Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി ബിൽ:  മുസ്‌ലിം വംശീയ ഉന്മൂലനത്തിനുള്ള സംഘ്പരിവാർ അജണ്ട -വെൽഫെയർ പാർട്ടി

പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെതിരെ വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റിന് മുന്നിൽ ബില്ല് കത്തിച്ച് പ്രതിഷേധിക്കുന്നു.

തിരുവനന്തപുരം- പാർലമെന്റിൽ കഴിഞ്ഞ ദിവസം  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബിൽ തികച്ചും മുസ്‌ലിം വംശീയ ഉന്മൂലനത്തിനുള്ള സംഘ്പരിവാറിന്റെ അജണ്ടയാണ് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഷെഫീഖ് പറഞ്ഞു. സംസ്ഥാന വ്യാപകമായി വെൽഫെയർ പാർട്ടി നടത്തിയ ബിൽ കത്തിക്കൽ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


കേന്ദ്രത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ അടിസ്ഥാനം വർഗീയധ്രുവീകരണം മാത്രമാണ്. ഇന്ത്യൻ മുസ്‌ലിങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ച് കൊണ്ട് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ആണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. 
പൗരത്വ ഭേദഗതി ബില്ലിലൂടെ മുസ്‌ലിങ്ങൾ ഒഴികെ എല്ലാ മത വിശ്വാസികൾക്കും ഇന്ത്യൻ പൗരത്വം നൽകുമെന്ന അമിത് ഷായുടെ പ്രഖ്യാപനം രാജ്യത്തെ അപകടപ്പെടുത്താനാണ്. അഭിനവ ഹിറ്റ്‌ലറും മുസോളിനിയും ആകാനാണ് അമിത് ഷാ ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു. 


സെക്രട്ടറിയേറ്റിനു മുന്നിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബിൽ കത്തിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനീഷ് പാറമ്പുഴ പ്രതിഷേധ സംഗമത്തിൽ സംസാരിച്ചു. ജില്ലാ പ്രസിഡൻണ്ട് എൻ.എം.അൻസാരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജയരാജ് കുന്നംപാറ, മുംതാസ് ബീഗം, എം.ഖുതുബ്, ആദിൽ അബ്ദുൽ റഹിം, നബീൽ നാസർ, ഇമാം വക്കം തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ഭാഗമായി പ്രകടനവും ബില്ല് കത്തിക്കലും സംഘടിപ്പിച്ചു. 
 

Latest News