Sorry, you need to enable JavaScript to visit this website.

'റോഹിംഗ്യൻ വംശഹത്യ അവസാനിപ്പിക്കൂ'; അന്താരാഷ്ട്ര കോടതിയിൽ സൂചിയോട് ആവശ്യം

ദി ഹേഗ് - റോഹിംഗ്യൻ മുസ്‌ലിംകളെ വംശഹത്യ ചെയ്യുന്നത് അവസാനിപ്പിക്കാൻ മ്യാന്മർ സേനയോട് ആവശ്യപ്പെടണമെന്ന് അവിടത്തെ സിവിലിയൻ നേതാവ് ആങ് സാൻ സൂചിയോട് അന്താരാഷ്ട്ര കോടതിയിൽ ആവശ്യം. 
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ നീതിന്യായ വകുപ്പ് മന്ത്രി അബൂബക്കർ തംബാഡൗ ആണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ മ്യാന്മാർ സർക്കാറിന്റെ ക്രൂരതകൾക്കെതിരെ ആദ്യം വാദമുയർത്തിയത്. വംശഹത്യയെന്ന് യു.എൻ അന്വേഷണ സംഘം കണ്ടെത്തിയ സംഭവത്തിൽ മ്യാന്മറിനുവേണ്ടി വ്യക്തിപരമായി പ്രതിരോധിക്കുന്നതിനാണ് സൂചി എത്തിയത്. 


സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ സൂചി, സ്വന്തം രാജ്യത്ത് നടക്കുന്ന കൂട്ടക്കൊലയിൽ സ്വീകരിച്ച ഏകപക്ഷീയ നിലപാടിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ വൻ വിമർശനം നേരിടുകയാണ്. എന്നാൽ അന്താരാഷ്ട്ര കോടതിയിൽ ഹാജരാവാൻ തയാറായ സൂചിയെ പിന്തുണച്ച് മ്യാന്മാറിൽ ഭൂരിപക്ഷ ബുദ്ധവിഭാഗക്കാർ പ്രകടനം നടത്തുന്നുണ്ട്.
2017 ൽ ആയിരക്കണക്കിന് റോഹിംഗ്യൻ മുസ്‌ലിംകളെ മ്യാൻമാർ സുരക്ഷാ സേന കൊലപ്പെടുത്തിയ സംഭവമാണ് അന്താരാഷ്ട്ര കോടതിയുടെ പരിഗണനയിലെത്തിയിരിക്കുന്നത്. വംശഹത്യ ഭയന്ന് ഏഴര ലക്ഷത്തോളം റോഹിംഗ്യൻ മുസ്‌ലിംകൾ അയൽരാജ്യമായ ബംഗ്ലാദേശിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.


സ്വന്തം ജനങ്ങളെ തന്നെ ലക്കും ലഗാനുമില്ലാത്ത ഈ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മ്യാന്മാറിനോട് പറയാൻ സൂചിയോട് ഗാംബിയൻ മന്ത്രി ആവശ്യപ്പെട്ടു. നമ്മുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഈ പ്രാകൃതമായ പ്രവൃത്തിയെന്നും അബൂബക്കർ തംബാഡൗ പറഞ്ഞു. 
നമ്മൾ നിഷ്‌ക്രിയമാകുന്ന ഓരോ ദിവസും കൂടുതൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നു, കൂടുതൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു, കൂടുതൽ കുഞ്ഞുങ്ങൾ ജീവനോടെ കത്തിക്കപ്പെടുന്നു. എന്ത് കുറ്റത്തിന്, മറ്റൊരു വിഭാഗത്തിൽ ജനിച്ചുപോയി എന്നതിന്റെ പേരിലോ തംബാഡൗ ചോദിച്ചു. 
മുൻ അഭിഭാഷകൻ കൂടിയായ തംബാഡൗ 1994 ലെ റൂവാണ്ടൻ വംശഹത്യ കേസിലും അന്താരാഷ്ട്ര കോടതിയിൽ ഹാജരായിരുന്നു.
കേസിൽ സൂചി ഇന്ന് ഡിഫൻസ് വാദം ഉന്നയിക്കും.

 

Latest News