പൗരത്വഭേദഗതി നിയമം: സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു- കുഞ്ഞാലിക്കുട്ടി

ന്യൂദൽഹി- പൗരത്വ നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹരജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചതിനെ മുസ്്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം ചെയ്തു. എന്തുകൊണ്ടാണ് ഇത്തരം നിയമം പാസാക്കിയതെന്ന് കേന്ദ്രത്തിന് വിശദീകരിക്കേണ്ടി വരുമെന്നും കേസിന്റെ മെറിറ്റ് സുപ്രീം കോടതിക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസിൽ കുഞ്ഞാലിക്കുട്ടിയും കക്ഷിയാണ്. പൗരത്വഭേദഗതി നിയമം പാസാക്കിയതിന് എതിരെ സമർപ്പിച്ച കേസുകളിൽ മൂന്നാഴ്ചക്കകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ, നിയമത്തെ ചോദ്യംചെയ്ത് സമർപ്പിച്ച അറുപതോളം ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരുമെല്ലാം ഹരജി നൽകിയിട്ടുണ്ട്.

മുസ്ലിം ലീഗ്, കേരള മുസ്ലിം ജമാഅത്ത് , ജയ്‌റാം രമേഷ് , രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദൾ, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീൻ ഉവൈസി , തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാർ ഝാ, മഹുവ മോയിത്ര , അസം സ്റ്റുഡന്റ്‌സ് യൂണിയൻ, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷൻ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്‌സ് അസോസിയേഷൻ തുടങ്ങിയവർ ഹരജി നൽകിയവരിൽ ഉൾപ്പെടുന്നു.


 

Latest News