കക്കയുടെ പുറംതോട് ചൂളയിൽ ചുട്ടെടുത്തുണ്ടാക്കുന്ന ചുണ്ണാമ്പിന് ആവശ്യക്കാരെ തേടി സൂര്യോദയത്തിനു മുമ്പേ ഊരു ചുറ്റാനിറങ്ങുന്ന വിൽപനക്കാരുടെ ചുണ്ണാമ്പുവേണോ എന്ന ചോദ്യത്തിന് ഒരു ഉണർത്തുപാട്ടിന്റെ താളമുണ്ടായിരുന്നു. പുലരിക്ക് പരിമളം ചാർത്താൻ തമിഴകത്തുനിന്നും തീവണ്ടിയേറി വരുന്ന പൂക്കളുമായി ഊരു ചുറ്റുന്ന പൂക്കാരിപ്പെണ്ണുങ്ങളുടേതാണ് വിളിച്ചുചോദ്യങ്ങളിൽ അടുത്ത ഊഴം - മല്ലികപ്പൂവേയ്, പൂ വേണമാ...പൂവ്..? കാലം മായ്ച്ചുകളഞ്ഞ ചില പാലക്കാടൻ കാഴ്ചകളിലൂടെ...
ചുണ്ണാമ്പ് വേണോ.....?'
നിദ്രയെ കൂവിയുണർത്തുന്ന പൂവാലൻ കോഴിക്കു മുമ്പേ ഇങ്ങനെയൊരു വിളിച്ചുചോദ്യം ഈണത്തിലുയർത്തി നഗരത്തിന്റെ സഞ്ചാര പഥങ്ങളിലെ വീട്ടുകാരെ പതിവായി പകലിന്റെ പിറവി അറിയിച്ചു നീങ്ങിയ ഒരു കൂട്ടം മനുഷ്യർ, പാലക്കാടിന്റെ ഗതകാല സ്മരണകളിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. ഇന്നത്തെയത്ര ശബ്ദമുഖരിതമായിരുന്നില്ല അന്ന് തമിഴക പടിവാതിലായ ഈ പട്ടണം. കാളയും കുതിരയും കിതച്ചു വലിച്ചോടുന്ന സവാരി വണ്ടികളിൽ നിന്നുയരുന്ന കുളമ്പടിയും അതിന്റെ താളത്തിൽ കച്ചമണികളുടെ കിലുക്കവും. മോട്ടോർ വാഹനങ്ങളുടെ അപൂർവമായ ഹോൺ മുഴക്കം.
സൈക്കിൾ മണിയുടെ കിണികിണിയൊച്ച -പടയോട്ടത്തിന്റെ പടഹധ്വനികളൊടുങ്ങിയ ശേഷം ഏറെക്കാലം ഇതൊക്കെയാണ് പട്ടണത്തിരക്കിൽ പഴയ തലമുഴ കേട്ടുകൊണ്ടിരുന്നത്. എന്നാൽ അതിനു മുൻപേ പരിചയിച്ചതോ, പിന്നീട് കേട്ടുതുടങ്ങിയതോ എന്നറിയില്ല, നഗരത്തിനു നേരസൂചനകൾ കൂടി നൽകിയിരുന്ന ചില വിളിച്ചുചോദ്യങ്ങളുടെ സ്വരം കൂടി ആ ഓർമകൾക്ക് ഓളമേറ്റുന്നു.
കക്കയുടെ പുറംതോട് ചൂളയിൽ ചുട്ടെടുത്തുണ്ടാക്കുന്ന ചുണ്ണാമ്പിന് ആവശ്യക്കാരെ തേടി സൂര്യോദയത്തിനു മുമ്പേ ഊരു ചുറ്റാനിറങ്ങുന്ന വിൽപനക്കാരുടെ 'ചുണ്ണാമ്പുവേണോ'എന്ന ചോദ്യത്തിന് ഒരു ഉണർത്തുപാട്ടിന്റെ താളമുണ്ടായിരുന്നു. പുലരിക്ക് പരിമളം ചാർത്താൻ തമിഴകത്തുനിന്നും തീവണ്ടിയേറി വരുന്ന പൂക്കളുമായി ഊരു ചുറ്റുന്ന പൂക്കാരിപ്പെണ്ണുങ്ങളുടേതാണ് വിളിച്ചുചോദ്യങ്ങളിൽ അടുത്ത ഊഴം - 'മല്ലികപ്പൂവേയ്, പൂ വേണമാ.... പൂവ്....?'അഗ്രഹാരങ്ങളിലും നഗരവീഥിയോടു ചേർന്ന വീടുകളിലും അത്താഴം കഴിഞ്ഞ് വെടിപറഞ്ഞിരിക്കുന്നവരുടെ നാവിൽ വീണ്ടും നനവേറ്റാൻ തലയിലും സൈക്കിളിലും ചൂടുള്ള എണ്ണപ്പലഹാരച്ചുമടുമായി നീങ്ങുന്ന മറ്റൊരു കൂട്ടരുണ്ടായിരുന്നു. പപ്പട വടയുടെയും, കാര വടയുടെയും മുളകുപൊക്കുവടയുടെയും മുറുക്കിന്റെയും രാത്രിവിൽപനക്കാർ. ഇവരുടെയൊക്കെ ഈ വിളിച്ചുചോദ്യങ്ങൾക്കു പിറകിൽ ഓരോ ജീവിതമുണ്ടായിരുന്നു. കുടുംബത്തിൽ ഒരുപാട് വിശന്ന വയറുകളുടെ ദൈന്യത ഉണ്ടായിരുന്നു.
കാലം ഈ കച്ചവടയൊച്ചകളിൽ പലതിനെയും പാടെ തോർത്തിത്തുടച്ചു. പാലക്കാട് നഗരത്തിനും ഒലവക്കോടിനുമിടയിൽ ജൈനിമേടിനോട് ചേർന്ന ചുണ്ണാമ്പുതറയിലെ പാരമ്പര്യക്കണ്ണി മുറിയാത്ത കുടിൽ വ്യവസായത്തിന്റെ ഉൽപന്നമായ ചുണ്ണാമ്പുമായി ആവശ്യക്കാരെ തേടി ഊരു ചുറ്റാൻ ഇന്നാരുമില്ല. ഗ്രാമത്തിലെ വീട്ടടുക്കളകളിൽ ഒരു പകലിന്റെ കരുത്തിൽ വൃത്തിയും രുചിയുമായി പൊരിച്ചെടുക്കുന്ന എണ്ണപ്പലഹാരങ്ങൾക്ക് ആവശ്യക്കാരില്ല. ആൾത്തിരക്കുള്ള നഗരക്കവലകളിൽ സന്ധ്യ മുതൽ പാതിരാ വരെ നിര തീർക്കുന്ന തട്ടുകടകളിലെ കരിപിടിച്ച ഇരുമ്പു ചട്ടികളിൽ ഏതെന്നറിയാതെ ആവർത്തിച്ചു തിളക്കുന്ന എണ്ണയിൽ പലഹാരങ്ങൾ മുഴുവൻ വെന്തുവീഴുന്നു. അടുപ്പിച്ചും അകറ്റിയും നൂലിൽ കോർത്ത മുല്ലയും മല്ലികയും പൂക്കാരുടെ തെരുവിൽ നിന്നോ പെട്ടിക്കടകളിൽ നിന്നോ മുഴമളന്ന് വാങ്ങാം. അപൂർവം ചില വഴികളിലെങ്കിലും സൈക്കിളിന്റെ മണിയൊച്ച ചേർന്ന് ഈ ശബ്ദം മാത്രം ഇന്നും നേർത്തു മുഴങ്ങുന്നു. 'മല്ലികപ്പൂവേയ്....'
നീറ്റുകക്കയുടെ മണവും പുകയും ഉയരുന്ന ചുണ്ണാമ്പുതറക്ക് ഈ പേരു വീണത് ചുണ്ണാമ്പുൽപാദനം കൊണ്ടാണ്. ഇവിടത്തെ വീടുകളോടു ചേർന്ന ചൂളകളുടെ പഴക്കം പാരമ്പര്യ വ്യവസായം തീരെ ഉപേക്ഷിക്കാൻ മടിച്ചുനിൽക്കുന്ന കുടുംബങ്ങളിലെ പുതിയ തലമുറക്ക് അറിവില്ല. നരച്ച തലകളിലെ ഓർമകളിൽ തെളിയുന്നത് നൂറ്റാണ്ടുകളുടെ പഴക്കം. നാൽപതിലേറെ കുടുംബങ്ങളുടെ ജീവിതോപാധിയായിരുന്നു മൂന്നര പതിറ്റാണ്ടിനു മുമ്പുവരെ ഈ വ്യവസായം. ചുണ്ണാമ്പുതറയിലെ രൂപമാറ്റം വരാത്ത ഇട തിങ്ങിയ വീടുകളിൽ പൂർവികരുടെ മക്കളും പേരമക്കളും അവരുടെ പിൻമുറക്കാരുമൊക്കെയായി നിരവധി പേരുണ്ടെങ്കിലും ചൂളകൾ എരിയുന്നത് നാലു വീടുകൡ. മറ്റുള്ളവരെല്ലാം പുതിയ പുതിയ ജീവിത മേഖലകളിലേക്ക് നീന്തിക്കയറി.
കക്കയുടെ തോട് നീറ്റിയെടുക്കുന്ന കാൽസ്യം ഓക്‌സൈഡിനെ വെള്ളവുമായി കലർത്തിയാണ് ചുണ്ണാമ്പ് രൂപപ്പെടുത്തുന്നത്. വീടുകളടക്കമുള്ള കെട്ടിട മുറികളിലെ താപനിലയിൽ ക്രിസ്റ്റൽ സ്വഭാവം കാണിക്കുന്ന ഖരവസ്തുവാണിത്. തറയും ഭിത്തിയും തേച്ചുമിനുക്കാൻ ഇന്നത്തെ സിമന്റിനു പകരം ചരിത്രാതീത കാലം തൊട്ടേ ഇത് ഉപയോഗിച്ചിരുന്നു. മൺകട്ടകളിലോ വെട്ടുകല്ലിലോ ചുണ്ണാമ്പും മണലും കുഴച്ചു ചേർത്തുണ്ടാക്കിയ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടെ എത്രയോ കൂറ്റൻ കെട്ടിടങ്ങൾ കാലത്തിന്റെ ഉലച്ചിൽ ഏൽക്കാതെ നൂറ്റാണ്ടുകളായി പ്രൗഢിയോടെ നിലനിൽക്കുന്നുണ്ടെന്നതും അന്നത്തെ സാങ്കേതിക ശാസ്ത്രം നമുക്കു നേരെ നീട്ടുന്ന പോറൽ വീഴാത്ത ഗുണമേന്മ. കൃഷിനിലങ്ങളെ കീട മുക്തമാക്കാനും പല വ്യാവസായികാവശ്യങ്ങൾക്കും ചുണ്ണാമ്പ് ഉപയോഗപ്പെടുത്താറുണ്ട്. ചുണ്ണാമ്പുകല്ല് വ്യാപകമായി ഖനനം ചെയ്തു തുടങ്ങിയതോടെ കെട്ടിട നിർമാണത്തിനും വെള്ളപൂശാനും രാസകാർഷിക വ്യവസായത്തിനും കക്ക നീറ്റിയെടുത്ത ചുണ്ണാമ്പിന്റെ ആവശ്യമില്ലാതായി. പരിമിതമായെങ്കിലും ഇതിന്റെ ഉപഭോക്താക്കൾ അന്നും ഇന്നും വെറ്റില മുറുക്കുകാരാണ്. മുറുക്കിന്റെ നാലുകൂട്ടിൽ ചുണ്ടിനു ചുവപ്പേറ്റാൻ വിഷാംശമില്ലാത്ത ചുണ്ണാമ്പിനു പകരം വെറ്റില ഞരമ്പുകൡ വിരൽതൊട്ടു തേയ്ക്കാൻ മറ്റൊരു കൂട്ടില്ല.
തമിഴകത്ത് വേരുകളുള്ള ചുണ്ണാമ്പുതറയിലെ കൗണ്ടർ സമുദായക്കാർക്ക് ചുണ്ണാമ്പ് നിർമാണം കുലത്തൊഴിൽ തന്നെയായിരുന്നു. കേരളത്തിന്റെ പല ഭാഗത്തെ പുഴയോരങ്ങളിൽ നിന്ന് ടൺ കണക്കിന് കക്കത്തോട് ചുണ്ണാമ്പാക്കി പരുവപ്പെടുത്താൻ കാളവണ്ടികളിലും റെയിൽ മാർഗവും ഇവിടെ എത്തുമായിരുന്നു. മണ്ണും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ഇരട്ട അറകളുള്ള ചുണ്ണാമ്പു ചൂളകൾ കുടുംബാംഗങ്ങളുടെ കൂട്ടായ നിർമിതിയാണ്. ഒരേസമയം ഓരോ അറയിലും അഞ്ഞൂറു കിലോ വീതം കക്കത്തോട് ചുട്ടെടുക്കാൻ ശേഷിയുള്ള ചൂള വീടിനു മുൻവശത്തു തന്നെ മഴയും വെയിലും ഏൽക്കാത്ത മേൽപുരയോടെയാണ് സജ്ജീകരിക്കുന്നത്. മരക്കരിയിൽ ചുട്ടെടുക്കുന്ന കക്കത്തോട് ചൂളയിൽനിന്നും ഇറക്കിയിടുമ്പോഴേക്കും ആവശ്യക്കാർ നിറഞ്ഞിരിക്കും. കേരളത്തിൽ പാലക്കാടിനകത്തും പുറത്തും പൊള്ളാച്ചിയടക്കമുള്ള തമിഴ്‌നാടൻ ഭാഗങ്ങളിലേക്കും കാളവണ്ടികളിൽ നിറച്ചായിരുന്നു നീറ്റുകക്കയുടെ നീക്കം. ഒരു ചൂളയിൽ നിറയുന്ന കക്കത്തോട് ചുട്ടെടുക്കാൻ മൂന്നു ചാക്ക് മരക്കരി വേണം. ഒരു രാവും പകലും തുടർച്ചയായി നീറിക്കത്തിയാലാണ് ചുണ്ണാമ്പിനായി പാകമാവുക. കക്കക്കൂമ്പാരത്തിന്റെ മുകളിൽ നിന്ന് താഴേക്കാണ് കരി കത്തിയിറങ്ങേണ്ടത്. ചുവന്നു കത്താൻ പഴയ കാലത്ത് ഉല വെച്ചും മുറംകൊണ്ട് വീശിയും കാറ്റു നൽകിയെങ്കിൽ ഇന്ന് ചൂളച്ചുവട്ടിലെ കവാടത്തിനു മുന്നിൽ ടേബിൾ ഫാൻ തിരിയുന്നു.
ചുണ്ണാമ്പുതറയിൽ നിന്ന് ചുണ്ണാമ്പു വാങ്ങി പാലക്കാട് നഗരത്തിലും ഗ്രാമാന്തരങ്ങളിലും തലച്ചുമടായി കൊണ്ടുനടന്ന് വിൽപന നടത്തിയിരുന്നവരിലേറെയും മുപ്പതു കിലോമീറ്ററകലെ നിന്നെത്തുന്ന കുനിശ്ശേരിക്കാരായിരുന്നു. കുട്ടയും വട്ടിയുമായി തലേദിവസം രാത്രിയിൽ തന്നെ എത്തി ചൂള എരിയുന്ന വീടുകളുടെ മുറ്റത്തും മഴയുള്ളപ്പോൾ സമീപത്തെ കടത്തിണ്ണകളിലും അവർ അന്തിയുറങ്ങും. പുലർച്ചെ നാലു മണിയോടെയാണ് ഉൽപാദകരുടെ വീടുണരുക. കുനിശ്ശേരിക്കാരുടെ കുട്ടകളിലേക്കു പറയും ഇടങ്ങഴിയുമായി ചുണ്ണാമ്പ് നിറയും. ഇവ തലയിലേറ്റി ചുണ്ണാമ്പു വേണോ'എന്ന ആ നീട്ടിവിളിയുമായി നഗര വഴികൾ പിന്നിട്ട് ഗ്രാമങ്ങളിലേക്കു നീങ്ങുന്ന ചില്ലറ വിൽപനക്കാർ വെയിൽ മൂക്കും മുമ്പ് കുട്ടകൾ കാലിയാക്കി വീടണയും. ഇടങ്ങഴി ചുണ്ണാമ്പിന് ഒന്നോ രണ്ടോ അണ വിലയുണ്ടായിരുന്ന കാലം പാലക്കാടിന്റെ പഴമനസ്സിലുണ്ട്. എന്നാൽ ഒരു ടൺ കക്കത്തോടിനു തന്നെ ഇന്ന് ഏഴായിരം രൂപ വിലയെത്തി നിൽക്കുന്നു. മരക്കരിക്കാവട്ടെ ചാക്കിന് അഞ്ഞൂറു രൂപ. പന്ത്രണ്ടു മുതൽ പതിനഞ്ചു വരെ ടൺ ഭാരം വരുന്ന ഓരോ ലോഡ് കക്കത്തോടും ഫോണിലറിയിച്ചാൽ ഒരുമിച്ച് പറവൂരിൽനിന്നും പറന്നെത്തും. ഇതിന്റെ വില പലപ്പോഴും ലക്ഷം കവിയും. ഭാരമിറക്കി ലോറിക്കാരെ തിരിച്ചയക്കാൻ തുക തികയ്ക്കുന്നതിന് പലപ്പോഴും ആഭരണങ്ങൾ പണയപ്പെടുത്തുകയോ വിൽക്കുകയോ വേണ്ടിവരാറുണ്ടെന്ന് ഈ തൊഴിൽ കൈവിടാൻ മടിക്കുന്ന കുടുംബക്കാർ ഏകസ്വരത്തിൽ പറയുന്നു.
ചുണ്ണാമ്പുതറയിലെ ചൂളകൾ പ്രവർത്തിക്കുന്ന ഇന്നത്തെ നാലു വീടുകളിലും അസംസ്‌കൃത വസ്തുക്കൾ വരുത്തുന്നതടക്കം നിർമാണ വിൽപനയുമായി ബന്ധപ്പെട്ട എല്ലാറ്റിനും നേതൃത്വം നൽകുന്നത് നാലു സ്ത്രീകളാണ്. മൂന്നുപേർ ദൂരദേശങ്ങളിൽ നിന്ന് ഈ വീടുകളിലേക്ക് വധുവായി എത്തിയവർ. ഭർത്താവിനെയോ അവരുടെ അച്ഛനമ്മമാരടക്കം ബന്ധുക്കളെയോ സഹായിച്ചുകൊണ്ടാണ് തൊഴിൽ പരിശീലനം. പിന്നീട് പതുക്കെ ഉത്തരവാദിത്തം മുഴുവനായി ഏറ്റുവാങ്ങുന്നു. ഈ പാരമ്പര്യത്തൊഴിൽ മാത്രം അറിയുന്ന എൺപതു പിന്നിട്ട രത്‌നം അമ്മയാണ് ചൂള നടത്തിപ്പുകാരിൽ ഇന്നത്തെ മുതുമുത്തശ്ശി. പതിനാറാമത്തെ വയസ്സിൽ പാലക്കാടിന്റെ കിഴക്കൻ മേഖലയായ ചിറ്റൂർ അമ്പാട്ടുപാളയത്തുനിന്ന് രത്‌നത്തെ ചുണ്ണാമ്പുതറയിലെ കണ്ണൻകുട്ടി താലി ചാർത്തിക്കൊണ്ടുവന്നതാണ്. കണ്ണൻ കുട്ടിക്ക് അക്കാലത്ത് ചായക്കട ഉണ്ടായിരുന്നു. ചൂളയുടെ ചൂടുപറ്റി അമ്മായിയമ്മയെ സഹായിക്കാൻ നിന്ന രത്‌നം ഭർത്താവിന്റെയും അമ്മയുടെയും മരണ ശേഷം ചുണ്ണാമ്പുനീറ്റൽ പൂർണമായി ഏറ്റെടുത്തു. ഇതിനിടയിൽ രണ്ടു പെൺമക്കളെ കെട്ടിച്ചയച്ചു. ആൺമക്കളിൽ ഒരാൾ മരിച്ചു. മറ്റൊരാൾ ചായക്കട നടത്തുന്നു. ചൂളയിലേക്കുള്ള കക്കത്തോടും കരിയും വരുത്തുന്നതും ചുണ്ണാമ്പിന് വിപണിതേടി വിൽപന നടത്തുന്നതുമെല്ലാം വാർധക്യത്തിന്റെ തളർച്ച ഏൽക്കാത്ത രത്‌നം മൊബൈൽ ഫോൺ സഹായത്തോടെ തനിച്ച്. പൊള്ളാച്ചിക്കടുത്ത കിണത്തുകടവിൽ നിന്ന് പതിനേഴാം വയസ്സിൽ വിവാഹം ചെയ്‌തെത്തിയ ചെല്ലമ്മാൾക്ക് എഴുപതു കഴിഞ്ഞു. ഭർത്തൃമാതാവ് പാപ്പാമ്മാളിൽ നിന്നാണ് ചൂളപ്പണി പഠിച്ചത്. ഭർത്താവ് മുരുകനും അമ്മയും മരിച്ച ചെല്ലമ്മാൾ അമ്പത്തഞ്ചു വർഷമായി ചൂളപ്പുരയിലുണ്ട്. കിണത്തുകടവിൽ നിന്നു തന്നെ ഇരുപത്തൊന്നാം വയസ്സിൽ വധുവായി വന്ന കരുണ അക്കാലം തൊട്ടേ ചൂളയിൽ ഭർത്താവ് രാമദാസിന്റെ അമ്മ സുബ്ബലക്ഷ്മിക്ക് കൂട്ടായി. രാമദാസ് ഓട്ടോ ഡ്രൈവറാണ്. ചുണ്ണാമ്പുതറയിൽ ജനിച്ചുവളർന്ന് ഇവിടെ ഒരു കുടുംബത്തിൽ തന്നെ വിവാഹിതയായ മുത്തുലക്ഷ്മി എന്ന അമ്പതുകാരി മറ്റൊരു ചൂളയുടെ നടത്തിപ്പുകാരിയായത് ഭർത്താവ് ജ്ഞാനശേഖരന്റെ അമ്മ മരുതായമ്മ രോഗബാധിതയായി കിടപ്പിലായപ്പോൾ.
ചുണ്ണാമ്പുകല്ലിൽനിന്ന് രൂപപ്പെടുന്ന വർണച്ചായങ്ങളും കെട്ടിട നിർമാണ ചേരുവകളും വൻ പരസ്യങ്ങളുമായി വിപണി കൈയടക്കിയതോടെയാണ് ചുണ്ണാമ്പുതറയിലെ പുകച്ചുരുൾ പരിമിതപ്പെട്ടതെന്ന് ചൂള നടത്തിപ്പിന്റെ പരാധീനതകളിലേക്കിറങ്ങുന്ന ഈ സ്ത്രീകൾ പറയുന്നു. പഴയ കാലത്തുണ്ടായിരുന്ന വിപണിയും ലാഭവുമില്ല. പാലക്കാടൻ ജീവിതവുമായി ഇഴുകിച്ചേരുമ്പോഴും അസ്തിത്വം നിലനിർത്താൻ പാടുപെടുകയാണിവർ. നിത്യജീവിതത്തിന് വരുമാനം തികയാത്ത ഈ തൊഴിൽ കൊണ്ട് സ്വന്തം ജീവിതം എരിഞ്ഞടങ്ങാൻ പിൻമുറക്കാർ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അവർ മികച്ച വിദ്യാഭ്യാസവും തൊഴിലും തേടുകയാണ്.
ചില കൃഷികൾക്ക് അടിവളം ചേർക്കും മുമ്പ് മണ്ണിലെ കീടങ്ങളെ തുരത്താൻ ചുണ്ണാമ്പിന് ആവശ്യക്കാർ എത്തുന്നുണ്ട്. പഴയ കാലത്ത് സാധാരണ വീടുകളിൽ നിലവിലുണ്ടായിരുന്ന കുഴിക്കക്കൂസുകളിലും എടുപ്പുകക്കൂസുകളിലും വിസർജ്യങ്ങളുടെ ഗന്ധമകറ്റാനും അവയെ മണ്ണിൽ ലയിപ്പിക്കാനും കുമ്മായപ്പൊടി വിതറുമായിരുന്നു. റബറും തെങ്ങും അടക്കം പല മരങ്ങളെയും ചിതൽ കയറാതെ സംരക്ഷിക്കാനും ചുണ്ണാമ്പ് ലായനി ഉപയോഗിച്ചു. ഇത്തരം ആവശ്യക്കാർക്കു മുന്നിലാണ് ചുണ്ണാമ്പ് വേണോ എന്ന ചോദ്യം അന്ന് ദൈനംദിനം ആവർത്തിക്കപ്പെട്ടത്. സുഗന്ധദ്രവ്യങ്ങൾ ചാലിച്ച് വാണിജ്യ മുദ്രകളോടെ പലതരം ഡപ്പികളിൽ വിപണിയിലെത്തുന്ന മുറുക്കു ചുണ്ണാമ്പിനായി ചുണ്ണാമ്പു പൊടി നൽകുന്നത് ഇന്നും ഈ ചൂളകളാണ്. തേളും കടന്നലും തേനീച്ചയും പഴുതാരയുമടക്കമുള്ള പ്രാണികളുടെ കുത്തേറ്റാൽ വിഷകാഠിന്യം കുറക്കാനുള്ള പ്രാഥമിക ചികിത്സയായി കടിവായിൽ ചുണ്ണാമ്പു പുരട്ടുന്ന പതിവുണ്ട്. ആവശ്യക്കാരുടെ എണ്ണം പരിമിതപ്പെട്ടപ്പോൾ ഉൽപാദനവും പരിമിതപ്പെട്ടുപോയ ചുണ്ണാമ്പു ചൂളക്കാരുടെ വരുമാനവും ജീവിതവുമെല്ലാം അവർക്കിന്ന് വേവുന്ന നോവാണ്. എങ്കിലും പൂർവികരുടെ പാതയിൽ യാത്ര തുടരുന്നു. ഈ വഴി നടക്കാൻ പുതുതലമുറ തുനിയാത്തതുകൊണ്ട് ചൂളയിലെ തീ എന്നണയുമെന്ന ആശങ്ക നിലവിലുള്ള നടത്തിപ്പുകാർ പങ്കുവെക്കുന്നുണ്ട്. പാലക്കാട്ടെ നഗര ദേശങ്ങൾക്ക് ജാതിമത വ്യാപാര വേർതിരിവോടെ ഭൂതകാലം ചാർത്തിക്കൊടുത്തതാണ് കുറെ തറപ്പേരുകളും തെരുവുപേരുകളും. കാലം കൽപിച്ച മാറ്റത്തിന് പൊരുത്തപ്പെടാത്ത പേരുകളുടെ ഭാരവുമായി പല തറകളും തെരുവുകളും നിലനിൽക്കുമ്പോൾ ചുണ്ണാമ്പ് നിർമാണം നിലച്ചുവരുന്ന ചുണ്ണാമ്പുതറയും ഈ തെരുവിന്റെ ശേഷിപ്പുകളിൽ ചേതനയറ്റ വെറും സ്ഥലനാമമായി ഇനിയും നിലനിന്നേക്കാം.