തായിഫ് - പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിദേശിയെ ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അൽഖവാജാത്ത് റോഡിൽ വെച്ചാണ് ഏഷ്യൻ വംശജനെ ഭീഷണിപ്പെടുത്തി പ്രതി പണം പിടിച്ചുപറിച്ചത്. ഇതേക്കുറിച്ച് വിദേശിയുടെ സ്പോൺസർ കഅ്കിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് താമസ സ്ഥലത്ത് പ്രവേശിച്ച് കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നയാളാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് കൂടെ ചെല്ലണമെന്ന് ആവശ്യപ്പെട്ടാണ് വിദേശിയെ പ്രതി കെണിയിൽ വീഴ്ത്തിയത്. താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങിയ ഏഷ്യൻ വംശജനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൈകൾ ബന്ധിക്കുകയും കണ്ണു മൂടിക്കെട്ടുകയും ചെയ്ത പ്രതി 8000 ലേറെ റിയാലും മൊബൈൽ ഫോണും തട്ടിയെടുത്ത് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കൊടുംചൂടിൽ രണ്ടു മണിക്കൂർ നേരം നടന്നാണ് വിദേശി മറ്റൊരാളെ കണ്ടെത്തിയത്. ഇയാളാണ് ഏഷ്യൻ വംശജന്റെ കൈയിലെ കെട്ട് അഴിച്ചുകൊടുത്തത്. തുടർന്ന് ഏഷ്യൻ വംശജൻ സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. തീർത്തും അവശനായ നിലയിലാണ് ഏഷ്യൻ വംശജനെ പോലീസ് കണ്ടെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെ പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച തോക്കും പ്രതിയുടെ പക്കൽ കണ്ടെത്തി. തിരിച്ചറിയിൽ പരേഡിൽ പ്രതിയെ ഏഷ്യൻ വംശജൻ തിരിച്ചറിയുകയും ചെയ്തു. പ്രാഥമികാന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പോലീസ് പിന്നീട് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തുവരികയാണ്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് വൈകാതെ കോടതിക്ക് കൈമാറും.