Sorry, you need to enable JavaScript to visit this website.

ഐ.പി.എൽ കഴിയട്ടെ, പറയാം

ചോ: എം.എസ് ധോണിയെ ഏറ്റവും ശക്തമായി പിന്തുണക്കുന്നയാളാണ് താങ്കൾ. ഇന്ത്യൻ ടീമിൽ ധോണിക്ക് ഭാവിയുണ്ടോ? 


ഉ: ഇന്ത്യൻ പ്രീമിയർ ലീഗ് കഴിയുന്നതു വരെ കാത്തിരിക്കുക. ധോണിയുടെയും മറ്റു വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാന്മാരുടെയും പ്രകടനം വിലയിരുത്തുക. അവരുമായി താരതമ്യം ചെയ്യുമ്പോൾ ധോണി എവിടെ നിൽക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അടുത്ത വർഷം നിർണായകമായിരിക്കും. 
ഐ.പി.എൽ സുപ്രധാനമാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ നിശ്ചയിക്കുന്നത് ഐ.പി.എല്ലിലെ പ്രകടനമനുസരിച്ചായിരിക്കും. ഐ.പി.എൽ കഴിയുമ്പോഴേക്ക് ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ ഏതാണ്ട് നിശ്ചയിച്ചിരിക്കും. 

ചോ: താങ്കളും സൗരവ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സൗരവ് ബി.സി.സി.ഐ അധ്യക്ഷനായിരിക്കുകയാണ്.


ഉ: സൗരവ് ബി.സി.സി.ഐ പ്രസിഡന്റായപ്പോൾ ആദ്യം അഭിനന്ദിച്ചവരിലൊരാൾ ഞാനായിരിക്കും. കളിക്കളത്തിലും പുറത്തും ബി.സി.സി.ഐയുടെ സ്ഥാനം വീണ്ടെടുക്കുകയാണ് ഏറ്റവും പ്രധാനമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ നിർണായ ഘട്ടത്തിൽ ഒരു ക്രിക്കറ്റർ തലപ്പത്തെത്തി എന്നതിലും ഞാൻ അതീവ സന്തുഷ്ടനാണ്. സൗരവ് മികച്ച കളിക്കാരനും ഒന്നാന്തരം ക്യാപ്റ്റനും കഴിവുറ്റ ഭരണാധികാരിയുമാണ്. 

 

ചോ: റിഷഭ് പന്തിന്റെ പ്രകടനം ഏറെ വിമർശിക്കപ്പെടുന്നുണ്ടല്ലോ. എന്താണ് റിഷഭിനോട് പറയാറ്?


ഉ: റിഷഭ് പന്തിൽ ഒരു സൂപ്പർ സ്റ്റാർ ഒളിഞ്ഞിരിപ്പുണ്ട്. റിഷഭിന് താളം കണ്ടെത്താനും കഴിവ് തെളിയിക്കാനും അൽപമൊരു പിന്തുണ ആവശ്യമുണ്ട്. താൻ ചെറുപ്പമാണെന്നും എല്ലാം ഒരു ദിനം കൊണ്ട് പഠിക്കണമെന്ന് ശഠിക്കരുതെന്നുമാണ് റിഷഭിനോട് പറയാറുള്ളത്. തെറ്റുകൾ സംഭവിക്കും. ഓരോ തെറ്റും എങ്ങനെ പരിഹരിക്കും എന്ന് ചിന്തിക്കുന്നേടത്തോളം കളിയിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കും. ഒരു ദിവസം കൊണ്ട് ആരും സൂപ്പർസ്റ്റാറാവില്ല. കയറ്റവും ഇറക്കവുമുണ്ടാവും. അതാണ് ജീവിതം. കൂടുതൽ അധ്വാനിക്കുമ്പോൾ, കൂടുതൽ ആത്മസമർപ്പണമുണ്ടാവുമ്പോൾ കൂടുതൽ മെച്ചപ്പെടും. 

ചോ: എങ്ങനെയാണ് കളിക്കാരെ മനസ്സിലാക്കുന്നത്?


ഉ: 40 വർഷത്തോളമായി ഞാൻ ക്രിക്കറ്റിനിടയിലാണ്. എൺപതുകളിൽ മുംബൈക്കു കളിച്ചു കൊണ്ട് തുടങ്ങിയതാണ്. അതിനു ശേഷം കളിക്കാരനായോ കമന്റേറ്ററായോ കോച്ചായോ ഞാനില്ലാത്ത ഒരു സീസൺ പോലും കടന്നുപോയിട്ടില്ല. ഇത്രയും കളി വീക്ഷിച്ചതും കളിക്കാരനായതും കമന്റേറ്ററായതും വലിയ പാഠമായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിക്കറ്റ് കാണാനായി എന്നതും അനുഭവമായിരുന്നു. കളിക്കാരെ മനസ്സിലാക്കുന്നതിൽ ഇതൊക്കെ ഉപകരിക്കുന്നു. 

ചോ: ഡേ-നൈറ്റ് ക്രിക്കറ്റ് വലിയ തുടക്കമായിരുന്നു. അത് ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമാവുമോ?


ഉ: കൊൽക്കത്തയിൽ ഉജ്വലമായാണ് ഡേ-നൈറ്റ് ടെസ്റ്റ് സംഘടിപ്പിച്ചത്. വൻ ജനക്കൂട്ടം കളി കാണാനെത്തി. എന്നാൽ പന്തിനെക്കുറിച്ച് കൂടുതൽ പഠനം വേണം. അതിന്റെ തിളക്കവും ഘടനയും നിലനിർത്താൻ എന്തൊക്കെ ചെയ്യാനാവുമെന്ന് ആലോചിക്കണം. കാണികൾക്ക് കാണാനാവുന്നതും മഞ്ഞുവീഴ്ചയിൽ മാർദ്ദവപ്പെട്ടു പോവാത്തതുമായ പന്ത് നിർമിക്കാൻ നിർമാതാക്കൾ ഒരുപാട് മുന്നോട്ടുപോവേണ്ടതുണ്ട്. ചുവന്ന പന്തിന്റെ എല്ലാ സ്വഭാവവും നിലനിർത്തുന്ന പിങ്ക് ബോൾ ഉണ്ടാക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. 

Latest News