Sorry, you need to enable JavaScript to visit this website.

സുപ്രധാനം സുഹൃത്തുക്കളും കുടുംബവും

ചോ: 2019 എന്താണ് താങ്കളെ പഠിപ്പിച്ചത്?
ഉ: ഉയരങ്ങളും ഇറക്കങ്ങളും കണ്ട വർഷമാണ് കടന്നുപോവുന്നത്. തീർച്ചയായും ബാഴ്‌സലോണയും  ഞാനും എപ്പോഴും വിജയമാണ് ആഗ്രഹിക്കുന്നത്. ഭൂരിഭാഗം മത്സരങ്ങളും ഞങ്ങൾ ജയിച്ചു. നിർഭാഗ്യമെന്നു പറയാം, യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിലെത്താനായില്ല. എങ്കിലും മൊത്തത്തിൽ നല്ല വർഷമാണ് ഇത്. ടീമെന്ന നിലയിൽ കൂടുതൽ കൂടുതൽ മികവു കാട്ടാനാണ് ഞങ്ങളുടെ ശ്രമം. വലിയ മോഹങ്ങളാണ് ഞങ്ങളുടേത്. എന്നാൽ ചാമ്പ്യൻസ് ലീഗിലും കോപ ഡെൽറേയിലും ആ മോഹങ്ങൾ പൂവണിഞ്ഞില്ല. ഫുട്‌ബോൾ അതാണ്. എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാനാവില്ല. എങ്കിലും അതൊക്കെ വലിയ പാഠങ്ങളാണ്. സംഭവിച്ച ദുരന്തം ഭാവിയിലേക്കുള്ള പാഠങ്ങളാണ്. 

ചോ: ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവാതിരുന്നതാണോ ഏറ്റവും വലിയ ദുഃഖം?
ഉ: എല്ലാ വർഷവും ടീമിന്റെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം തന്നെ. ബാഴ്‌സലോണയെ പോലൊരു ക്ലബ് മത്സരിക്കുന്ന ടൂർണമെന്റെല്ലാം ജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ കിരീടവും പ്രധാനമാണ്. എന്നാൽ ചാമ്പ്യൻസ് ലീഗാണ് ഏറ്റവും പ്രധാനം. ഞങ്ങൾ നന്നായി തുടങ്ങിയതായിരുന്നു. ഏറെ ദൂരം പോവേണ്ടതുമായിരുന്നു. 

ചോ: ജർമനി ടീം വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. യൂറോ 2020 ന് യോഗ്യത നേടുകയും ചെയ്തു. മൊത്തത്തിൽ എന്തു തോന്നുന്നു?
ഉ: ഉയർച്ചതാഴ്ചകൾ സാധാരണമാണ്. ടീമിന്റെ ശൈലിയിൽ നിരവധി മാറ്റങ്ങൾ വരുത്തി. ഇപ്പോഴത്തേത് കൂടുതൽ യുവത്വം തുളുമ്പുന്ന ടീമാണ്. അതേസമയം പരിചയസമ്പത്ത് കുറവാണ്. 
നെതർലാന്റ്‌സിനെതിരെയുൾപ്പെടെ ചില പ്രധാന മത്സരങ്ങൾ ജർമനി കളിച്ചു. അത് ഞങ്ങളുടെ വളർച്ചയിൽ നിർണായകമായി. യൂറോ 2020 ആവുമ്പോഴേക്കും കൂടുതൽ മെച്ചപ്പെടണം. 

ചോ: ജർമനിയുടെ ആരാധകർ വിജയത്തിൽ കുറഞ്ഞ ഒന്നും സ്വീകരിക്കില്ല. സമ്മർദ്ദം തോന്നാറുണ്ടോ?
ഉ: സമ്മർദ്ദം കളിയുടെ ഭാഗമാണ്. ആരാധകർ ജയം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. മാത്രമല്ല, വിജയം ശീലിച്ച ടീമാണ് ജർമനി. പക്ഷെ മാറ്റം എളുപ്പമല്ല. പ്രത്യേകിച്ചും ഈ യുവനിരയുമായി. അതിനാൽ ആരാധകർ ക്ഷമ കാണിക്കണം. രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ പൂർണമായ ആത്മസമർപ്പണമാണ് കളിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. 

ചോ: പുതുവർഷത്തെ എങ്ങനെ വരവേൽക്കും?
ഉ: എനിക്ക് ഏറ്റവും പ്രധാനം സുഹൃത്തുക്കളും കുടുംബവുമാണ്. അവർ എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഉണ്ടാവണം എന്നതാണ് പ്രധാനപ്പെട്ട ആഗ്രഹം. 
മറ്റെല്ലാം കാലം നോക്കിക്കൊള്ളും. കഠിനാധ്വാനം ചെയ്താൽ ഫലം അതിന്റെ വഴിയെ വന്നോളും.

Latest News