Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവിന് സൗദിവൽക്കരണം നിർബന്ധം

റിയാദ് - ലെവി ഇളവ് ആനുകൂല്യം ലഭിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിക്കൽ നിർബന്ധമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദിവൽക്കരണ വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിക്കില്ല. വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിക്കുന്നതിന് മൂന്നു മാസം മുമ്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. 
വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള വ്യവസായ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ലെവി ഇളവ് ലഭിക്കുക. ഇതിനുള്ള വ്യവസ്ഥകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 
സൗദി ജീവനക്കാരുടെ എണ്ണം വിദേശ തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലോ സമമോ ആയ വ്യവസായ സ്ഥാപനങ്ങൾക്കാണ് വിദേശികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുമ്പോഴും വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും ലെവി ഇളവ് ലഭിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളികളേക്കാൾ കുറവാണ് സ്വദേശി ജീവനക്കാരുടെ എണ്ണമെങ്കിൽ അത്തരം സ്ഥാപനങ്ങൾക്ക് സൗദി ജീവനക്കാരുടെ എണ്ണം ഉയർത്തിയാൽ മാത്രമാണ് ലെവി ഇളവിന് അവകാശമുണ്ടാവുക. 
സൗദി, വിദേശ തൊഴിലാളികളുടെ എണ്ണങ്ങൾ തമ്മിലുള്ള അന്തരത്തിന് ആനുപാതികമായാണ് ലെവി ഇളവ് ലഭിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ സൗദി ജീവനക്കാരെ കൂടുതലായി നിയമിക്കേണ്ടത്. 
വിദേശികളെ അപേക്ഷിച്ച് സൗദികളുടെ എണ്ണം 20 ൽ കുറവാണെങ്കിൽ ഒരു വർഷത്തിനിടെ ഒരു സ്വദേശിയെ കൂടിയാണ് ലെവി ഇളവ് ലഭിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ പുതുതായി നിയമിക്കേണ്ടത്. 
വിദേശികളെ അപേക്ഷിച്ച് സൗദികളുടെ എണ്ണം ഇരുപതും അതിൽ കൂടുതലുമാണെങ്കിൽ വർഷത്തിൽ അഞ്ചു ശതമാനം തോതിൽ സൗദിവൽക്കരണം ഉയർത്തുന്നതിന് സ്ഥാപനങ്ങൾ നിർബന്ധിതമാണ്. അല്ലാത്ത പക്ഷം ലെവി ഇളവ് ലഭിക്കില്ല. 
പുതിയ വ്യവസ്ഥ അടുത്ത വർഷം ആദ്യ പാദാവസാനം മുതൽ നടപ്പാക്കിത്തുടങ്ങും. ലെവി ഇളവ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് സൗദികളെ ജോലിക്കു വെക്കേണ്ട ബേസ്‌ലൈൻ ആയി അടുത്ത ജനുവരി ഒന്ന് കണക്കാക്കും. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനം വഴി വിദേശ തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുമ്പോഴും വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ പാദവർഷാവസാനങ്ങളിലും പുതുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 
വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ അഞ്ചു വർഷത്തേക്ക് ലെവിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള തീരുമാനം വ്യവസായ മേഖലയിലും മറ്റു മേഖലകളിലും ഉത്തേജനമുണ്ടാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. 
വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര പോംവഴികൾ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കുന്നതിന് ഉന്നതാധികൃതർ തീരുമാനിച്ചത്. 
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്ക് അനുസൃതമായി വ്യവസായ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായാണ് വ്യവസായശാലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കുന്നത്. 

Latest News