Sorry, you need to enable JavaScript to visit this website.

ആന്റണി ജോഷ്വ-ആൻഡി റൂയിസ് ജൂനിയർ പോരാട്ടം സൗദിയിൽ ഇന്ന്‌

ജോഷ്വയെ ന്യൂയോർക്കിലെ പോരാട്ടത്തിൽ റൂയിസ് ഇടിച്ചുവീഴ്ത്തുന്നു.
സ്‌പോർട്‌സ് ആസ്വദിക്കുന്നതിൽ സ്ത്രീകളും മുൻനിരയിലുണ്ട്.
പ്രി ഫൈറ്റ് മാധ്യമസമ്മേളനത്തിനെത്തുന്ന ജോഷ്വ

ജൂണിൽ അമേരിക്കയിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ആൻഡി റൂയിസ് ജൂനിയർ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ആന്റണി ജോൺസണിനെ ഞെട്ടിച്ചതിന്റെ അലയടങ്ങും മുമ്പെ ബ്രിട്ടിഷ് സ്‌പോർട്‌സ് പ്രമോട്ടർ എഡ്ഡി ഹേൺ റിയാദിലെത്തിയിരുന്നു, റീ മാച്ചിന്റെ സാധ്യതകൾ തേടാൻ. മുൻ ചാമ്പ്യനായ ജോഷ്വയെ മെക്‌സിക്കൻ അമേരിക്കക്കാരനായ ആൻഡി റൂയിസ് ജൂനിയർ മലർത്തിയടിക്കുമെന്ന് അധികമാരും കരുതിയിരുന്നില്ല. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി അത്. അതിന് റിയാദിൽ പകരം ചോദിക്കാനൊരുങ്ങുകയാണ് ജോഷ്വ.


റിയാദിലെ പ്രി ഫൈറ്റ് പ്രസ് കോൺഫറൻസ് പതിവുപോലെ വാഗ്വാദങ്ങളുടേതായിരുന്നില്ല. മത്സരാർഥികൾ ഇരുവരും പതിവില്ലാത്ത വിധം മാന്യത പാലിച്ചു. പ്രാർഥനക്കു ശേഷമായിരുന്നു അഭിമുഖങ്ങൾ അരങ്ങേറിയത്. പലപ്പോഴും പ്രൊഫഷനൽ ബോക്‌സിംഗ് വളരെ ഇടുങ്ങിയ ചിന്തയുടേതാണെന്ന് ഹേൺ സമ്മതിച്ചു. ദിർഇയയിലെ അൽസൗദ് രാജകുടുംബത്തിന്റെ പൗരാണിക കുടുംബത്തിന്റെ കല്ലവശിഷ്ടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ലാസ് വെഗാസിലും ന്യൂയോർക്കിലും ലണ്ടനിലുമൊക്കെ ഒതുങ്ങി നിന്ന പ്രൊഫഷനൽ ബോക്‌സിംഗ് സൗദി അറേബ്യയിലുമെത്തുകയാണെന്ന് ഹേൺ പ്രഖ്യാപിച്ചു. 


മണൽക്കുന്നുകളിലെ മൽപിടുത്തമെന്നാണ് ഇന്നത്തെ റീമാച്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ബോക്‌സിംഗ് ചരിത്രത്തിൽ വന്യ ഗർജനവും മനിലയിലെ ത്രില്ലറും പോലെ ഐതിഹാസികമാവും മണൽക്കുന്നുകളിലെ മൽപിടുത്തമെന്ന് ഹേൺ കരുതുന്നു. മുഹമ്മദലിയും ജോർജ് ഫോർമാനും തമ്മിൽ സയറിൽ നടന്ന പോരാട്ടമാണ് വനങ്ങളിലെ വന്യഗർജനം. ജോ ഫ്രെയ്‌സറും അലിയും തമ്മിൽ ഫിലിപ്പൈൻസിൽ നടന്ന ഏറ്റുമുട്ടലാണ് മനിലയിലെ ത്രില്ലർ. 


അഞ്ച് കോടി ഡോളർ ചെലവിട്ടാണ് ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ റീമാച്ചിനുള്ള അവകാശം സൗദി അറേബ്യ നേടിയെടുത്തത്. രാജ്യാന്തര കായികരംഗത്ത് ഗൾഫ് മേഖല ഒഴുക്കുന്നത് കോടികളാണ്. 2022 ലെ ലോകകപ്പ് ഫുട്‌ബോളിന്റെ വേദി ഖത്തറാണ്. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി ഖത്തർ 20,000 കോടി ഡോളറാണ് ചെലവിടുന്നത്. അബുദാബി മാഞ്ചസ്റ്റർ സിറ്റിയെയും ഖത്തർ പാരിസ് സെയ്ന്റ് ജർമാനെയും ലോകോത്തര ക്ലബ്ബുകളാക്കി മാറ്റി. മോട്ടോർ റെയ്‌സിംഗിലും അത്‌ലറ്റിക്‌സിലും ടെന്നിസിലും ഗോൾഫിലും ബോക്‌സിംഗിലും ഗൾഫ് മേഖല പുതിയ നാഴികക്കല്ലുകൾ പിന്നിട്ടു. ഇത് ലോക സ്‌പോർട്‌സിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണെന്ന് ബ്രിട്ടനിലെ സാൽഫോഡ് ബിസിനസ് സ്‌കൂളിലെ പ്രൊഫസർ സൈമൺ ചാഡ്‌വിക് പറയുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ്ശക്തിയും ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായ സൗദി അറേബ്യയുടെ രംഗപ്രവേശം ഈ രംഗത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സൗദിയെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിൽ സ്‌പോർട്‌സിനും ടൂറിസത്തിനും സംസ്‌കാരത്തിനും വിനോദത്തിനും വലിയ പങ്കുണ്ടെന്ന് ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ അഭിപ്രായപ്പെട്ടു. അക്ഷരാർഥത്തിൽ ആകാശമാണ് ഞങ്ങളുടെ അതിർത്തി. രാജ്യത്തിന് ഗുണം ചെയ്യുമെങ്കിൽ എന്തു വില കൊടുത്തും ചെയ്യുക എന്നതാണ് ഞങ്ങളുടെ നയം -അദ്ദേഹം വിശദീകരിച്ചു. 
ദിർഇയ ബോക്‌സിംഗിലും കാർ റെയ്‌സിലും നിർത്തില്ല. 20,000 പേർക്കിരിക്കാവുന്ന ഓപൺ എയർ സ്റ്റേഡിയത്തിലായിരിക്കും ഡിസംബർ ഏഴിലെ ജോഷ്വ-റൂയിസ് ഹെവിവെയ്റ്റ് ബോക്‌സിംഗ് റീമാച്ച്. ഓപൺ എയർ സ്റ്റേഡിയത്തിലെ മുൻനിര സീറ്റിന് 13,000 ഡോളർ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. തൊട്ടുപിന്നാലെ ഏറ്റവും മികച്ച എട്ട് കളിക്കാർ പങ്കെടുക്കുന്ന ടെന്നിസ് ടൂർണമെന്റിന് ഒരുങ്ങുകയാണ് ഈ പൗരാണിക നഗരം. 30 ലക്ഷം ഡോളറാണ് മൊത്തം ഈ ടൂർണമെന്റിന്റെ സമ്മാനത്തുക. ജനുവരിയിൽ പാരിസ്-ദാക്കർ കാർ റാലിക്കും ആദ്യമായി റിയാദ് വേദിയാവും.
സ്‌പെയിനിലെ നാല് മുൻനിര ടീമുകൾ അണിനിരക്കുന്ന സ്പാനിഷ് സൂപ്പർ കപ്പിന് ജനുവരിയിൽ തന്നെ ജിദ്ദ അരങ്ങൊരുക്കും. റയൽ മഡ്രീഡും ബാഴ്‌സലോണയും അത്‌ലറ്റിക്കൊ മഡ്രീഡും വലൻസിയയും ടൂർണമെന്റിൽ അണിനിരക്കും. നാലു കോടിയോളം യൂറോയാണ് ഓരോ വർഷവും ഇതുവഴി സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന് ലഭിക്കുക. മൂന്നു വർഷത്തേക്കാണ് ഇപ്പോൾ കരാറൊപ്പിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്ത ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുനൈറ്റഡ് വാങ്ങാൻ സൗദി ശ്രമിക്കുന്നതായും വാർത്തകളുണ്ട്.  ഫോർമുല ഇ റെയ്‌സിംഗ്, ഇറ്റാലിയൻ സൂപ്പർ കപ്പ്, യൂറോപ്യൻ ഗോൾഫ് ടൂർ എന്നിവ തുടർച്ചയായി രണ്ടാം വർഷം സൗദിയിൽ അരങ്ങേറും. ആദ്യമായി സൈക്ലിംഗ് ടൂർണമെന്റും വിരുന്നെത്തും. ഫെബ്രുവരിയിൽ നടക്കുന്ന പ്രഥമ സൗദി കപ്പ് ലോകത്തിലെ ഏറ്റവും സമ്പന്നമായ കുതിരസവാരിയായിരിക്കും. രണ്ടു കോടി ഡോളറാണ് സമ്മാനത്തുക. 
എല്ലാ കായിക ഇനങ്ങൾക്കും വേദിയൊരുക്കാനാണ് തീരുമാനമെന്നും സൗദിയെ മേഖലയിലെ ഏറ്റവും മികച്ച കായിക കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അബ്ദുൽഅസീസ് രാജകുമാരൻ പ്രഖ്യാപിച്ചു.
ഖത്തറിലെ ലോകകപ്പ് പ്രൊജക്ടിന്റെയും അബുദാബിയിലെ 4000 കോടി ഡോളർ ചെലവ് വരുന്ന യാസ് അയലന്റ് ഡവലപ്‌മെന്റ് പ്രൊജക്ടിലെ അബുദാബി ഫോർമുല വൺ ട്രാക്കിന്റെയുമൊക്കെ മാതൃകയിൽ സൗദി അറേബ്യയിൽ ക്വിദ്ദിയ സ്‌പോർട്‌സ് ആന്റ് എന്റർടയ്ൻമെന്റ് പ്രൊജക്ട് നിലവിൽ വരികയാണ്. റിയാദിനടുത്ത് നിർമിക്കുന്ന ഒളിംപിക് സ്റ്റൈൽ സിറ്റിയിൽ മോട്ടോർസ്‌പോർട് കോംപ്ലക്‌സ് പണിയും. 
യുവതലമുറക്ക് സ്‌പോർട്‌സിനും വിനോദത്തിനുമുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കായിക സംസ്‌കാരം വളർത്തിയെടുക്കാനും സൗദി ഉദ്ദേശിക്കുന്നു. ലോകത്തിൽ അമിതഭാരം കൊണ്ട് ഏറ്റവുമധികം കഷ്ടപ്പെടുന്നവർ സൗദിയിലാണ്. 
 

Latest News