Sorry, you need to enable JavaScript to visit this website.

ക്ലബ് ലോകകപ്പ് അക്കങ്ങളിൽ

ബുധനാഴ്ച ആരംഭിച്ച ക്ലബ് ലോകകപ്പിൽ സൗദി അറേബ്യയിലെ അൽഹിലാലാണ് ഏഷ്യയെ പ്രതിനിധീകരിക്കുന്നത്. 
ക്ലബ് ലോകകപ്പ് അക്കങ്ങളിൽ...

160 - അൽഹിലാലിന്റെ സെബാസ്റ്റ്യൻ ജിയോവിങ്കോയാണ് ടൂർണമെന്റിലെ ഉയരം കുറഞ്ഞ കളിക്കാരൻ. ലിവർപൂൾ ഡിഫന്റർ ജോയൽ മാറ്റിപ്പിനെക്കാൾ ഒരടി രണ്ടിഞ്ച് ഉയരം കുറവാണ് ജിയോവിങ്കോക്ക്.

133 - അൽസദ്ദിന്റെ കോച്ച് ഷാവി 133 തവണ സ്‌പെയിനിനു കളിച്ചിട്ടുണ്ട്. മറ്റ് ആറു ടീമുകളുടെ കോച്ചുമാർ മൊത്തം കളിച്ചതിന്റെ അഞ്ചിരട്ടിയോളം. ഫെലിക്‌സ് തഗാവ (ന്യൂകാലിഡോണിയ) താഹിതിക്കു വേണ്ടി 22 തവണയും ആന്റോണിയൊ മുഹമ്മദ് (മോണ്ടെറെ) അർജന്റീനക്കു വേണ്ടി നാലു തവണയും മുഈൻ ശബാനി (എസ്പാരൻസ്) തുനീഷ്യക്കു വേണ്ടി ഒരു തവണയും കളിച്ചു. ജോർജെ ജീസസിന് (ഫഌമംഗൊ) പോർചുഗലിന്റെയും യൂർഗൻ ക്ലോപ്പിന് (ലിവർപൂൾ) ജർമനിയുടെയും റസ്്‌വാൻ ലുസേസ്‌കുവിന് (അൽഹിലാൽ) റുമാനിയയുടെയും പ്ലേയിംഗ് ഇലവനിലെത്താൻ പോലും സാധിച്ചില്ല. 

102 - ലിവർപൂളും ഹിയൻജീൻ സ്‌പോർട്‌സും തമ്മിൽ 102 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. ലിവർപൂളിന് 127 വയസ്സായി. ഫഌമംഗോയാണ് (108) രണ്ടാം സ്ഥാനത്ത്. എസ്പാരൻസ് (101), മോണ്ടെറെ (74), അൽഹിലാൽ (62), അൽസദ്ദ് (50), ഹിയൻജീൻ (25) എന്നിങ്ങനെയാണ് മറ്റു ക്ലബ്ബുകളുടെ പ്രായം. 

65 - ഫഌമംഗോയുടെ ജോർജെ ജീസസാണ് പ്രായമേറിയ കോച്ച്. യൂർഗൻ ക്ലോപ്പിനെക്കാൾ 13 വയസ്സ് കൂടുതൽ. മുഈൻ ശബാനിയും (38) ഷാവിയുമാണ് (39) ചെറുപ്പക്കാരായ കോച്ചുമാർ. ജോർജെ ജീസസ് കഴിഞ്ഞ ജനുവരി വരെ അൽഅഹ്്‌ലി കോച്ചായിരുന്നു. മോണ്ടെറെയുടെ ജോനാഥൻ ഉററ്റാവിസ്‌കായ ബെൻഫിക്കയിൽ കളിക്കുമ്പോൾ അവിടെ കോച്ചായിരുന്നു അദ്ദേഹം. 

39 - അൽസദ്ദിനു വേണ്ടി ഖത്തർ ലീഗിൽ ബഗ്ദാദ് ബൂനിജ 22 കളികളിൽ അടിച്ചുകൂട്ടിയത് 39 ഗോളാണ്. സഹതാരം അക്രം അഫീഫ് 22 കളികളിൽ 26 ഗോളടിച്ചു. അൽഹിലാലിനു വേണ്ടി ബെഫതിംബി ഗോമിസ് 11 കളിയിൽ 14 ഗോൾ നേടി. ഫഌമംഗോക്കു വേണ്ടി ഗാബിഗോൾ 12 കളിയിൽ ഒമ്പതു ഗോളും. 

38 - നാലു പതിറ്റാണ്ടോളം മുമ്പാണ് അവസാനം ഫഌമംഗൊ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായത്. റിവർപ്ലേറ്റിനെ അട്ടിമറിച്ചാണ് ഒടുവിൽ അവർ കിരീടം വീണ്ടെടുത്തത്. അൽഹിലാൽ 19 വർഷത്തിനു ശേഷം ഏഷ്യൻ ചാമ്പ്യന്മാരായി. 

3 - മൂന്ന് മേഖലകളിലെ ഫൈനലിൽ ഒരേ രാജ്യത്തെ ടീമുകളാണ് ഏറ്റുമുട്ടിയത്. ഹിയൻജീൻ ഓഷ്യാന മേഖലാ ഫൈനലിൽ ന്യൂകാലിഡോണിയയിലെ തന്നെ മജന്തയെ തോൽപിച്ചു. ലിവർപൂൾ യൂറോപ്യൻ ഫൈനലിൽ ഇംഗ്ലണ്ടിലെ തന്നെ ടോട്ടനത്തെ കീഴടക്കി. മോണ്ടെറെ കോൺകകാഫ് ഫൈനലിൽ മെക്‌സിക്കോയിലെ തന്നെ ടൈഗേഴ്‌സിനെ മറികടന്നു. 

1 - ഇത്തവണ യോഗ്യത ഏഴു ടീമുകളിൽ ഒരെണ്ണം മാത്രമാണ് കഴിഞ്ഞ അഞ്ച് ക്ലബ് ലോകകപ്പുകളിൽ ഒന്നിലെങ്കിലും മുഖം കാണിച്ചത്. എസ്പാരൻസ്. കഴിഞ്ഞ വർഷമാണ് എസ്പാരൻസ് കളിച്ചത്. ലിവർപൂളും (2005) അൽസദ്ദും (2011) മുമ്പ് ഒരു തവണ കളിച്ചിട്ടുണ്ട്. അൽഹിലാലും ഫഌമംഗോയും ഹിയൻജീനും ആദ്യമായാണ് ക്ലബ് ലോകകപ്പിനെത്തുന്നത്. 

0 - എസ്പാരൻസും (11 ജയം, 4 സമനില) ഹിയൻജീനും (5 ജയം) അപരാജിതരായാണ് മേഖലാ ചാമ്പ്യൻഷിപ് പൂർത്തിയാക്കിയത്. 
ലിവർപൂൾ നാല് കളികൾ തോറ്റു. മൂന്നെണ്ണം ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു. സെമി ഫൈനൽ ആദ്യ പാദത്തിൽ ബഴ്‌സലോണയോട് 0-3 ന് കീഴടങ്ങി.
 

Latest News