- ഹാദിയയുടെ പിതാവിനും സംസ്ഥാന സർക്കാരിനും നോട്ടീസയക്കും
ന്യൂദൽഹി- നിർബന്ധിച്ചു മതം മാറ്റിയെന്ന് ആരോപിക്കപ്പെടുന്ന വൈക്കം സ്വദേശി അഖിലയെന്ന ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഹാജരാക്കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിക്കുന്ന എൻ.ഐ.എക്കാണ് സുപ്രീം കോടതി നിർദേശം നൽകിയത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന ഭർത്താവ് ഷഫീൻ നൽകിയ ഹരജിയിൽ പിതാവ് അശോകനും കേരള സർക്കാരിനും നോട്ടീസയയ്ക്കാനും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ യുവതിയെ കോടതിയിൽ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, വിവാഹം അസാധുവാക്കി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ഗൗരവമേറിയതാണെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ഭർത്താവ് ഷഫീന്റെ പേരിൽ ക്രിമിനൽ കേസുകളുണ്ടെന്ന് പിതാവ് അശോകന്റെ അഭിഭാഷകയുടെ വാദം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. അഖില നിരന്തരം പേര് മാറ്റിയതു അതിശയിപ്പിക്കുന്നതാണെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു. എന്നാൽ, പിതാവിന്റെ വാദം കൂടുതലും നിറം പിടിപ്പിച്ച കഥകളാണെന്നും തെളിവുകൾ ഹാജരാക്കണമെന്നും ഷഫീന്റെ അഭിഭാഷകരായ കപിൽ സിബലും ഇന്ദിര ജെയ്‌സിംഗും വാദിച്ചു. യുവതിയെ കോടതിയിൽ ഹാജരാക്കിയാൽ ശരിയെന്തെന്ന് അറിയാമെന്നും അവർ വ്യക്തമാക്കി.
മുസ്‌ലിം സമുദായത്തിലേക്ക് മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നാണ് ഹൈക്കോടതി റദ്ദാക്കിയത്. നിർബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകൻ നൽകിയ ഹരജി പരിഗണിച്ചായിരുന്നു നടപടി. സേലത്തെ ഹോമിയോ കോളേജിൽ പഠിക്കാൻ പോയ അഖിലയെ ഒപ്പമുള്ള ചിലർ നിർബന്ധിച്ച് മതം മാറ്റിയെന്നായിരുന്നു അശോകന്റെ ഹേബിയസ് കോർപ്പസ് ഹരജിയിലെ ആരോപണം. ഇതംഗീകരിച്ച കോടതി നിർബന്ധിച്ചു മതം മാറ്റിയതാണെന്ന നിഗമനത്തിൽ വിവാഹം അസാധുവാക്കുകയായിരുന്നു. യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയ്ക്കുകയും ചെയ്തു.