Sorry, you need to enable JavaScript to visit this website.

നീതിയോ, കാട്ടുനീതിയോ 

ഹൈദരാബാദിൽ യുവതിയായ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യത്തെ അക്ഷരാർഥത്തിൽ നടുക്കിയ സംഭവമാണ്. ന്യൂദൽഹിയിലെ നിർഭയ സംഭവത്തിനും കശ്മീരിലെ കതുവ സംഭവത്തിനും ശേഷം രാജ്യമൊട്ടാകെ രോഷവും പ്രതിഷേധവും അലയടിച്ച മറ്റൊരു സംഭവം. ബലാത്സംഗങ്ങൾക്കും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ക്രൂരമായ അതിക്രമങ്ങൾക്കും കൊലകൾക്കും രാജ്യത്ത് കുറവില്ലെങ്കിലും ചില സംഭവങ്ങൾ നമ്മെ വല്ലാതെ ആശങ്കപ്പെടുത്തും. അത്തരമൊന്നായിരുന്നു ഹൈദരാബാദിലേതും.


ആ ക്രൂരകൃത്യം ചെയ്ത നാല് പേരെയും ഏതാനും ദിവസങ്ങൾക്കു ശേഷം സംഭവം നടന്ന സ്ഥലത്തു കൊണ്ടുപോയി പോലീസ് വെടിവെച്ചു കൊന്നു. മേൽപറഞ്ഞ ബലാത്സംഗ കൊല പോലെ തന്നെ രാജ്യത്തെ അമ്പരപ്പിച്ചതായിരുന്നു ഇതും. ഒരേ സമയം സമൂഹത്തിൽ ആഹ്ലാദവും ആശങ്കയുമുയർന്നു. ഇരയായ യുവതിക്ക് നീതി കിട്ടിയെന്നും പോലീസ് ചെയ്തത് നന്നായെന്നുമുള്ള പ്രതികരണങ്ങളാണ് വ്യാപകമായി ഉയർന്നത്. അതേസമയം വിചാരണ കൂടാതെ, കോടതി വിധിക്കാതെ, പോലീസ് നടപ്പാക്കിയ ഈ കൊല യഥാർഥത്തിൽ നീതിയല്ല കാട്ടുനീതയാണെന്ന് പക്വമതികൾ ചൂണ്ടിക്കാട്ടി. നീതി നടപ്പാക്കലല്ല പ്രതികാരം വീട്ടലാണുണ്ടായതെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അതേക്കുറിച്ച് പ്രതികരിച്ചത്.
യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവരോടുള്ള നീറിപ്പുകഞ്ഞ ജനമനസ്സിനെ തണുപ്പിക്കുന്നതായിരുന്നു പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടി. അതുകൊണ്ടാണ് പോലീസിന് കൈയടിയും സല്യൂട്ടുമൊക്കെ ആൾക്കൂട്ടത്തിൽനിന്ന് കിട്ടിയത്. സമൂഹം ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോട് സ്വീകരിക്കുന്ന പൊതു സമീപനത്തിന്റെ പ്രതിഫലനം കൂടിയായി അത്. പ്രതികളെ വധിച്ച പോലീസുകാരെ ജനങ്ങൾ പൂമാലയിട്ട് സ്വീകരിക്കുന്നതും തോളിലെടുത്ത് നൃത്തം വെക്കുന്നതും മധുരം നൽകുന്നതുമെല്ലാം കണ്ടു. 


പോലീസിനെ പൊതുവെ സംശയത്തോടും ഭയത്തോടും മാത്രം കാണുന്ന ജനം പെട്ടെന്ന് അവരെ വീരപുരുഷന്മാരാക്കുന്നു. ജനത്തിന്റെ മൂഡ് മനസ്സിലാക്കിയതോടെ പോലീസ് നടപടിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ രാഷ്ട്രീയക്കാരും മത്സരിച്ചു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടതു പ്രകാരമാണ് പോലീസ് പ്രതികളെ വെടിവെച്ചു കൊന്നതെന്നായിരുന്നു ഒരു മന്ത്രിയുടെ അവകാശ വാദം. ഇത്തരമൊരു നടപടി കൈക്കൊണ്ടതിന് ചന്ദ്രശേഖര റാവുവിനെ പ്രകീർത്തിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയും രംഗത്തു വന്നു. യു.പി മുൻ മുഖ്യമന്ത്രി മായാവതി അടക്കം നിരവധി പ്രമുഖ നേതാക്കൾ ഹൈദരാബാദ് പോലീസ് നടപടിയെ പ്രകീർത്തിച്ച് രംഗത്തെത്തി.
രാജ്യത്ത് സ്ത്രീ സുരക്ഷ അങ്ങേയറ്റം അപകടാവസ്ഥയിലായിരിക്കുമ്പോഴും ഇത്തരത്തിലുള്ള ഹീനകൃത്യങ്ങൾ ചെയ്യുന്നവർക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ആഗ്രഹിക്കുമ്പോഴും ഹൈദരാബാദ് പോലീസ് ചെയ്തതിനെ ന്യായീകരിക്കാൻ വിവേകമുള്ളവർക്ക് സാധിക്കില്ല. പോലീസിന് വീരാളിപ്പട്ടം ചാർത്തിക്കൊടുക്കാനുമാവില്ല. 


വാസ്തവത്തിൽ സ്വന്തം തെറ്റ് മറച്ചുവെച്ച് ചുളുവിൽ ആളാവാനുള്ള തന്ത്രമാണ് പോലീസ് പയറ്റിയത്. വനിതാ ഡോക്ടറെ കാണാനില്ലെന്നും അവർക്കെന്തോ അപകടം പറ്റിയിട്ടുണ്ടെന്നും കരഞ്ഞ് പറഞ്ഞുകൊണ്ട് രാത്രി പരാതിയുമായെത്തിയ അവരുടെ കുടുംബാംഗങ്ങളെ പരിഹസിക്കുകയും നിസ്സംഗത പുലർത്തുകയും ചെയ്തത് ഇതേ പോലീസാണ്. യുവതി ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാവാമെന്നായിരുന്നു പോലീസിന്റെ ആദ്യ പ്രതികരണം. പിന്നീട് ഈ സ്റ്റേഷനതിർത്തിയിലല്ലെന്ന് പറഞ്ഞ് അവരെ വഴി തെറ്റിച്ചുവിട്ടു. നിർണായകമായ ആ മണക്കൂറുകളിൽ പോലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ യുവതിയുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. അതിനു പകരം പരാതി പറയാനെത്തിയവരോട് പുഛവും പരിഹാസവും കാണിച്ച നടപടി അന്ന് വലിയ പ്രതിഷേധത്തിനുമിടയാക്കിയിരുന്നു. പക്ഷേ പ്രതികളെ വെടിവെച്ചു കൊന്നുകൊണ്ട് നിയമം കൈയിലെടുത്ത പോലീസ് സ്വയം വീരപരിവേഷം നേടി ആ തെറ്റുകളെയെല്ലാം മറച്ചു. തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഗത്യന്തരമില്ലാതെ വെടിവെച്ചു കൊന്നതാണെന്ന് പോലീസ് പറയുന്നുണ്ട്. അതുപക്ഷേ പോലീസ് നടപടിയെ ന്യായീകരിക്കുന്നവർ പോലും വിശ്വസിക്കുന്നില്ല. ഇതൊരു വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.


പോലീസിന് ഇപ്പോൾ കിട്ടുന്ന കൈയടി നമ്മുടെ രാജ്യത്തെ വലിയൊരു അപകടത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറയാതെ വയ്യ. കുറ്റവാളിയെന്ന് മുദ്ര കുത്തപ്പെടുന്ന ആരെ വേണമെങ്കിലും പോലീസിന് കൊലപ്പെടുത്താമെന്ന സ്ഥിതിയിലേക്ക് നാം സ്വയം പരുവപ്പെടുന്നതിന്റെ സൂചനയാണിത്. അത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും നിയമ വാഴ്ചയുടെയും സമ്പൂർണ തകർച്ചയിലേക്കാവും എത്തിച്ചേരുക. കുറ്റക്കാരനെന്ന് സമൂഹം കരുതുന്നയാൾക്ക്, സ്വന്തം ഭാഗം പറയാൻ അവസരം നൽകുക എന്ന സ്വാഭാവിക നീതി പോലും നിഷേധിക്കുന്ന അവസ്ഥയുണ്ടായാൽ പിന്നെ ഇവിടെ നിയമ വാഴ്ചക്കും കോടതികൾക്കും എന്ത് പ്രസക്തി. കോടതികൾക്ക് പകരം പോലീസ് സ്റ്റേഷൻ മാത്രം മതിയെങ്കിൽ നീതി നടപ്പാവുമോ.
പോലീസ് നടപടിയെ പ്രകീർത്തിക്കുന്നവർക്ക് പറയാൻ ഒട്ടേറെ വാദങ്ങളുണ്ട്. മിക്കതും ന്യായമാണുതാനും. രാജ്യത്തെ നിയമ സംവിധാനത്തിന്റെ പോരായ്മയാണ് അതിൽ പ്രധാനം. മറ്റൊന്ന് കുറ്റവാളികൾക്ക് സർക്കാറിൽനിന്നും പോലീസിൽനിന്നും മറ്റ് ഉന്നത കേന്ദ്രങ്ങളിൽനിന്നും ലഭിക്കുന്ന സഹായം. 


ഈ പ്രതികളെ ഇപ്പോൾ വെടിവെച്ചു കൊന്നത് നന്നായി, അല്ലായിരുന്നെങ്കിൽ ഇവന്മാർ ജനങ്ങളുടെ നികുതിപ്പണത്തിൽ തിന്നുകൊഴുത്ത് ജയിലിൽ സുഖമായി കഴിഞ്ഞേനേ. ഒടുവിൽ ഏതെങ്കിലും മിടുക്കനായ വക്കീലിനെ വെച്ച് ശിക്ഷിക്കപ്പെടാതെ കോടതിയിൽനിന്ന് ഊരിപ്പോയേനേ എന്ന് കരുതുന്നവരാണ് അധികവും. നമ്മുടെ കോടതികളോടും നിയമ സംവിധാനത്തോടും ജനങ്ങൾക്ക് പൊതുവിലുള്ള സമീപനം ഇതു തന്നെയാണ്. എത്ര നീചകൃത്യം ചെയ്താലും ഒന്നുകിൽ പോലീസ് കേസ് അട്ടിമറിക്കും. ഇനി കോടതിയിലെത്തിയാൽ തന്നെ വിചാരണ നടപടികൾ വർഷങ്ങൾ നീളും. അതു കഴിഞ്ഞാലോ, പലപ്പോഴും പ്രതികൾ കുറ്റവിമുക്തരായി പുറത്തു വരികയും ചെയ്യും. അഭയ മുതൽ വാളയാർ വരെ ഇതിന് കേരളത്തിൽ തന്നെ ഉദാഹരണങ്ങൾ നിരവധി.
നീതിന്യായ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നതിൽ തർക്കമില്ല, അതു പക്ഷേ പോലീസിന് യഥേഷ്ടം വെടിവെക്കാനുള്ള ലൈസൻസ് കൊടുത്തുകൊണ്ടാവരുത്. അത് സമൂഹത്തിലുണ്ടാക്കുന്ന ദുരന്തം ദൂരവ്യാപകമായിരിക്കും.


ഏതായാലും ഈ സംഭവം നമ്മുടെ നിയമ സംവിധാനത്തോട് ജനങ്ങൾക്ക് പൊതുവിലുള്ള അവിശ്വാസം പ്രകടിപ്പിക്കാനുള്ള വേളയായി. സാധാരണക്കാരന് നമ്മുടെ കോടതികളിൽനിന്ന് ഒരിക്കലും നീതി കിട്ടില്ലെന്നത് സമൂഹത്തിൽ ആഴത്തിൽ വേരുറച്ചൊരു വിശ്വാസമാണ്. കേസ് നടപടികളുടെ മെല്ലെപ്പോക്ക് ആരെയും മടുപ്പിക്കും. ഏറ്റവുമൊടുവിൽ കുറ്റവാളികളിൽ നല്ലൊരു പങ്കും തെളിവുകളുടെ അഭാവത്തിലോ മറ്റോ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യും. 


ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് കോടതികളുടെയും സർക്കാറുകളുടെയും ഉത്തരവാദിത്തമാണ്. അതിലവർ വീഴ്ച വരുത്തുന്നതാണ് ജനങ്ങളെ സ്വയം കുഴിയിൽ ചാടുന്നതു പോലുള്ള ചിന്തയിലേക്ക് നയിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരിച്ച രാഷ്ട്രീയ കക്ഷികളും നേതാക്കളുമെങ്കിലും നമ്മുടെ നിയമ സംവിധാനം ഉചിതമായി പരിഷ്‌കരിക്കാൻ മുന്നിട്ടിറങ്ങട്ടെ.
പോലീസ് നടപടിയെ എതിർക്കുന്നവരോട് ഉയരുന്ന ഒരു ചോദ്യമുണ്ട്. നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഇത് സംഭവിച്ചിരുന്നെങ്കിൽ ഇങ്ങനെയായിരിക്കുമോ പ്രതികരിക്കുക എന്ന്. അ
തൊരു കുഴയ്ക്കുന്ന ചോദ്യമാണ്. എങ്കിലും അൽപം വൈകിയാണെങ്കിലും ശരി, ശരിയായ നിയമ നടപടികളിലൂടെ മാത്രം ശിക്ഷ നടപ്പാക്കിയാൽ മതി എന്ന് മറുപടി പറയാൻ നമുക്ക് കഴിയണം. വികാരമല്ല, വിവേകമാവണം നമ്മെ നയിക്കേണ്ടത്.

Latest News