ജിദ്ദയില്‍ വ്യാപാര കേന്ദ്രത്തില്‍ അഗ്നിബാധ; ആളപായമില്ല

ജിദ്ദ കിലോ മൂന്നിലെ വ്യാപാര കേന്ദ്രത്തിലുണ്ടായ അഗ്നിബാധ.

ജിദ്ദ - ദക്ഷിണ ജിദ്ദയില്‍ പഴയ മക്ക റോഡിലെ കിലോ മൂന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ അഗ്നിബാധ. സ്‌പെയര്‍ പാര്‍ട്‌സും അലങ്കാര വസ്തുക്കളും മറ്റും വില്‍പന നടത്തുന്ന കേന്ദ്രത്തില്‍ രാത്രിയാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. വ്യാപാര കേന്ദ്രത്തിലെ ഒരു സ്ഥാപനത്തിലാണ് തീ ആദ്യം പ്രത്യക്ഷപ്പെട്ടത്. വൈകാതെ സമീപത്തെ ഏതാനും സ്ഥാപനങ്ങളിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു.
അപ്‌ഹോള്‍സ്റ്ററി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചതായി മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. ഈ സ്ഥാപനത്തിലാണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചു. മറ്റേതാനും സ്ഥാപനങ്ങളുടെ മുന്‍ഭാഗം കത്തിനശിച്ചു. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ ഉള്‍ഭാഗത്തേക്ക് തീ പടര്‍ന്നുപിടിച്ചിരുന്നില്ല. അഗ്നിബാധയില്‍ ആര്‍ക്കും പരിക്കില്ലെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.


 

 

Latest News