ലഖ്നൗ- ഉന്നാവിൽ ബലാത്സംഗ കേസിലെ പ്രതികൾ തീയിട്ട യുവതി കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ ഞെട്ടൽ മാറുംമുമ്പേ യു.പിയിൽനിന്ന് വീണ്ടും ബലാത്സംഗ വാർത്ത. ബുലന്ദ്ഷഹറിലാണ് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. ഇതിൽ മൂന്നു പേരും പ്രായപൂർത്തിയാകാത്തവരാണ്. അതിനിടെ ഉന്നാവിലെ മാഖി ഗ്രാമത്തിൽ മൂന്നു വയസുകാരി ബലാത്സംഗത്തിന് ഇരയായി. ഈ കേസിലെ പ്രതിയെയും പിടികൂടി. ഇതിന് പിന്നാലെ ബിഹാറിൽ അഞ്ചു വയസുകാരിയും പീഡനത്തിന് ഇരയായി. ബിഹാറിലെ ദർബാംഗയിലാണ് സംഭവം. ഈ കേസിലെ പ്രതിയെ പോലീസ് പിടികൂടി. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.