Sorry, you need to enable JavaScript to visit this website.

വഴിത്തിരിവിൽ, ഇന്ത്യ

അന്യവൽക്കരണത്തിന്റെ അപാര ഭീതിയിലാണ് ഒരു സമൂഹം. ഒന്നിനു പിറകെ ഒന്നായി വരുന്ന ഭരണഘടനാ വിരുദ്ധ നടപടികൾ അവരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. മതേതര ശക്തികൾ എന്തുചെയ്യണമെന്നറിയാത്ത നിലയിലും. നയിക്കാൻ ആരുണ്ട് എന്നതാണ് ഒരു സമൂഹത്തെ സംബന്ധിച്ച് വലിയ ചോദ്യം.

ഭരണഘടനയെ അസംഖ്യം തവണ ആക്രമിക്കാൻ കൂസാത്ത ബി.ജെ.പി സർക്കാറിന്റെ ഏറ്റവും പുതിയ നീക്കം അപ്രതീക്ഷിതമല്ല. വ്യത്യാസം, ഇതാണ് ഏറ്റവും വലിയ ആക്രമണം എന്നത് മാത്രമാണ്. കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയതടക്കമുള്ള നടപടികൾ, അതിനായി പറഞ്ഞ അനേകം നുണകൾ, ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ -ഇതെല്ലാം മറ്റൊരു രീതിയിൽ ആവർത്തിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി ബിൽ ചർച്ചക്ക് മറുപടി പറഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിശദമായ പ്രസംഗം നുണകളുടെയും അസത്യങ്ങളുടെയും ആഘോഷമായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ നിയമ ഭേദഗതിയിൽ ഒളിഞ്ഞിരിക്കുന്ന അജണ്ടകൾ മറ നീക്കി പുറത്തു വരുന്നത്.
പാർലമെന്റിൽ മാത്രമല്ല, പുറത്തും പല തവണ ആഭ്യന്തര മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് മുസ്‌ലിംകൾ ഒഴികെയുള്ള അയൽരാജ്യങ്ങളിലെ അഭയാർഥികൾക്ക് ഇന്ത്യ പൗരത്വം നൽകുമെന്നത്. 2014 ഡിസംബറിന് മുമ്പായി ഇന്ത്യയിലെത്തിയ എല്ലാവർക്കും പൗരത്വമെന്നതാണ് ബി.ജെ.പിയുടെ ഉദാര വാഗ്ദാനം. 
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ അതത് രാജ്യങ്ങളിൽ ന്യൂനപക്ഷമ ല്ലെന്നും ന്യൂനപക്ഷക്കാർക്കാണ് പൗരത്വ വാഗ്ദാനമെന്നുമാണ് അമിത് ഷാ പറയുന്നത്. എന്നാൽ ഇതേ ന്യായപ്രകാരം ശ്രീലങ്കയിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് എന്തുകൊണ്ട് പൗരത്വം നൽകുന്നില്ല എന്ന ചോദ്യത്തിന് നിശ്ശബ്ദതയാണ് അമിത് ഷായുടെ മറുപടി. 
മുസ്‌ലിംകൾ നേരത്തെ തന്നെ പലതരം വിവേചനങ്ങൾക്ക് ഇരയാകുന്ന കാലത്താണ് സർക്കാറിന്റെ പുതിയ പദ്ധതി അവരെ മുഖ്യധാരയിൽനിന്ന് കൂടുതൽ അകറ്റിനിർത്താൻ ലക്ഷ്യമിടുന്നത്. പൗരാവകാശങ്ങളില്ലാത്ത രണ്ടാം കിട പൗരസമൂഹമായി അവരെ മാറ്റുകയും ജർമനിയിലെ ഡിറ്റൻഷൻ സെന്ററുകൾക്ക് സമാനമായ തടവറകളിലേക്ക് അവരെ മാറ്റുകയും ചെയ്യാനുള്ള ഗൂഢാലോചനയാണ് അണിയറയിൽ അരങ്ങേറുന്നതെന്നാണ് സൂചന. 1930 കളിലെ ജർമനി 2019 ൽ ഇന്ത്യയിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ഭീതിജനകമായ സൂചനയാണ് പലരും നൽകുന്നത്. നേരത്തെ തന്നെ വർഗീയവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ കൂടുതൽ വർഗീയവൽക്കരിക്കുകയും അതിലൂടെ 2019 ലേതു പോലെ തുടർ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉറപ്പു വരുത്തുകയും ചെയ്യുകയാണ് ബി.ജെ.പി സർക്കാറിന്റെ ലക്ഷ്യം.
പൗരത്വ നിയമ ഭേദഗതി ബില്ലിന് പിന്നാലെ വരുന്ന പൗരത്വ രജിസ്‌ട്രേഷൻ പ്രക്രിയ സ്ഥിതി കൂടുതൽ അപകടകരമാക്കുമെന്ന സൂചനകൾ പലരും പങ്കുവെക്കുന്നുണ്ട്. അസമിലെ ജനങ്ങളുടെ ദൈന്യവും ബുദ്ധിമുട്ടുകളും നാം കണ്ടതാണ്. പൗരത്വ നിയമ ഭേദഗതി ലോക്‌സഭയിൽ പാസായതിന് പിന്നാലെ അസമിൽ അരങ്ങേറിയ പ്രക്ഷോഭം അവർ അനുഭവിച്ച ദുരിതത്തിന്റെ പ്രതിഫലനമാണ്. തങ്ങളുടെ പൂർവികർ ഇവിടെ ജനിച്ചു വളർന്നവരാണ് എന്ന് തെളിയിക്കുന്ന അംഗീകൃത രേഖകൾ ഹാജരാക്കുക എന്ന ദുർഘട കർമമാണ് അവരെ കാത്തിരിക്കുന്നത്. 
ഒരു മതേതര ലിബറൽ ജനാധിപത്യ രാജ്യമെന്ന നിലയിൽനിന്ന് മതഭീകര രാഷ്ട്രമായി ഇന്ത്യ പരിവർത്തിക്കപ്പെടുന്നതിലേക്കുള്ള ചുവടുവെപ്പാണ് പൗരത്വ ബില്ലെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ശശി തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാൻ' എന്ന പ്രയോഗം ഒരിക്കൽ കൂടി ഓർമയിലേക്ക് വരികയാണ്. ആ പ്രയോഗത്തിന്റെ പേരിൽ തരൂരിന് പലതരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നുവെങ്കിൽ കൂടി. സ്വാതന്ത്ര്യം നേടിയ ഇന്ത്യയും പാക്കിസ്ഥാനും സഞ്ചരിച്ച വിരുദ്ധ ദിശകൾ ഒരിടത്തു സന്ധിക്കുന്ന പ്രതിലോമപരമായ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. മാറിയത് പാക്കിസ്ഥാനല്ലെന്നും ഇന്ത്യയാണെന്നതുമാണ്, ഇതിൽ ഒരു ഇന്ത്യക്കാരന് നിരാശ സമ്മാനിക്കുന്നത്.
 മറ്റൊരു രാജ്യവുമായി ഇന്ത്യയെ സമീകരിക്കാൻ കഴിയുമെങ്കിൽ അത് ഇസ്രായിലാണ്. എങ്ങനെയാണ് സ്വന്തം ജനതയെ ഇസ്രായിൽ സ്വന്തം മണ്ണിൽനിന്ന് ആട്ടിപ്പായിക്കുന്നതെന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നു. ആഗോള നയതന്ത്രത്തിന്റെ തുലാസുകളിൽ ഒരിക്കലും ഫലസ്തീനികൾക്ക് നീതി ലഭിക്കാതിരിക്കുന്നതു പോലെ ഇന്ത്യൻ മുസ്‌ലിംകൾക്ക് വേണ്ടി ശബ്ദിക്കാനും ലോകം മടിക്കുന്ന കാലം എത്ര ഭീകരമായിരിക്കും എന്ന് ഓർത്തു നോക്കുക. 
ബിൽ ഭേദഗതി ചർച്ചയിൽ പങ്കെടുത്ത അസദുദ്ദീൻ ഉവൈസി, ബില്ലിനെ ന്യൂറംബർഗ് വംശീയ നിയമവുമായാണ് താരതമ്യപ്പെടുത്തിയത്. സെമിറ്റിക് വിരുദ്ധവും വംശീയവുമായ ആ നിയമങ്ങളായിരുന്നു നാസി ജർമനിയുടെ അടിത്തറ. ഹിറ്റ്‌ലറുമായും ഇസ്രായിലിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെൻഗൂറിയനുമായും അമിത് ഷായെ ഉവൈസി താരതമ്യപ്പെടുത്തിയതും അർഥപൂർണമായിരുന്നു. അമേരിക്കയിലെ മതസ്വാതന്ത്ര്യ കമ്മീഷൻ പോലുള്ള സന്നദ്ധ സംഘടനകൾ ബില്ലിനും അമിത് ഷാക്കുമെതിരെ രംഗത്തു വന്നത്, ഇക്കാര്യത്തിൽ ലോകവും ആശങ്ക പുലർത്തുന്നു എന്നതിന്റെ സൂചനയായി. ഏറ്റവും ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന, വൈവിധ്യങ്ങളുടെ കലവറയായ ഒരു രാജ്യത്തെ പാക്കിസ്ഥാനും ഇസ്രായിലും പോലെയാക്കിത്തീർക്കുന്ന ഈ വൈദഗ്ധ്യം കണ്ട്, തങ്ങളുടെ ദ്വിരാഷ്ട്രവാദ സിദ്ധാന്തത്തിന്റെ വിജയത്തിൽ മുഹമ്മദലി ജിന്നയും വി.ഡി. സവർക്കറും ഊറിച്ചിരിക്കുന്നുണ്ടാകണം.
ലോക്‌സഭയിലെ മറുപടി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത്, പ്രതിപക്ഷത്തെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്നാണ്. ബില്ലിനെ എതിർക്കുന്നവർ, അനധികൃത കുടിയേറ്റക്കാരുടെ വോട്ട് മുന്നിൽ കണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നാണ് അമിത് ഷാ പറയുന്നത്. ബംഗാളിൽ മമതാ ബാനർജിയാണ് ഇതു പറയുമ്പോൾ അമിത് ഷായുടെ പ്രധാന ഉന്നം. വാസ്തവത്തിൽ ആരാണ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത്? പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷ ഹിന്ദുക്കളേക്കാൾ പീഡനം നേരിടുന്നവരാണ് ശ്രീലങ്കയിലെ ന്യൂനപക്ഷ ഹിന്ദുക്കൾ. എന്തുകൊണ്ട് അവർ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നില്ല? പതിറ്റാണ്ടുകളുടെ ക്രൂരപീഡനങ്ങൾക്കിരയായവരാണ് ശ്രീലങ്കയിലെ തമിഴ് വംശജർ. രക്തപങ്കിലമായ ഒരു അധ്യായമാണത്. എന്നിട്ടും അവർക്ക് പൗരത്വം നൽകാൻ അമിത് ഷാക്ക് താൽപര്യമില്ല. കാരണം വ്യക്തമാണ്. ശ്രീലങ്കയിലെ തമിഴരായ ഹിന്ദുക്കൾ ബി.ജെ.പിയുടെ വോട്ട് ബാങ്കാവാൻ സാധ്യതയില്ല. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ മുദ്രാവാക്യത്തിന് പുറത്താണ് തമിഴർ എന്നതും ഒരു കാരണമായിരിക്കാമെന്ന് എഴുത്തുകാരനായ ഷാജഹാൻ മാടമ്പാട്ട് ചൂണ്ടിക്കാട്ടുന്നു. 
അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ ഹിന്ദുക്കളോടുള്ള താൽപര്യമോ, സ്‌നേഹമോ അല്ല പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഫലിക്കുന്നതെന്നും അത് ഒരു പ്രത്യേക സമുദായത്തിനെതിരായ പീഡന ഉപകരണമാക്കി മാറ്റാനുള്ള താൽപര്യമാണെന്നും ഇതിൽനിന്നുതന്നെ വ്യക്തമാണ്. ദേശീയ പൗരത്വ രജിസ്റ്റർ കൂടി വരുന്നതോടെ, ഈ മത സമുദായത്തെ ഭീതിയിലാഴ്ത്താമെന്നും അന്യവൽക്കരണത്തിലേക്ക് അനായാസം അവരെ എടുത്തെറിയാമെന്നും സംഘ്പരിവാർ കണക്കുകൂട്ടുന്നു.
എന്തായാലും ഇന്ത്യ ഒരു വഴിത്തിരിവിലാണ്, ഫാസിസത്തിന്റെ തേരോട്ടത്തിന് തുടക്കമായിക്കഴിഞ്ഞു. ദേശീയ ഘടനയെ അവർ ഹിന്ദുത്വവൽക്കരിച്ചുകഴിഞ്ഞു. ചകിതരാണ് ഒരു സമൂഹം മുഴുവൻ. മതേതര ശക്തികൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു. ചിലർ ഈ കലക്കവെള്ളത്തിൽനിന്ന് എന്തു കിട്ടും എന്ന ലാഭ ചിന്തയിലാണ്. 
ഒരു തലമുറ ആശങ്കയോടെ മുന്നിലേക്ക് നോക്കുന്നു. അവരോട് മറുപടി പറയാൻ എന്തുണ്ട് നമ്മുടെ കൈയിൽ?
 

Latest News