Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ മുപ്പതംഗ ഭീകര സംഘത്തിന് ശിക്ഷ

മനാമ - മുപ്പതംഗ ഭീകര സംഘത്തെ ബഹ്‌റൈൻ കോടതി ശിക്ഷിച്ചു. ഒരു വർഷം മുതൽ ജീവപര്യന്തം തടവാണ് പ്രതികൾക്ക് കോടതി വിധിച്ചത്. പതിനഞ്ചു പ്രതികൾക്ക് പിഴയും വിധിച്ചു. ഭീകര സംഘം സ്ഥാപിക്കൽ, ഭീകര സംഘടനയായി പ്രഖ്യാപിച്ച ശിയാ അൽവഫാ അൽഇസ്‌ലാമി പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കൽ എന്നീ ആരോപണങ്ങളാണ് ഭീകരർ നേരിട്ടത്. ഒരാളെ കോടതി വെറുതെ വിട്ടു. 


ഭീകര സംഘത്തിൽ എട്ടു പേർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം ദീനാർ പിഴയും വീതമാണ് ശിക്ഷ. ഏഴു പേർക്ക് പത്തു വർഷം വീതം തടവും ഒരു ലക്ഷം ദീനാർ വീതം പിഴയും വിധിച്ചു. ഒരു പ്രതിക്ക് പതിനഞ്ചു വർഷം തടവും നാലു പേർക്ക് അഞ്ചു വർഷം വീതം തടവും ഒരാൾക്ക് മൂന്നു വർഷം തടവും ഒമ്പതു പേർക്ക് ഒരു കൊല്ലം വീതം തടവും വിധിച്ചു. 


ഇറാൻ റവല്യൂഷനറി ഗാർഡിന്റെ നിർദേശാനുസരണം 2009 ലാണ് അൽവഫാ അൽഇസ്‌ലാമി പാർട്ടി രൂപീകരിച്ചത്. ലബനോനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല അൽവഫാ അൽഇസ്‌ലാമി പാർട്ടിക്ക് നേരിട്ട് പിന്തുണ നൽകിയിരുന്നതായി അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. അൽവഫാ പാർട്ടിക്കു കീഴിലെ മറ്റൊരു ഭീകര സംഘത്തെ 2017 ഒക്‌ടോബറിൽ കോടതി ശിക്ഷിച്ചിരുന്നു. അൽവഫാ പാർട്ടിക്കു കീഴിലെ അൽഅശ്തർ ബ്രിഗേഡിന് ഇറാൻ റവല്യൂഷനറി ഗാർഡുമായും അമേരിക്കയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങൾ ഭീകര പട്ടികയിൽ പെടുത്തിയ ഭീകരൻ മുർതസ അൽസിന്ദിയുമായും നേരിട്ട് ബന്ധമുണ്ടായിരുന്നു. 


അൽവഫാ അൽഇസ്‌ലാമി പാർട്ടി നേതാക്കൾ ഇറാനിലാണ് ഒളിച്ചുകഴിയുന്നത്. പാർട്ടിക്കു കീഴിലെ ഭീകര, തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങൾ ബോംബ് നിർമാണത്തിലും ആയുധ ഉപയോഗത്തിലും മറ്റും ഇറാഖിലെ ഹിസ്ബുല്ല ബ്രിഗേഡ്‌സിൽ നിന്ന് പരിശീലനം നേടിയതായും കണ്ടെത്തിയിട്ടുണ്ട്. പാർട്ടിക്കു കീഴിലെ ഭീകര സംഘങ്ങളിൽ ചേർന്ന് പ്രവർത്തിച്ച നിരവധി പേരെ കോടതി ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. പ്രതികളിൽ പലരെയും അവരുടെ അഭാവത്തിലാണ് കോടതി ശിക്ഷിച്ചത്. അൽവഫാ പാർട്ടിക്കു കീഴിലെ ഭീകര സംഘങ്ങൾ 2013 നും 2015 നും ഇടയിൽ രാജ്യത്ത് നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിരുന്നു. അൽസനാബിസ്, അൽദിയ, അൽബദീഅ്, അൽശാഖൂറ, അൽമുഖശഅ്, അൽദറാസ്, ഹമദ് സിറ്റി എന്നിവിടങ്ങളിലും ഷോപ്പിംഗ് കോംപ്ലക്‌സിലും ഭീകര സംഘങ്ങൾ നടത്തിയ സ്‌ഫോടനങ്ങളിൽ സുരക്ഷാ സൈനികർക്ക് പരിക്കേൽക്കുകയും പൊതുമുതലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
 

Latest News