Sorry, you need to enable JavaScript to visit this website.

പാനിപ്പത്തും കുരുക്കില്‍, ജാട്ടുകളെ  മോശക്കാരാക്കിയതില്‍  പ്രതിഷേധം

ജയ്പൂര്‍- കഴിഞ്ഞ ദിവസം റിലീസായ പാനിപ്പത്ത് എന്ന ചിത്രവും വിവാദമായി. 
ജാട്ടുകളെ മോശക്കാരായി ചിത്രീകരിച്ചു എന്നാണ് ആരോപണം. ഹിന്ദിയിലെ പ്രമുഖ സംവിധായകന്‍ അശുതോഷ് ഗൊവാരിക്കറാണ് ചിത്രം സംവിധാനം ചെയ്തത്. മറാത്ത സാമ്രാജ്യത്തിന്റെ അന്ത്യത്തിന് കാരണമായ മൂന്നാം പാനിപ്പത്ത് യുദ്ധത്തെ കുറിച്ചുള്ള ചിത്രമാണ് ഇത്.  രാജസ്ഥാനില്‍ ചിത്രത്തിനും സംവിധായകനുമെതിരേ വമ്പന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രധാന അഭിനേതാക്കളായ അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, ക്രിതി സനോണ്‍ എന്നിവര്‍ക്കെതിരെയും പ്രതിഷേധം നടക്കുന്നുണ്ട്. രാജസ്ഥാനിലെ ജാട്ടുകളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ ചിത്രത്തിലുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മറാത്താ സാമ്രാജ്യത്തിന്റെ സൈന്യാധിപനായ സദാശിവ് റാവു ബാവുവിന്റെ വേഷമാണ് ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ജുന്‍ കപൂറിന്റെ കഥാപാത്രം അഫ്ഗാനിസ്ഥാന്റെ ശില്‍പ്പിയായി അറിയപ്പെടുന്ന അഹമ്മദ് ഷാ അബ്ദാലി യുദ്ധത്തിന് വരുമ്പോള്‍ മറാത്താ സാമ്രാജ്യത്തിന്റെ സഖ്യമായ രാജസ്ഥാനിലെ മഹാരാജ സുരജ്മലിനോട് സഹായം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സദാശിവുമായി നിരവധി തവണ വിലപേശല്‍ നടക്കുകയും, ഒടുവില്‍ പിന്തുണ നല്‍കാതെ പിന്‍മാറുന്നതുമാണ് ചിത്രത്തിലുള്ളത്. സുരജ്മല്‍ പറഞ്ഞ കാര്യങ്ങള്‍ സദാശിവ് അംഗീകരിച്ചിരുന്നില്ലെന്നും ചിത്രത്തില്‍ പറയുന്നുണ്ട്. രാജസ്ഥാനിലെ ജാട്ടുകള്‍ ഇത്തരമൊരു സംഭവമേ ഇല്ലെന്നാണ് വാദിക്കുന്നത്. ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇവര്‍ പറയുന്നു. ജാട്ട് വിഭാഗം ഈ സീനില്‍ പ്രതിഷേധിച്ച് സംവിധായകന്‍ അശുതോഷ് ഗൊവാരിക്കറുടെ കോലം കത്തിച്ചു. 

Latest News