ഷാര്‍ജയില്‍ എട്ടാം നിലയില്‍നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഷാര്‍ജ- ഷാര്‍ജയിലെ അല്‍ മജാസ് പ്രദേശത്തെ കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്ന് വീണ് പതിമൂന്ന് മാസം പ്രായമുള്ള അറബ് പെണ്‍കുട്ടി മരിച്ചു. ജനലിനടുത്തുള്ള കസേരയില്‍ കയറിനിന്ന കുട്ടി വഴുതി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ മുറിയുടെ ജനല്‍ തുറന്നുകിടക്കുന്നതായി കണ്ടപ്പോഴാണ് കുട്ടിയെ അന്വേഷിച്ചത്. കുട്ടി മുറിയില്‍ ഇല്ലെന്ന് മനസ്സിലായതോടെ ജനാലക്കടുത്തെത്തി. മകള്‍ താഴെ വീണ് കിടക്കുന്നതാണ് അമ്മ കണ്ടത്.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ ബുഹൈറ പോലീസ് കേസ് അന്വേഷിക്കുന്നു. മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ വിളിക്കും.
കുട്ടികളെ വീട്ടില്‍ ശ്രദ്ധിക്കാതെ ഉപേക്ഷിക്കരുതെന്നും അവരെ ജാഗ്രതയോടെ നോക്കണമെന്നും  മാതാപിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുക്കള കത്തികള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ അപകടകരമായ സാധനങ്ങള്‍ ഉള്ളിടത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കരുതെന്നും അവര്‍ പറഞ്ഞു.

 

Latest News