Sorry, you need to enable JavaScript to visit this website.

സെവൻസിലെ ഗോളടിയന്ത്രം

കാലം അർഹിച്ച ആദരവും പരിഗണനയും നൽകിയിട്ടില്ലെങ്കിലും ഇന്നും കേരള സെവൻസിന്റെ സുവർണ കാലഘട്ടത്തിലെ തലയെടുപ്പുള്ള താരമാണ് ഷൗക്കത്ത്. കോട്ടും സ്യൂട്ടും ബൂട്ടുമിട്ട സായിപ്പിനെ മുറിക്കൈ ബനിയനും കള്ളിമുണ്ടും അരപ്പട്ടയും കെട്ടി  നേരിട്ടയാളാണ് ഷൗക്കത്ത്. കോട്ടപ്പടിയുടെ മൈതാനപരപ്പിൽ കാൽപ്പന്തു കളിയിൽ അവരെ മലർത്തിയടിച്ച താരം. ഫുട്‌ബോൾ പ്രേമികൾ ഈ താരത്തെ നെഞ്ചോട് ചേർത്തിട്ടുണ്ട്, ആദരിക്കുന്നുണ്ട്. 

 മലബാറിന്റെ മാമാങ്കമെന്ന് വിശേഷിപ്പിക്കാവുന്ന സെവൻസ് ഫുട്‌ബോളിലെ രാജാക്കൻമാരാണ്  മലപ്പുറം സൂപ്പർ സ്റ്റുഡിയോ. സ്റ്റുഡിയോക്ക് വേണ്ടി മങ്കട ഷൗകത്ത് ബൂട്ടണിയുന്ന കാലം.. ഒടിയൻ എന്ന് ഓമനപ്പേരിട്ടാണ് ഫുട്‌ബോൾ പ്രേമികൾ ഷൗകത്തിനെ വിശേഷിപ്പിച്ചത്. ഒരു കാലത്ത് മങ്കട മണിയറ വീട്ടിൽഷൗക്കത്ത് ഇല്ലാത്ത സൂപ്പർ സ്റ്റുഡിയോയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല ഷൗക്കത്തില്ലെങ്കിൽ കാണികൾ കൂവി വിളിച്ചിരുന്ന കാലം, ഷൗക്കത്തിനെ ഗ്രൗണ്ടിൽ കണ്ടാൽ   കാണികൾ ആർത്തലക്കും. ഷൗക്കത്ത്  ഇന്ന് ഇത്ര ഗോളടിക്കുമെന്നു പറഞ്ഞു പന്തയം വെച്ചിരുന്ന കാലം, ഷൗക്കത്ത് ഗോളടിക്കുമെന്നു പറഞ്ഞാൽ ഗോളടിച്ചിരുന്ന കാലം, സൂപ്പർ സ്റ്റുഡിയോയുടെ കളി മികവ് സെവൻസ് ലോകം തങ്ക ലിപികളാൽ എഴുതപ്പെട്ട കേരള സെവൻസിന്റെ സുവർണ കാലഘട്ടം.
സ്റ്റുഡിയോയുടെ മുന്നേറ്റക്കാരനായിരുന്നു  ഷൗക്കത്ത്. തന്റെ നായകത്വത്തിൽ എത്രയെത്ര ട്രോഫികളാണ് ഷൗക്കത്ത് സൂപ്പർ സ്റ്റുഡിയോയുടെ ഷെൽഫുകളിലെത്തിച്ചത്. സംസ്ഥാനത്തെ പ്രമുഖ സെവൻസ് ടൂർണമെന്റുകളായ വളപട്ടണം എം.കെ.കുഞ്ഞി മായിൻ ഹാജി, മഞ്ചേരി റോവേഴ്‌സ്, പെരിന്തൽമണ്ണ ഖാദറലി, കൂത്തുപറമ്പ് നാണുട്ടി മെമ്മോറിയൽ, മാഹി വായനശാല ടൂർണമെന്റ്, തിരൂർ മമ്മി ഹാജി, തിരൂരങ്ങാടി സമദ് മെമ്മോറിയൽ തുടങ്ങി അനേകം ടൂർണമെൻറുകളിൽ സൂപ്പർ സ്റ്റുഡിയോ ചാമ്പ്യന്മാരായിട്ടുണ്ട്. ഇതിൽ വളപട്ടണത്ത് ഹാട്രിക്ക് കിരീടനേട്ടമായിരുന്നു. ഇതിലെല്ലാം പാദമുദ്ര പതിപ്പിച്ചയാളാണ് മങ്കട ഷൗകത്ത്.


പെരിന്തൽമണ്ണ സൈതാലി, ബാബു സലിം,  നൗഷാദ്, മജീദ്, രമേശ്, സലീം, ടൈറ്റാനിയം ഹമീദ്, അൻവർ, സുരേന്ദ്രൻ തുടങ്ങിയവരായിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ ആദ്യകാലത്തെ പ്രതിഭാധനരായ കളിക്കാർ. മസ്താൻ ബീരാൻ കുട്ടിയായിരുന്നു അന്ന് മാനേജർ. 
മങ്കട ഗവൺമെന്റ് ഹൈസ്‌കൂൾ ടീമിലൂടെ പന്ത് കളി തുടങ്ങിയ ഷൗക്കത്ത് സ്‌കൂൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ ടീമുകളിലൂടെ ക്ലബ്ബിലെത്തി. 
സെവൻസ് ഫുട്‌ബോളിൽ 
കേരള സെവൻസിൽ അന്നും  ഇന്നും പകരക്കാരനില്ലാത്ത ഗോൾ വേട്ടക്കാരനായിരുന്നു മങ്കട ഷൗക്കത്ത്. സ്വതഃസിദ്ധമായ
വശ്യതയാർന്ന ഡ്രിബ്ലിങ്ങും പൊസിഷനിങ്ങും സ്‌കോറിങ്ങും കൊണ്ട് സൂപ്പർ സ്റ്റുഡിയോയുടെ പേരും പെരുമയും കൊടുമുടിയിലെത്തിച്ച, കേരള സെവൻസിലെ കിരീടം വെക്കാത്ത രാജാവ് എന്ന് നമുക്ക് ഈ പ്രതിഭയെ വിളിക്കാം.
പുതുതലമുറക്ക് കാണാൻ ഭാഗ്യമില്ലാതെ പോയ മാന്ത്രിക ഗോളടിക്കാരനായിരുന്നു ഷൗക്കത്ത്. ഷൗക്കത്ത് കളിക്കുന്ന കാലത്ത്
എല്ലാവരും സൂപ്പർ സ്റ്റുഡിയോക്ക് കളിക്കണമെന്നാഗ്രഹിച്ചിരുന്നു. എന്നാൽ സഹ കളിക്കാർക്കും ടീം മാനേജ്‌മെന്റിനും ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ഈ കളിക്കാരൻ സൂപ്പർ സ്റ്റുഡിയോയുടെ താരമായി നിലനിൽക്കണം. 
കളിയുടെ തുടക്കത്തിൽ തന്നെ ഷൗക്കത്തിനെ എതിർ ടീമിലെ കളിക്കാർ ആരെങ്കിലും ഫൗൾ ചെയ്യണമേയെന്നായിരുന്നു ആരാധകരുടെയും സഹകളിക്കാരുടെയും പ്രാർത്ഥന. വേദനിച്ചാൽ ഷൗക്കത്ത് പാമ്പിനെപ്പോലെയാണ്. വേദനിച്ചാൽ അയാളുടെ കളി കൂടുതൽ മെച്ചപ്പെടും. മൂന്നും നാലും എതിരാളികളെ ഡ്രിബിൾ ചെയ്ത് ഗോളുകളടിച്ചുകൂട്ടി ടീമിനെ വിജയത്തിലേക്ക് നയിക്കും.


കാരിരുമ്പിന്റെ കരുത്തും കുറുക്കന്റെ കൗശലവുമുള്ള കുശാഗ്ര ബുദ്ധിക്കാരനായ കളിക്കാരൻ, മങ്കടക്കാർക്ക് കേരള സെവൻസിൽ തല ഉയർത്തിപ്പിടിക്കാൻ അവസരമുണ്ടാക്കിയ പകരക്കാരനില്ലാത്ത ഗോൾ വേട്ടക്കാരൻ, അന്നും ഇന്നും മങ്കടയുടെ കാൽ പന്തുകളിയിലെ കിരീടം വെക്കാത്ത രാജാവ്.. 
കാലം അർഹിച്ച ആദരവും പരിഗണനയും നൽകിയിട്ടില്ലെങ്കിലും ഇന്നും കേരള സെവൻസിന്റെ സുവർണ കാലഘട്ടത്തിലെ തലയെടുപ്പുള്ള താരമാണ് ഷൗക്കത്ത്. കോട്ടും സ്യൂട്ടും ബൂട്ടുമിട്ട സായിപ്പിനെ മുറിക്കൈ ബനിയനും കള്ളിമുണ്ടും അരപ്പട്ടയും കെട്ടി  നേരിട്ടയാളാണ് ഷൗക്കത്ത്. 
കോട്ടപ്പടിയുടെ മൈതാനപരപ്പിൽ കാൽപ്പന്തു കളിയിൽ അവരെ മലർത്തിയടിച്ച താരം. ഫുട്‌ബോൾ പ്രേമികൾ ഈ താരത്തെ നെഞ്ചോട് ചേർത്തിട്ടുണ്ട്, ആദരിക്കുന്നുണ്ട്. 
ഷൗകത്തിന്റെ വീട്ടിന്റെ ഒരു ഭാഗത്ത് ഷെൽഫുകൾ നിറയെ കപ്പുകൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. സ്‌കൂൾ തലത്തിൽ തന്നെ  ഫുട്‌ബോളിൽ ശ്രദ്ധേയനായ ഷൗകത്ത് മമ്പാട് കോളേജിൽ പ്രീഡിഗ്രി പഠിക്കുന്ന കാലത്ത്  കോളേജ് ടീമിൽ മികച്ച ഫോമിലെത്തി.
1988 മുതൽ സൂപ്പർ സ്റ്റുഡിയോ, സോക്കർ ക്ലബ്ബ് , കെ.ആർ.എസ് കോഴിക്കോട്, ഇൻഡിപെന്റന്റ് മങ്കട തുടങ്ങിയ ടീമുകളിൽ 15 വർഷകാലം ബൂട്ടണിഞ്ഞ ഷൗകത്ത് അന്യ സംസ്ഥാനങ്ങളിലും നിരവധി ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞു.

Latest News