പാനൂര്‍- മൊകേരിയില്‍ കഴിഞ്ഞ ദിവസം 8.64 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മൊകേരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കെ.ദിപിന്‍ പ്രതിയാകും. കവര്‍ച്ച നടന്ന സ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ദിപിനെ പിടികൂടാന്‍ പോലീസ് ശ്രമം തുടങ്ങി. ഒരു ബൈക്കില്‍ മൂന്നംഗ സംഘത്തില്‍ ദിപിന്‍ നടുവില്‍ ഇരുന്ന് കവര്‍ച്ചക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് ട്രഷറര്‍, സി.പി.എം മൊകേരി ലോക്കല്‍ കമ്മിറ്റി അംഗം എന്നീ ചുമതലകളും ദിപിന്‍ വഹിക്കുന്നുണ്ട്.
ദിപിനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ നേതാക്കള്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവ് പുറത്തു വന്നതോടെ നേതൃത്വം പിന്‍മാറുകയായിരുന്നു. ഇയാള്‍ക്കു പുറമെ പാത്തിപാലത്തെ ഡി.വൈ.എഫ്.ഐക്കാരായ രണ്ട് പേരും കവര്‍ച്ചയില്‍ പങ്കെടുത്തതായി അന്വേഷണ സംഘം പറയുന്നു. സഹായം നല്‍കിയവരെയും പോലീസ് തിരയുന്നുണ്ട്. കേസില്‍ പിടികൂടിയ മുത്താറിപീടികയിലെ തേക്കിലാണ്ടിയില്‍ ജുബീഷ് (28), എം.പി.ഷിനോസ് (25), കെ.എം.സനില്‍ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. പാനൂര്‍ സി.ഐ.ടി.പി.ശ്രീജിത്ത്, എസ്.ഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.
കഞ്ചാവ് ഇടപാടുമായി ബന്ധമുണ്ടെന്ന് നേരത്തെ ദിപിനെതിരെ വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഒതുക്കിയെന്ന് പറയുന്നു. പാത്തിപാലത്തെ രണ്ടു ബി.ജെ.പി അനുഭാവികളെ വീട്ടില്‍ കയറി വെട്ടിയ കേസില്‍ ഇയാള്‍ പ്രതിയാണ്.