അബുദാബി- പത്താമത് സിയാല്‍ മിഡില്‍ ഈസ്റ്റ് പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കമായി. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി അതോറിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യോല്‍പാദന രംഗത്തെ നവീന സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും സേവനങ്ങളുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് പാചകക്കൂട്ടുകളും പാചകരീതികളും നേരില്‍ കണ്ട് മനസ്സിലാക്കാനുള്ള സൗകര്യവുമുണ്ട്.
ഇന്ത്യ ഉള്‍പ്പെടെ മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തിലേറെ പ്രദര്‍ശകര്‍ പങ്കെടുക്കുന്നു. 50 രാജ്യങ്ങളില്‍നിന്നുള്ള ഇരുപതിനായിരത്തിലേറെ വ്യാപാര വിദഗ്ധരും ഭക്ഷ്യോല്‍പന്ന പ്രദര്‍ശനത്തിന്റെ ഭാഗമാകും.
ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ടിപിസിഐ) നേതൃത്വത്തില്‍ 46 കമ്പനികളുമായി ഇന്ത്യയുടെ ശക്തമായ പങ്കാളിത്തമുണ്ട്. ഏഴാം ഹാളില്‍ സജ്ജമാക്കിയ ഇന്ത്യാ പവിലിയന്‍ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു.






