Sunday , February   23, 2020
Sunday , February   23, 2020

തെറ്റാത്ത താളങ്ങൾ

മനുഷ്യന്റെ  കാര്യം അത്ഭുതാവഹം തന്നെ. ഈ പ്രപഞ്ചത്തിലെ എണ്ണമറ്റ ജീവികൾക്കിടയിൽ കേവലം ഒരു വിഭാഗം മാത്രമാണ് മനുഷ്യൻ. മാത്രമല്ല, കൂട്ടത്തിൽ വളരെ ദുർബലവും നിസ്സഹായവുമായ ജീവിയാണ് എന്നത് ചുറ്റിലുമുള്ള മറ്റു പല ജന്തുക്കളുടെയും അവസ്ഥ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതുമാണ്.
വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതിരുന്നിട്ടും നിലവറകളും കളപ്പുരകളും ഇല്ലാതിരുന്നിട്ടും കോടാനുകോടി വരുന്ന മറ്റ് ജീവജാലങ്ങൾ പട്ടിണി കിടന്നു മരിക്കുന്നതായി നാം കാണുന്നില്ല. വലിയ ആശുപത്രികളും വൈദ്യന്മാരും ആരോഗ്യ പരിരക്ഷാ പദ്ധതികളൊന്നും അവർക്കില്ല. എന്നിട്ടും മനുഷ്യരെ അപേക്ഷിച്ച് പല ജന്തുജാലങ്ങളും കൂടുതൽ ആരോഗ്യമുള്ളവരും താരതമ്യേന ബഹുഭൂരി ഭാഗവും കൂടുതൽ ആയുസ്സുള്ളവരുമാണ്. 
അറിവ് പകരാൻ വിദ്യാലയങ്ങളും സർവകലാശാലകളും അവർക്കില്ല. ധനം സമാഹരിക്കാനും അതു നിക്ഷേപിക്കാനുമുള്ള നെട്ടോട്ടമില്ല. 
അതിന്റെ പേരിൽ പിടിച്ചുപറിയും കേട്ടുകേൾവിയില്ല. വസ്ത്രമേ ഇല്ല. അതുകൊണ്ട് തന്നെ വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തലുകളും പഴിചാരലുകളുമില്ല. പോലീസും കോടതിയും ലോക്കപ്പ് മർദനങ്ങളുമില്ല. രാജ്യാതിർത്തികളും നിയമ നിർമാണ സഭകളും ബില്ലുകളും തള്ളുകളും അവർക്കിടയിൽ ഇല്ലെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചാനൽ ചർച്ചകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും വ്യാജ വാർത്തകളും അവരുടെ ലോകത്തെ സംഘർഷ ഭരിതമാക്കുന്നില്ല. 
വലിപ്പത്തിലും ശക്തിയിലും ശേഷിയിലും അവരൊക്കെ മനുഷ്യരേക്കാൾ എത്രയോ പടി മുകളിലാണ്. കാണാൻ നിസ്സാരമാണെങ്കിലും ചിലതൊക്കെ അതീവ കഠിനമായ ദൗത്യങ്ങൾ അനായാസേന നിർവഹിക്കും. 
നോക്കൂ, അവർക്കാവശ്യമായ വെള്ളം, ഭക്ഷണം, വിശ്രമം, പാർപ്പിടങ്ങൾ എല്ലാം കൃത്യമായി സംവിധാനിക്കപ്പെട്ടിരിക്കുന്നു. വല്ല ക്രമക്കേടും അതിൽ സംഭവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം പരിഷ്‌കാരിയായ മനുഷ്യരുടെ ദയാരഹിതമായ ഇടപെടലാണെന്ന് കാണാം. 
എണ്ണമറ്റ അത്ഭുതങ്ങൾ ചുറ്റിലും നിത്യേന നാം കാണുന്നുണ്ട്. എത്രയെത്ര പൂക്കളാണ് പതിവായി  വിരിഞ്ഞ് സുഗന്ധം പരത്തുന്നത്? എത്ര തരം പക്ഷികൾ, ശലഭങ്ങൾ! പ്രഭാതത്തിലെ കാഴ്ചകൾ, കളകൂജനങ്ങൾ, പ്രദോഷ നേരത്തേ ചിറകടിയൊച്ചകൾ, ആകാശ കാഴ്ചകൾ. ഇരുട്ടെത്തിയാൽ മാനത്ത് തെളിയുന്ന അമ്പിളിക്കലയുടെ വൃദ്ധിക്ഷയ കാന്തി; അഗണ്യ കോടി നക്ഷത്ര ശോഭ. സകല ചരാചരങ്ങളേയും തലോടിയെത്തുന്ന ഇളം തെന്നൽ, ഒന്നു കാതോർത്താൽ കേൾക്കാവുന്ന അനവധി നിരന്തര സൂക്ഷ്മ സ്വരങ്ങൾ. 
തിരക്കുകൾക്കിടയിൽ നിന്നോ അൽപം മാറിയോ മനുഷ്യേതരമായ പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് ചിന്തിക്കാനും ആസ്വദിക്കാനും ബോധപൂർവം ദിനേന ഇത്തിരി നേരം കണ്ടെത്തിയാൽ ജീവിതത്തോടുള്ള മനോഭാവം മാറും. അകാരണമായ ഭീതിയും നിരാശയും നേർത്ത്  നേർത്തില്ലാതാവും. ദിവ്യമായ കനിവിന്റെ അപാരതയിൽ പേരും പെരുമയും വിനയാന്വിതമാവും. ആളും അധികാരവും ധൂർത്തും ആർത്തിയും പകയും വിദ്വേഷവും പാട വീഴ്ത്തിയ അകക്കണ്ണ് തെളിയും. തിമിരമകലും.
നശ്വരതയെ കുറിച്ചുള്ള ചിന്ത പൂവിടും. ഹൃദയം സ്‌നേഹ സമൃദ്ധമാവും. മനസ്സ് പശ്ചാത്താപ വിവശമാവും. പരജീവി സ്‌നേഹം അകതാരിൽ പതിയെ അങ്കുരിക്കും. കാണുന്നതെല്ലാം നമ്മുടെ ഉള്ളുണർത്തുന്ന ഗുരുക്കളായി മാറും. അജ്ഞത കൊണ്ടും അവിവേകം കൊണ്ടും ഇരുണ്ട് വീർത്ത് പൊള്ളയായ അഹം ബോധത്തിൽ ജ്ഞാനത്തിന്റെ പ്രകാശം തെളിയും. എളിമയുടെ വിശുദ്ധിയിൽ ആത്മാവിന്റെ കാതൽ സുശക്തമാവും. വേദഗ്രന്ഥങ്ങളെ ആദരവോടെ വായിച്ച് പഠിച്ച് ഉൾക്കൊള്ളാനുള്ള വകതിരിവ് കൈവരും. മനുഷ്യത്വത്തിന്റെ നറുമണം അകത്തും പുറത്തും പരിലസിച്ചു തുടങ്ങും.
പലതരം അന്വേഷണവും അറിവും കണ്ടുപിടിത്തങ്ങളും അതുവഴി ലഭ്യമായ സാങ്കേതിക വിദ്യകളും മനുഷ്യ ജീവിതത്തെ ഭൗതികമായി പ്രയാസരഹിതമാക്കുകയും ആധുനികമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മറ്റു ജീവജാലങ്ങൾ അനുഭവിക്കുന്ന സ്വാസ്ഥ്യവും ശാന്തതയും ജീവിതാനന്ദവും മനുഷ്യരിൽ അധിക പേർക്കും സിദ്ധിക്കുന്നില്ല. ഈ ജീവജാലങ്ങളിൽ നിന്ന് ഭിന്നമായി  മനുഷ്യന് ലഭ്യമായ വിവേകം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല.  ഇതിന് ഒരു പരിധി വരെ കാരണം പ്രാഥമികമായ തന്റെ ജീവിത ദൗത്യത്തെ തിരിച്ചറിയാത്തതാണ്. പ്രകൃതിദത്തമായ വിശുദ്ധിയിലേക്ക് നടന്നു ചെല്ലാൻ അവർ സമയം കണ്ടെത്തിയാൽ അവർക്ക് സംഘർഷഭരിതമായ  ജീവിതത്തിൽ നിന്ന് ഒരളവുവരെ മുക്തരാവാം.  പ്രകൃതിയോടടുത്തിടപഴകിയാൽ   പിഴക്കാത്ത ഒരു താളവും  ശ്രുതിയും അനുഭവിക്കാൻ കഴിയും. അതിസാന്ദ്രമായ ഒരു രാഗധാരയാണത്. അവധാനതയോടെ അനുഭവിച്ചു തന്നെയറിയണമത്.അകത്തും പുറത്തും കവിയുന്ന ഈ ദൈവദത്തമായ സമൃദ്ധിയുടെ അവിരാമമായ രുചി ആസ്വദിക്കണമെങ്കിൽ അതിന്റെ ശീതള പ്രവാഹത്തിൽ സദാ ആമഗ്‌നരാവണമെങ്കിൽ മനസ്സ് നന്നാവണം. ഉപാധികളില്ലാത്ത സ്‌നേഹ വാൽസല്യങ്ങൾ കൊണ്ട് വാക്കും പ്രവൃത്തിയും സമ്പന്നമാവണം. ഇതിനൊക്കെ വേദവാക്യ വെളിച്ചത്തിൽ ജീവിതത്തെ അടിമുടി വായിക്കാൻ പഠിക്കണം. നിരന്തരമായി അഷ്ട ദിക്കുകളിൽ നിന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്നും അഴുക്കുകളിൽ നിന്നും കണ്ണും കാതും നാക്കും മനസ്സും പരമാവധി വൃത്തിയായി സൂക്ഷിക്കാൻ പ്രകൃതി തരുന്ന പാഠങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയേ വഴിയുള്ളൂ. മനസ്സ് കൂടുതൽ ധ്യാനാത്മകമാക്കി ആത്മസംയമനത്തിന്റെ ആനന്ദ ധാരയിൽ കൂടുതൽ നല്ല മനുഷ്യരാവാൻ അത് സഹായിക്കും.  നന്മകളിൽ വ്യാപൃതരാവുകയും സത്യവും ക്ഷമയും കൈവിടാതിരിക്കുകയും ചെയ്യുന്ന നിർമല മാനസരായി ക്രമേണ നാം മാറുന്നത് കാണാം. കാലം സാക്ഷി, ഭയരഹിതവും സുശാന്തവുമായ  അകവും പുറവും പതിയെ പതിയെ അപ്പോൾ അനുഭവിച്ചു തുടങ്ങും, തീർച്ച.

Latest News