ദുബായ്- സിം കാര്‍ഡ് ഉപയോഗിച്ച് നടന്ന 4.7 ദശലക്ഷം ദിര്‍ഹം തട്ടിപ്പിന്റെ ഉത്തരവാദി പ്രാദേശിക ബാങ്കാണെന്ന ദുബായ് കോടതി വിധി എല്ലാ ബാങ്കുകള്‍ക്കും ടെലികോം ദാതാക്കള്‍ക്കും ഓര്‍മപ്പെടുത്തലാണെന്ന് പ്രമുഖ അഭിഭാഷകന്‍. കര്‍ശനമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള മുന്നറിയിപ്പാണിതെന്ന് ദുബായ് ആസ്ഥാനമായുള്ള അഭിഭാഷകന്‍ പറഞ്ഞു.
യു.കെ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ചാള്‍സ് റസ്സല്‍ സ്പീച്ച്‌ലൈസിന്റെ മിഡില്‍ ഈസ്റ്റിലെ നിയമ മേധാവി ഗസ്സന്‍ എല്‍ദേയ് ആണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഈയിടെ കോടതി പുറപ്പെടുവിട്ട ഒരു സുപ്രധാന വിധിന്യായത്തില്‍, സിം കാര്‍ഡ് സ്വാപ്പ് തട്ടിപ്പിലൂടെ ഉപഭോക്താവിന് 4.7 ദശലക്ഷം ദിര്‍ഹം നഷ്ടപ്പെടാന്‍ ഉത്തരവാദി പ്രാദേശിക ബാങ്കാണെന്ന് ദുബായ് വാണിജ്യ കോടതി വ്യക്തമാക്കി.
2017 മുതല്‍ തുടരുന്ന കേസില്‍ ഉപഭോക്താവിന്റെ പണം അയാളുടെ അക്കൗണ്ടില്‍നിന്ന് മോഷ്ടിക്കപ്പെട്ട ശേഷം അയാളുടെ അറിവില്ലാതെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുകയായിരുന്നു.
കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ ഒന്‍പത് ശതമാനം പലിശ സഹിതം ഉപഭോക്താവിന് 4.7 ദശലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവിട്ടതായി എല്‍ ദെയ് പറഞ്ഞു.
യു.എ.ഇയുടെ ബാങ്കിംഗ് മേഖലയുമായും ഉപഭോക്താക്കളുമായും ബന്ധപ്പെട്ട പുതിയ ചില കാര്യങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ഈ വിധി പ്രധാനമാണ്. കര്‍ശന സുരക്ഷാ നടപടികള്‍ നടപ്പാക്കുക, നിരന്തരമായ നിരീക്ഷണം നടത്തുക, പിന്‍ നമ്പറുകള്‍ നവീകരിക്കുക, ജീവനക്കാരുടെ കര്‍ശനമായ പശ്ചാത്തല പരിശോധന എന്നിവ ഉള്‍പ്പെടെ ബാങ്കുകള്‍ക്കും ടെലികോം ദാതാക്കള്‍ക്കുമുള്ള ശുപാര്‍ശകള്‍ വിധിന്യായത്തില്‍ നിര്‍ദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.






