ലീലാ സാംസണിനെതിരെ സിബിഐ കേസ് 

ന്യൂദല്‍ഹി-പ്രശസ്ത നര്‍ത്തകിയും പത്മശ്രീ ജേതാവുമായ  ലീലാ സാംസണിനെതിരെ സിബിഐ കേസ്. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനില്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ 7.02 കോടി രൂപ ചെലവഴിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിലാണ് ലീല സാംസണ്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തരിക്കുന്നത്. 2010ല്‍ ലീല സാംസണ്‍ കലാക്ഷേത്ര ഡയറക്ടര്‍ ആയിരുന്ന കാലഘട്ടത്തില്‍ ഓഡിറ്റോറിയത്തിന്റെ നവീകരണത്തിനായി കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന; കാര്‍ഡ്' കമ്പനിക്ക് ചട്ടങ്ങള്‍ പാലിക്കാതെ വന്‍ തുകയ്ക്ക് നവീകരണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയെന്നാണ് ആരോപണം. 2005 മുതല്‍ 2012 ഏപ്രില്‍ വരെ കലാക്ഷേത്ര ഫൗണ്ടേഷന്റെ ഡയറക്ടറായിരുന്നു ലീല സാംസണ്‍. 1985ല്‍ നിര്‍മിച്ച ഓഡിറ്റോറിയം 2006ലാണ് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നത്. 2009ല്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പിടി കൃഷ്ണന്‍, ലീല സാംസണ്‍, മാധവി മുദ്ഗല്‍ എന്നിവരെ നിയോഗിക്കുകയായിരുന്നു. എന്നാല്‍ 2016ല്‍ സാസ്‌കാരിക മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ 7.02 കോടി എസ്റ്റിമേററ് നിശ്ചയിച്ചിരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 62.20 ലക്ഷം രൂപ കൂടുതല്‍ ചെലവായെന്നും കരാര്‍ നല്‍കുന്നതിന് ഓപ്പണ്‍ ടെന്‍ഡര്‍ രീതി സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തുകയായിരുന്നു. കലാക്ഷേത്ര ഫൗണ്ടേഷന്റെ ഭരണ സമിതിയുടെ ഔദ്യോഗിക അനുമതിയില്ലാതെയാണ് നടപടികള്‍ നടന്നതെന്ന് 2015ലെ സിഎ ജി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. 2012ല്‍ ഭരണ സമിതിയ ഓഡിറ്റോറിയം ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ലീല സാംസണ്‍ ഡയറക്ടര്‍ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ലീല സാംസണെ കൂടാതെ കലാക്ഷേത്ര ഫൗണ്ടേഷന്‍ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ ടിഎസ് മൂര്‍ത്തി, അക്കൗണ്ട്‌സ് ഓഫീസര്‍ രാമചന്ദ്രന്‍, എഞ്ചിനീയറിംഗ് ഓഫീസര്‍ വി ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Latest News