ദുബായ്- യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ദുരിതബാധിതരായ കേരളീയരുടെ മൃതദേഹങ്ങള്‍ സൗജന്യമായി തിരിച്ചയക്കുന്നതിന് എയര്‍ ഇന്ത്യയുമായി ചേര്‍ന്ന് കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ പദ്ധതി കാര്യമായ ഗുണമുണ്ടാക്കില്ലെന്ന് സൂചന. യു.എ.ഇയില്‍ ഇന്ത്യന്‍ മിഷനുകള്‍ ഇപ്പോള്‍ നല്‍കുന്ന സേവനത്തിന്റെ തനിപ്പകര്‍പ്പ് മാത്രമാണ് ഈ പദ്ധതിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌പോണ്‍സറുടെയോ ഇന്ത്യന്‍ മിഷന്റെയോ ധനസഹായം ഇല്ലെങ്കില്‍ മാത്രമേ മൃതദേഹങ്ങള്‍ സൗജന്യമായി എത്തിക്കുകയുള്ളൂ എന്നതിനാല്‍ ഇത് കാര്യമായി ആര്‍ക്കും പ്രയോജനം ചെയ്യില്ല.
ജനുവരിയില്‍ ബജറ്റ് പ്രസംഗത്തില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് വിദേശ രാജ്യങ്ങളില്‍നിന്നുള്ള മലയാളി പ്രവാസികളുടെ മൃതദേഹങ്ങളുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് നോണ്‍ റെസിഡന്റ് കേരളൈറ്റ് അഫയേഴ്‌സ് (നോര്‍ക്ക) വഹിക്കുമെന്നാണ്. നവംബര്‍ 26 ന് എയര്‍ ഇന്ത്യയുമായി കരാര്‍ ഒപ്പിട്ട ശേഷം നോര്‍ക്ക വ്യക്തമാക്കിയത് തൊഴിലുടമയുടെയോ സ്‌പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യങ്ങളില്‍ മാത്രമേ പദ്ധതി ലഭ്യമാകൂ എന്നാണ്.
മൃതദേഹം അതത് വിമാനത്താവളങ്ങളില്‍നിന്ന് മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിന് സൗജന്യ ആംബുലന്‍സ് സേവനവും ഈ പദ്ധതി നല്‍കുന്നു.
യു.എ.ഇ പ്രവാസികളുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ സ്‌പോണ്‍സര്‍മാരോ തൊഴിലുടമകളോ നിയമപരമായി ബാധ്യസ്ഥരാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്‌പോണ്‍സര്‍മാര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍, അര്‍ഹമായ കേസുകളില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വഴി സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് ഇവിടത്തെ ഇന്ത്യന്‍ മിഷന്‍ വഹിക്കുന്നു.
'എന്റെ അറിവില്‍, സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള പണമില്ലാതെ ഒരു ഇന്ത്യക്കാരന്റെയും മൃതശരീരം ഇവിടെയില്ല- സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ വാടാനപള്ളി പറഞ്ഞു.
ദരിദ്രരായ ആളുകളുടെ കാര്യത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇന്ത്യന്‍ മിഷന്‍ വഹിക്കുന്നുണ്ട്. സാധാരണ 5500 ദിര്‍ഹത്തോളമാണ് ചെലവ് വരിക. മൃതദേഹത്തോടൊപ്പം പോകാന്‍ ഒരാള്‍ക്ക് സൗജന്യ ടിക്കറ്റും എംബസി നല്‍കാറുണ്ട്.
നോര്‍ക്കയുടെ പുതിയ പദ്ധതിക്ക് ഒരു ഗുണഭോക്താവും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ നീക്കം ആത്മാര്‍ഥതയോടെയുള്ളതാണെങ്കില്‍ കേന്ദ്രഫണ്ടില്‍നിന്നുണ്ടാകുന്ന ചെലവുകളുടെ പകുതി വഹിക്കാമെന്ന് ഒരു കരാര്‍ ഉണ്ടാക്കുകയാണ് വേണ്ടത്. ഇരുകൂട്ടര്‍ക്കും ചെലവുകള്‍ വീതിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം, സൗദി അറേബ്യ അടക്കമുള്ള മറ്റു രാജ്യങ്ങളുടെ സ്ഥിതി വ്യത്യസ്തമായിരിക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.






