Sorry, you need to enable JavaScript to visit this website.

ബാപ്പയുടെ വരവും നെറ്റ് കാളും 

സംഗതി വളരെ നിസ്സാരമായിരുന്നു. പക്ഷേ, മൽബി അതു വിട്ടുകളയുന്നില്ല. ആരാണ് വിളിച്ചു ശല്യം ചെയ്തതെന്ന് അവൾക്ക് അറിയണം. ഫോൺ വിളിക്കുമ്പോഴൊക്കെ ആദ്യത്തെ ചോദ്യം അതാണ്: എന്തായി ആളെ കിട്ടിയോ?
ഒരാൾ ഫോണിൽ വിളിച്ചപ്പോൾ ആരാണ് സംസാരിക്കുന്നതെന്നു പറഞ്ഞില്ല. അതിനെയാണ് പൂവാലനെന്നും ഞരമ്പ് രോഗിയെന്നും ശല്യക്കാരനെന്നുമൊക്കെ വ്യാഖ്യാനിച്ച് മൽബി മഹാ സംഭവമാക്കിയത്. കേട്ടപ്പോൾ മൽബുവിനും അതിൽ കാര്യമുണ്ടെന്ന് തോന്നാൻ കാരണം പല പ്രവാസികളും പങ്കുവെക്കുന്ന അനുഭവങ്ങളാണ്.
പ്രൈവറ്റ് നമ്പറെന്നും നോ നമ്പറെന്നും കാണിച്ച് പ്രവാസികളുടെ വീടുകളിലേക്ക് വിളിച്ച് ശല്യം ചെയ്യുന്ന കേമന്മാരിൽ പലരും പ്രവാസികളായിരുന്നു. പോലീസിലും സൈബർ സെല്ലിലുമെത്താതെ പ്രവാസികൾ തന്നെ കൈകാര്യം ചെയ്ത ഇത്തരം സംഭവങ്ങൾ അനവധിയാണ്. 


ശല്യക്കാരനെ പിടികിട്ടിയെങ്കിലും അത് മൽബിയോട് പറഞ്ഞിട്ടില്ല. താമസിയാതെ പിടികൂടുമെന്നും എന്നിട്ട് അയാളോടൊപ്പം ഒരു സെൽഫി അയക്കുമെന്നുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിളിച്ചയാളുടെ ഉദ്ദേശ്യം മൽബുവിനെ കിട്ടുകയാണെന്നും അതിനു പിന്നിൽ കഫീൽ അലവിയാണെന്നും ഉറപ്പായ സ്ഥിതിക്ക് പിന്നീട് അയാൾ മൽബിയുടെ നമ്പറിലേക്ക് വിളിച്ചിട്ടില്ല. സംഗതി ഇവിടെ അവസാനിക്കേണ്ടതായിരുന്നു.


ജോലിയുടെ കാര്യം സംസാരിക്കാൻ കഫീൽ അലവിയേയും പഴയ ചങ്ങാതി ഹംസയേയും കാണാൻ മൽബു ഒരുങ്ങുന്നതിനിടെ വീണ്ടും മൽബിയുടെ വിളിയെത്തി. അറിയേണ്ട കാര്യം അതു തന്നെ. ഇന്ന് എന്തായാലും പ്രതിയെ പിടികൂടുമെന്നും സെൽഫി കിട്ടിയിരിക്കുമെന്നും മൽബു മറുപടി നൽകി.
അതെന്താ അത്രയും ഉറപ്പ്?


ഇന്ന് രണ്ട് സംഭവങ്ങളുണ്ടാകും. ഒന്ന്, എനിക്കൊരു ജോലി ശരിയാകും. രണ്ട്, നിന്നെ വിളിച്ചയാളെ കണ്ടുപിടിക്കും. 
സസ്‌പെൻസാക്കി കളിച്ചാൽ നിങ്ങളേയും ശല്യക്കാരനാക്കുമെന്ന് മൽബി മുന്നറിയിപ്പ് നൽകി. ബാപ്പ വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ കട്ടക്കാക്കുകയും ചെയ്തു. 
ഇതിപ്പോൾ ഇങ്ങനെയാണ് സ്ഥിതി. നെറ്റ് കാളും വീഡിയോ കാളും നടത്തുമ്പോൾ കേൾക്കാനോ കാണാനോ കുടുംബക്കാർക്ക് സമയമില്ലെന്ന് പലരും പരാതിപ്പെടുന്നത് മൽബുവിനും സത്യമായിട്ട് തോന്നിത്തുടങ്ങീട്ടുണ്ട്. 


എപ്പോൾ വിളിച്ചാലും ഒരു ബാപ്പയുടെ വരവുണ്ടാകും. മൽബിയുടെ ബാപ്പ എന്നു പറയുമ്പോൾ മൽബുവിന്റെ കാരണവരാണ്. 
വെക്കട്ടെ, ബാപ്പ വരുന്നുണ്ട് എന്ന് പറഞ്ഞു ഫോൺ കട്ടാക്കുമ്പോൾ ആദ്യമൊക്കെ കാരണവരുടെ ശ്രദ്ധ എപ്പോഴും വീട്ടിലുണ്ടെന്ന ആശ്വാസത്തിലായിരുന്നു മൽബു. ഒരു ദിവസം അതു പൊളിഞ്ഞു പോയി. ബാപ്പയുടെ ആഗനമുണ്ട് എന്ന് മൽബി പറഞ്ഞപ്പോൾ മൽബു വെറുതെ ഒന്ന് അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ചുനോക്കിയതായിരുന്നു. ബസിലാണെന്നും നേരാംവണ്ണം കേൾക്കുന്നില്ലെന്നും അങ്ങേത്തലയ്ക്കൽനിന്ന് മറുപടി. 


മൽബുവിലെ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഉണർന്നെണീറ്റതിന്റെ ഫലമായി ഉടൻ തന്നെ വീട്ടിലേക്ക് റിംഗ് ചെയ്തു. ബാപ്പാക്ക് കൊടുക്കാൻ പറഞ്ഞു. അത് ബാപ്പ ആയിരുന്നില്ലെന്നും മൂത്താപ്പ വരുന്നതു കണ്ട് ബാപ്പയാണെന്നു വിചാരിച്ചതാണെന്നും മൽബി. 
പിന്നൊരിക്കൽ പിടിച്ചോളാന്ന് മൽബിയോട് പറഞ്ഞില്ലെങ്കിലും ഇപ്പോഴും മനസ്സിലൊരു ചോദ്യമായി ആ ഫോൺ സംഭവം കിടക്കുന്നു. 
വീട്ടുകാർക്ക് ഫോൺ എടുക്കാൻ നേരമില്ലെന്ന് പലരും പറയുമ്പോൾ മൽബുവിന്റെ മനസ്സിലേക്ക് ഈ സംഗതി തികട്ടിവരുന്നു. അടുപ്പത്ത് വെച്ച എന്തേലും തിളച്ചതുകൊണ്ടാകാം മൽബി ബാപ്പയെ വലിച്ചിഴച്ചതെന്നും ഫോൺ കട്ടാക്കിയതെന്നും കരുതി ഇപ്പോഴും സമാധാനിക്കുന്നു. 


മറ്റുള്ളവർ പറയുന്നവരുടെ കൂട്ടത്തിൽ ഒരിക്കലും മൽബിയെ പെടുത്താനാവില്ല. കാരണം പ്രവാസം അവസാനിപ്പിച്ചു പോയപ്പോൾ അവളുടെ സന്തോഷം കാണേണ്ടതായിരുന്നു. ഒന്നും വേണ്ട, കഞ്ഞിയും കാന്താരിയും കൊണ്ട് ഒപ്പിക്കാമെന്ന് പറഞ്ഞവൾ.. ജോലി പോയപ്പോൾ പരമാവധി ഇവിടെ തന്നെ പിടിച്ചുനിൽക്കണമെന്ന് പലരും ഉപദേശിച്ചപ്പോൾ വാ.. നാട്ടിലേക്ക് വാ.. ഉള്ളത് കൊണ്ട് ഒപ്പിച്ച് കഴിയാമെന്ന് പറഞ്ഞ് ആത്മവിശ്വാസം പകർന്നു നൽകിയവൾ.. കച്ചവടം പ്രതിസന്ധിയിലായപ്പോൾ സ്വർണം മുഴുവൻ ഊരിത്തന്ന് സഹായിച്ചവൾ. റോൾഡ് ഗോൾഡ് ധരിച്ച് ഇക്ക കഴിഞ്ഞയാഴ്ച വാങ്ങിത്തന്ന സ്വർണമാലയെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് മുന്നിൽ സ്റ്റാറ്റസ് ഉയർത്തിയവൾ... അങ്ങനെ നല്ല ഓർമകൾ മാത്രം സമ്മാനിച്ചവൾ തന്നെയാണ് വീണ്ടും ഉന്തിപ്പറഞ്ഞയച്ചതെങ്കിലും അത് യാഥാർഥ്യം മനസ്സിലാക്കിയായിരുന്നു. 
ങ്ങളെ വെള്ളം അവിടെയാണെന്ന് നിരീച്ചാൽ മതി. ഓരോരുത്തർക്ക് പടച്ചോൻ ഓരോന്ന് വിധിക്കും
-ഇതായിരുന്നു മൽബിയുടെ ആശ്വാസ വാചകങ്ങൾ. 


പെട്ടിയും തൂക്കി രണ്ടാം യാത്രക്കിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ മാത്രമേ നിറഞ്ഞിട്ടുള്ളൂ. മറ്റുള്ളവരൊക്കെ അന്ന് സുഖമായി അത്താഴം കഴിച്ചുകാണും. 
മൽബിയെ കുറിച്ചുള്ള അശുഭ ചിന്തകൾ മനസ്സിൽനിന്നകറ്റി മുത്തേ, കരളേ.. ഇന്ന് ജോലി ശരിയാകുമെന്ന വോയിസിനോടൊപ്പം ഒരു സെൽഫി കൂടി അയച്ച് മൽബു ഹംസയുടെ വിളിക്കായി കാത്തിരുന്നു.  കഫീൽ അലവി എത്തിയ ഉടൻ വിളിക്കുകയോ അല്ലെങ്കൽ വന്നു കൊണ്ടുപോകുകയോ ചെയ്യാമെന്നാണ് ഹംസ പറഞ്ഞിരിക്കുന്നത്. 

Latest News