ഷില്ലോംഗില്‍ പോകാനും ഇന്ത്യക്കാര്‍ക്ക് പാസ്; പൗരത്വ നിയമം ബാധകമല്ല

ഷില്ലോംഗ്- മേഘാലയയില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി) ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രസര്‍ക്കാരിന് അയച്ചു. സംരക്ഷിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യക്കാര്‍ കൈയില്‍ കരുതേണ്ട പ്രത്യേക പാസാണ് ഐ.എല്‍.പി.

പുതിയ പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് സംസ്ഥാനത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിനായുള്ള പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനമാണ് പാസാക്കിയത്. സംസ്ഥാനത്ത് ആറാം ഷെഡ്യൂളില്‍ പെടുത്തി ആദിവാസി സ്വയംഭരണ കൗണ്‍സിലുകള്‍ കൈകാര്യം ചെയ്യുന്ന 90 ശതമാനം ഭൂമി നിലവില്‍ത്തന്നെ പൗരത്വ നിയമ ഭേദഗതിയില്‍നിന്ന് ഒഴിവാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭൂമി പുതിയ നിയമത്തില്‍ ഒഴിവാക്കിയെങ്കിലും മേഘാലയ തലസ്ഥാനമായ ഷില്ലോംഗിലെ ഏതാനും പ്രദേശങ്ങളില്‍ നിയമ ഭേദഗതി ബാധകമാണ്. ഇത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രക്ഷോഭം വ്യാപിക്കാതിരിക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

സംസ്ഥാനത്ത് ഐ.എല്‍.പി ഉടന്‍ നടപ്പിലാക്കണമെന്ന് കഴിഞ്ഞ ദിവസം നിയമസഭ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഐ.എല്‍.പി നിലവിലുണ്ട്. പൗരത്വ നിയമം പാസാക്കിയതിനുശേഷമാണ് സംസ്ഥാനത്തെ നിയമത്തില്‍നിന്ന് ഒഴിവാക്കുന്നതിന് മണിപ്പൂരിലും ഐ.എല്‍.പി ബാധകമാക്കിയത്. നാഗാലാന്‍ഡിലെ ദിമാപുരിനെ ആദ്യം ഐ.എല്‍.പിയില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും പിന്നീടാണ് ചേര്‍ത്തത്. ഐ.എല്‍.പി നടപ്പിലാക്കുന്നതോടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഇന്ത്യക്കാര്‍ക്ക്  സന്ദര്‍ശിക്കാന്‍ പ്രത്യേക പാസ് വേണ്ട സംസ്ഥാനമാകും മേഘാലയ.

ഐ.എല്‍.പി വാഗ്ദാനം ചെയ്ത് മണിപ്പൂരില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും തലസ്ഥാനമായ ഷില്ലോംഗില്‍ പ്രക്ഷോഭം ഭയന്ന് നിശാ നിയമം പ്രാബല്യത്തിലുണ്ട്. സംസ്ഥാനത്താകെ ഇന്റര്‍നെറ്റിനു നിയന്ത്രണവുമുണ്ട്.
ഐ.എല്‍.പി പ്രമേയം പാസാക്കാന്‍ സാധിച്ചത് മേഘാലയയിലെ ജനങ്ങളുടെ വിജയമാണെന്നും ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്നും മുഖ്യമന്ത്രി കൊണ്‍റാഡ് സങ്മ പറഞ്ഞു.

 

Latest News