Sorry, you need to enable JavaScript to visit this website.

അയ്യപ്പമാലയും ആസിഡും വ്യാജവാര്‍ത്ത; സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം

ചെന്നൈ- തമിഴ്‌നാട്ടില്‍ ശബരിമല കയറുന്നതിന് മാലയിട്ട വിദ്യാര്‍ഥിയെ ആസിഡ് കൊണ്ട് ശുചിമുറി കഴുകിച്ചെന്നും കുട്ടിക്ക് പരിക്കേറ്റെന്നുമുള്ള വാര്‍ത്ത വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം.

വിദ്യാര്‍ഥിയെക്കൊണ്ട് ആസിഡ് ഉപയോഗിച്ച് ശുചിമുറി കഴുകിച്ചന്നും  തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നും തമിഴ്‌നാട്ടിലെ ഗുഡ്‌ഷെപ്പേഡ് സ്‌കൂളിനെ കുറിച്ചായിരുന്നു പ്രചരിച്ച വ്യാജ വാര്‍ത്ത.  

കൈക്ക് പൊള്ളലേറ്റ് ആശുപത്രിയിലിരിക്കുന്ന അയ്യപ്പ മാല ധരിച്ച വിദ്യാര്‍ഥിയുടെ ചിത്രവും  സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു.  
മേകല നാഗാര്‍ജുന റെഡ്ഡി എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് മാത്രം പന്ത്രണ്ടായിരത്തിലേറെ ഷെയറുകളുണ്ടായി. വാട്‌സാപ്പ് ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും അക്കൗണ്ടുകളിലും പേജുകളിലുമെല്ലാം ചിത്രം വൈറലായി.

തൂത്തുക്കുടിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ ഗുഡ് ഷെപ്പേഡിലെ വിദ്യാര്‍ഥിക്ക് ആസിഡ് കൊണ്ട് പൊള്ളലേറ്റ സംഭവമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.  ഡിസംബര്‍ അഞ്ചിനായിരുന്നു ഈ സംഭവം.

ഹെഡ്മാസ്റ്റര്‍ നിര്‍ദേശിച്ച പ്രകാരം കെമിസ്ട്രി ലാബില്‍ നിന്ന് ആസിഡ് കുപ്പികള്‍ മാറ്റുമ്പോള്‍ അബദ്ധവശാല്‍ അപകടമുണ്ടായെന്നാണ് വാര്‍ത്ത. കുട്ടിയുടെ ഇടത് കൈയ്യിലും കാല്‍പാദത്തിലും പൊള്ളലേറ്റിരുന്നു.

കെമിസ്ട്രി ലാബിന്റെ ഒരു ഭാഗത്തിന് ചിതല്‍പിടിച്ചതിനാല്‍ ആസിഡ് ബോട്ടിലുകള്‍ മാറ്റാന്‍ അഞ്ച് വിദ്യാര്‍ഥികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.   മഹാരാജ, പ്രമോദ്, വെല്‍രാജ്, മുരുഗപെരുമാന്‍,ജയകുമാര്‍,വസുരാജന്‍ എന്നീ കുട്ടികളില്‍  മഹാരാജക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പ്രമോദ് എന്ന കുട്ടിക്കും പൊള്ളലേറ്റിരുന്നു.

 

Latest News