Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ചൊവ്വാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍

തിരുവനന്തപുരം- പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരായ ജനാധിപത്യ പ്രതിഷേധത്തില്‍ പങ്കാളികളായി ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍.ആര്‍.സിയും ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്.

മത,ജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്്‌ലിംകള്‍ക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്.  ഭരണഘടനയുടെ മരണമാണിത്.

രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്‍.ആര്‍.സി തയ്യാറാക്കുന്നത്. രാജ്യത്തെ  വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്.

രാഷ്ട്രീയ,സാമൂഹിക, മത, സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീര്‍ഘമായ പ്രക്ഷോഭം അനിവാര്യമാണ്. വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.  

 

Latest News