Sorry, you need to enable JavaScript to visit this website.

ബിൽ പുനഃപരിശോധിക്കണമെന്ന് കാന്തപുരം

തിരുവനന്തപുരം- കുടിയേറ്റക്കാരിൽ മുസ്‌ലിംകളൊഴികെയുള്ളവർക്ക് പൗരത്വം നൽകാനുളള ബിൽ പുനഃപരിശോധിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. ഇക്കാര്യത്തിലുളള ആശങ്ക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ അറിയിച്ചെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ മുസ്‌ലിം സമൂഹത്തിന് ബില്ലിനെക്കുറിച്ചുള്ള ആശങ്ക കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന ആവശ്യവും ഗവർണറുമായുള്ള ചർച്ചയിൽ കാന്തപുരം മുന്നോട്ട് വെച്ചു.   


ഈ ബിൽ ഭരണഘടനാ വിരുദ്ധമാണ്. ഇത് തങ്ങളുടെ മാത്രം അഭിപ്രായമല്ല. രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും അഭിപ്രായമാണ്. ബില്ലിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ നയം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റണം. അത് കേന്ദ്ര സർക്കാറിനെ അറിയിക്കണം. മുസ്‌ലിം സമുദായത്തിന് എതിരായ നീക്കം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ പേരുടെയും ആവശ്യമാണ് ബിൽ പുനഃപരിശോധിക്കണമെന്നത്. ബില്ലിനെതിരെ രാജ്യം മുഴുവൻ എതിർപ്പാണ്.  


പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും നേരിൽ കണ്ട് മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അറിയിക്കും. ഇതിനായി സമയം തേടിയിട്ടുണ്ട്. ഉടൻതന്നെ ഇരുവരെയും കാണാൻ കഴിയുമെന്നാണ് കരുതുന്നത്. ബില്ലിനെതിരെ സമര പരിപാടികൾ ആഹ്വാനം ചെയ്തിട്ടില്ല. സമരമുറകൾ ഉണ്ടാകുന്ന സാഹചര്യം ഇല്ലാതിരിക്കട്ടെയെന്നാണ് പ്രതീക്ഷ. കോടതിയെ സമീപിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. പല നിയമങ്ങളും ബില്ലുകളും പുനഃപരിശോധിച്ചിട്ടുണ്ട്. കശ്മീർ മുതൽ ആസാം വരെയുള്ള എല്ലാ മുസ്‌ലിംകളുടെയും ശബ്ദമാണ് ബില്ലിനെതിരെ ഉയരുന്നത്. 
ബില്ലിൽ മുസ്‌ലിംകളൊഴികെയുള്ള എല്ലാ വിഭാഗത്തിനും പൗരത്വം നൽകുമെന്നും മുസ്‌ലിംകൾ മാത്രം ഒഴിവാക്കപ്പെടുമെന്നുമാണ് പറയുന്നതെന്നും കാന്തപുരം കൂട്ടിചേർത്തു.  കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ ഹാജി, എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം നേമം സിദ്ദിഖ് സഖാഫി, മർകസ് കമ്മിറ്റി അംഗം യൂസഫ് ഹെദർ സംബന്ധിച്ചു.


 

Latest News