Sorry, you need to enable JavaScript to visit this website.

പരിഹാരമായില്ലെങ്കിലും മഞ്ഞുരുക്കം ദൃശ്യമായ ഉച്ചകോടി

സൽമാൻ രാജാവും ഖത്തർ  പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽഥാനി

ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനു സഹായകമായ കാതലായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പരസ്പര സഹകരണത്തിൽ വീട്ടുവീഴ്ചയുടെ സൂചനകൾ കാണാൻ തുടങ്ങിയിരിക്കുന്നുവെന്നത് നാൽപതാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നു. രണ്ടര വർഷമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും അതുണ്ടായില്ല. പക്ഷേ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് ഖത്തറുമായി നിസ്സഹകരണത്തിൽ കഴിയുന്ന ചതുർ രാഷ്ട്രങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഉച്ചകോടിയിൽ അറിയിച്ചത് പ്രതീക്ഷ നൽകുന്നതാണ്.

 

അതോടൊപ്പം തന്നെ പ്രതിസന്ധി ഉടലെടുത്തതിനു ശേഷം ഇതാദ്യമായി  പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഖത്തർ സംഘം ഉച്ചകോടിയിൽ സംബന്ധിച്ചതും പരസ്പരം സഹകരിച്ച് മുന്നോട്ടു പോകുന്നതിന് തങ്ങളും ഒരുക്കമാണെന്നു വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ തവണ വിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽ മുറൈഖിയായിരുന്നു ഖത്തറിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുത്തത്. ഈ വർഷം പ്രധാമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമെത്തിയെന്നത് ജി.സി.സി അംഗരാജ്യങ്ങൾ പരസ്പരം സഹകരിച്ച് കൈകോർത്ത് മുന്നോട്ടു പേകേണ്ടവരാണെന്ന മേഖലയിലെ ജനങ്ങളുടെ ആഗ്രഹം സഫലമാകുമെന്നതിന്റെ സൂചനയായി വേണം വിലയിരുത്താൻ. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഖത്തർ സംഘത്തെ വ്യോമത്താവളത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചുവെന്നതും ഉച്ചകോടിക്കു ശേഷം സൽമാൻ രാജാവുമായി ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തിയതും പ്രതിസന്ധിയുടെ മഞ്ഞുരുക്കത്തെയാണ് കാണിക്കുന്നത്. ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും തുടരുമെന്നും ഉച്ചകോടിയുടെ സമാപനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും വ്യക്തമാക്കിയിരുന്നു. 


മേഖലയുടെ സുരക്ഷക്കും സമാധാനത്തിനും പരസ്പരം സഹകരിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനവുമായാണ് റിയാദ് ദിർഇയ കൊട്ടാരത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന ഉച്ചകോടി സമാപിച്ചത്. അംഗ രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക, സുരക്ഷാ സഹകരണം ശക്തമാക്കാനും മേഖലയിൽ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പു വരുത്താനും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യവും വ്യക്തമാക്കുന്നതായിരുന്നു ഉച്ചകോടി. മേഖലയുടെ സുരക്ഷക്കു ഭീഷണി ഇയർത്തുന്ന ഇറാനെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒത്തൊരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള കൂട്ടായ പരിശ്രമവും അനിവാര്യമാണെന്ന് സമ്മേളനം അർധശങ്കക്കിടയില്ലാതെ വ്യക്തമാക്കിയത് സൗദി അറേബ്യ ഇറാനെതിരായി സ്വീകരിക്കുന്ന നിലപാടുകൾക്കുള്ള പിന്തുണ കൂടിയാണ്.

 

എല്ലാ കാലാവും ഏതു പ്രതിന്ധിയെയും നേരിടാൻ ഗൾഫ് സഹകരണ കൗൺസിലിന് കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും മേഖല വെല്ലുവിളികളിലൂടെയും ഗുരുതരമായ സാഹചര്യങ്ങളിലുടെയുമാണ് കടന്നു പോകുന്നതെങ്കിലും അതിനെ അതിജീവിക്കാൻ കൂട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തുന്നതായിരുന്നു സൽമാൻ രാജ്യാവിന്റെ ഓരോ വാക്കുകളും. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ വികസന പദ്ധതിയെ ഗൗരവമായി കാണുകയും ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്റെ ഇടപെടലുകൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയുള്ള സൽമാൻ രാജാവിന്റെ പ്രസംഗത്തിന് ഉച്ചകോടിയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 


സൗദി എണ്ണക്കമ്പനിക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഉച്ചകോടി അപലപിക്കുകയും ഇത്തരം പ്രവർത്തനങ്ങളെ ചെറുക്കാൻ സൗദി അറേബ്യ നടത്തുന്ന പരിശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളുടെ നേട്ടങ്ങളും പൗരൻമാരുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതോടൊപ്പം ഊർജ സ്രോതസ്സുകളുടെയും കപ്പൽ പാതകളുടെയും സുരക്ഷയും സ്വതന്ത്ര കപ്പൽ ഗതാഗതവും ഉറപ്പു വരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്നും തെളിയിക്കുന്നതായിരുന്നു ഉച്ചകോടി. ഏതെങ്കിലും ഒരു അംഗ രാജ്യത്തോടുള്ള ആക്രമണത്തെ ജി.സി.സിയോടുള്ള മൊത്തം ആക്രമണമായിട്ടായിരിക്കും കാണുകയെന്നും സമ്മേളനം അസന്ദിഗ്ധമായി വ്യക്തമാക്കി. ഇറാന്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന മുന്നറിയിപ്പു കൂടിയായിരുന്നു ഇത്.  
ഫലസ്തീൻ പ്രശ്‌നത്തിലുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ നിലപാടിൽ മാറ്റമില്ലെന്നും ഉച്ചകോടി ഒരിക്കൽ കൂടി തെളിയിച്ചു. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാൻ ഫലസ്തീനികൾക്ക് അവകാശമുണ്ടെന്ന് ഉച്ചകോടി അർഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുകയുണ്ടായി. 


യു.എൻ തീരുമാനങ്ങൾക്കും ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന സൂചനയും ഉച്ചകോടി നൽകി.  റിയാദ് സമാധാന കരാർ ഒപ്പുവെക്കാൻ യെമൻ സർക്കാറും മറ്റു കക്ഷികളും നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചതോടൊപ്പം യെമൻ ജനതക്കും നിയമാനുസൃത സർക്കാറിനും ഉള്ള പിന്തുണ സഖ്യസേന തുടരുമെന്ന പ്രഖ്യാപനവും യെമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ തുടരുമെന്നതിന്റെ സൂചന കൂടിയായി വേണം വിലയിരുത്താൻ. 


യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ്, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹമൂദ് ആലുസഈദ്, ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽഥാനി, കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് എന്നിവരുടെ നേതൃത്വത്തിലാണ് അംഗ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങൾ ഉച്ചകോടിക്കെത്തിയത്. രാജാവിനെ കൂടാതെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ള ഉന്നത പ്രതിനിധി സംഘം സൗദിയെ പ്രതിനിധീകരിച്ചും പങ്കെടുത്തിരുന്നു.  പുതിയ ജി.സി.സി സെക്രട്ടറി ജനറലായി കുവൈത്ത് പ്രതിനിധി നായിഫ് അൽഹജ്‌റഫിനെ നിയമിക്കാനും  അടുത്ത വർഷം ബഹ്‌റൈനിൽ സന്ധിക്കാമെന്നും തീരുമാനിച്ചാണ് ഉച്ചകോടി പിരിഞ്ഞത്. 

Latest News