മമ്മൂട്ടി ചിത്രം മാമാങ്കം  സൗദിയിലും കേരളത്തിനൊപ്പം റിലീസ് 

ജിദ്ദ-മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പ്രസ്റ്റീജ് ചിത്രം മാമാങ്കം ഈ മാസം 12ന് വ്യാഴാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലീസ് ചെയ്യും. സൗദി അറേബ്യയില്‍ സിനിമാ ശാലകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഇതേ വരെ റിലീസ് സിനിമ മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടില്ല. നാട്ടിലെ പഴയ ബി ക്ലാസ് തിയേറ്ററുകളിലെ പോലെ അല്‍പം കഴിഞ്ഞാണ് ആസിഫ് അലിയുടെ ബിടെകും  ലാലേട്ടന്റെ ലൂസിഫറും സൗദിയിലെത്തിയത്. ഇതാദ്യമായി റിലീസിന്റെ പുതുമയോടെ സൗദി മലയാളികള്‍ക്കും ചിത്രം കാണാനാവും. 
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മിച്ച്, എം. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ അവലംബിത തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്റേതാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും ചെലവേറിയ ചിത്രമെന്ന വിശേഷണവും മാമാങ്കത്തിന് സ്വന്തം. 
ജിദ്ദയിലെ റെഡ് സീ മാളിലും ദമാം, റിയാദ് എന്നിവിടങ്ങളിലെ മള്‍ട്ടിപ്ലക്‌സുകളിലുമാണ് സിനിമാ പ്രദര്‍ശനം തുടങ്ങുന്നത്. വാരാന്ത്യത്തില്‍ മലയാളി കുടുംബങ്ങള്‍ക്ക് വമ്പിച്ച ദൃശ്യ വിരുന്നാവും മാമാങ്കമെന്നാണ് വിലയിരുത്തല്‍. 


 

Latest News