റ്റംബറിൽ റെക്കോർഡ് തകർച്ചയായ 29 ബില്യൺ ഡോളറിലേക്ക് കരുതൽ ധനം ഇടിഞ്ഞിരുന്നു.
വിദേശ ഫണ്ടുകൾ 4891.7 കോടി രൂപയുടെ നിക്ഷേപം നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 3751.47 കോടി രൂപയുടെ വിൽപന നടത്തി. ഈ വർഷം വിദേശ നിക്ഷേപം 13.8 ബില്യൺ ഡോളറാണ്. 2014 ന് ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപം. അതേ സമയം സാമ്പത്തിക വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന തലത്തിലുമാണ്.