Sorry, you need to enable JavaScript to visit this website.
Tuesday , August   04, 2020
Tuesday , August   04, 2020

ഇബ്രാഹിമിന്റെ ജിദ്ദയിലെ കറിവേപ്പിലത്തോട്ടം

ആവശ്യം കഴിഞ്ഞാൽ എടുത്ത് ഒഴിവാക്കുമെങ്കിലും മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. ലോകത്തിന്റെ ഏതു കോണിൽ പോയാലും ഒരുനുള്ള് കറിവേപ്പില കിട്ടുമോ എന്നന്വേഷിക്കാത്ത മലയാളികളുണ്ടാവില്ല. കറിക്ക് രുചി പകരാൻ, മണം കിട്ടാൻ കറിവേപ്പിലയില്ലാതെ മറ്റൊന്നില്ല. അതുകൊണ്ട് എത്ര വില കൊടുത്തായാലും കറിവേപ്പില വാങ്ങും. കറിവേപ്പില എവിടെ കണ്ടാലും അതൊന്നു നുള്ളി മണത്തു നോക്കാത്ത മലയാളികളുണ്ടാകില്ല. ഓരോ പ്രവാസിയും അവന്റെ ചുറ്റുവട്ടത്തിലെവിടെയങ്കിലും ഒരു കറിവേപ്പില തൈ നട്ടിട്ടുണ്ടാകും.  

പൂ ചോദിച്ചവന് പൂന്തോട്ടമൊരുക്കിയ പോലെയാണ് ജിദ്ദ നഗരമധ്യത്തിലൊരു മലയാളി കറിവേപ്പില തോട്ടം തന്നെ ഒരുക്കിയത്. കാണാതെ ഒരാൾക്കും ഇത് വിശ്വസിക്കാനാവില്ല. വയനാട്ടുകാരൻ ഇബ്രാഹിമാണ് ജിദ്ദ നഗരത്തിൽ കണ്ണെത്താ ദൂരത്തോളം കറിവേപ്പില തോട്ടമൊരുക്കിയിരിക്കുന്നത്. ഭൂമി സ്‌പോൺസറായ അറബിയുടേതാണെങ്കിലും തോട്ടത്തിന്റെ പൂർണ ഉത്തരവാദിത്തവും അതിൽനിന്നു ലഭിക്കുന്ന വരുമാനവും  ഇബ്രാഹിമിനാണ്. റിബാഹ് ഡിസ്ട്രിക്ടിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിനു മുൻവശമാണ് ഇബ്രാഹിമിന്റെ ചുറ്റുമതിലോടു കൂടിയ മനോഹര തോട്ടം. തോട്ടത്തിനുള്ളിലെത്തിയാൽ അതിന്റെ വശ്യതയിൽ അലിയാത്തവരുണ്ടാകില്ല. ഓർമയിൽനിന്ന് നുള്ളിയെറിയാനാകാത്ത വിധം കറിവേപ്പിലയും അതിന്റെ മണവും ചൂഴ്ന്നുനിൽക്കും.
ബിസിനസുകരാനായ സ്‌പോൺസറുടെ വീടിന്റെ കാവൽക്കാരനാണ് ഇബ്രാഹിം. രണ്ടര ഏക്കർ വരുന്ന കോമ്പൗണ്ടിനുള്ളിലെ വലിയ വീടും ചുറ്റുപാടും കഴിഞ്ഞുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഇബ്രാഹിമിന്റെ തോട്ടം. ഇബ്രാഹിം ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 27 വർഷമായി. 23 വർഷം മുൻപ് ഒഴിഞ്ഞു കിടന്ന സ്ഥലത്ത് ഒരു തൈ വെച്ചതാണ്. അതു പടർന്നു പന്തലിച്ച് വലിയ തോട്ടമായി മാറുകയായിരുന്നു. 


വേരിൽനിന്ന് പൊട്ടി മുളച്ചുണ്ടായതല്ലാതെ ആദ്യം വെച്ച തൈക്കു പുറമെ പിന്നെ ഒരു തൈ പോലും ഇബ്രാഹിമിനു നടേണ്ടി വന്നിട്ടില്ല. ഇപ്പോൾ എണ്ണിയാൽ ഒടുങ്ങാത്തത്ര കറിവേപ്പിലച്ചെടികളാണ് തോട്ടത്തിലുള്ളത്. ഒരാൾ പൊക്കത്തിൽ വെട്ടി നിർത്തുന്നതിനാൽ വലിയ മരമായി വളരുന്നില്ല. ഇല വെട്ടിയെടുക്കാനുള്ള സൗകര്യത്തിനാണ് ഒരാൾ പൊക്കത്തിന് ചെടികൾ ഇബ്രാഹിം ഒതുക്കിവെക്കുന്നത്. ഒരു വശത്തുനിന്ന് ഇല വെട്ടിയെടുക്കുന്നതിനനുസരിച്ച് മറുവശത്ത് ചെടി വളർന്നുകൊണ്ടിരിക്കും. കൃഷി ആരംഭിച്ചിട്ട് 23 വർഷമായെങ്കിലും പത്തു വർഷത്തോളമായി നല്ല വരുമാനം ഇതിൽനിന്നു ഇബ്രാഹിമിനു ലഭിക്കുന്നുണ്ട്. രണ്ടു നേരം നനച്ചു കൊടുക്കുന്നതല്ലാതെ ഒരു രാസ വളപ്രയോഗവും ഇബ്രാഹിമിന്റെ തോട്ടത്തിനില്ല. 


ജിദ്ദയിലെ ഒട്ടുമിക്ക മലയാളി കടകളിലും ഷറഫിയയിലെ ചില ഹോട്ടലുകളിലും ഇബ്രാഹിമിന്റെ കറിവേപ്പിലയാണ് ഉപയോഗിക്കുന്നത്. ഓരോ കടകളിലും രണ്ടും മൂന്നും അഞ്ചും ആറും കിലോ വരെ ഇല ഇബ്രാഹിം കൊടുക്കാറുണ്ട്. തീരുന്നതിനനുസരിച്ച് കടക്കാർ ഇബ്രാഹിമിനെ സമീപിക്കും. ഇന്ത്യൻ സ്‌കൂളിലെ അധ്യാപകരും വ്യക്തികളും ഇബ്രാഹിമിനെ സമീപിച്ച് ഇല വാങ്ങാറുണ്ട്. കറിവേപ്പിലയിൽനിന്നുള്ള വരുമാനമത്രയും ഇബ്രാഹിമിനാണ്. ഇതിൽ നിന്ന് ഒരു പൈസ പോലും സ്‌പോൺസർ വാങ്ങാറില്ല. നനക്കാൻ വേണ്ട വെള്ളമത്രയും സ്‌പോൺസറാണ് നൽകുന്നത്. കറിവേപ്പില തോട്ടത്തിന്റെ അതിരുകളിൽ ചെടികളും ഇടക്ക് മുരിങ്ങ, മാങ്ങ, തക്കാളി തുടങ്ങിയ കൃഷികളും ഇബ്രാഹിം നടത്തുന്നുണ്ട്. വീടിനോടുനബന്ധിച്ച കോമ്പൗണ്ടിന്റെ ചുറ്റുമതിലിന് നല്ല ഉയരമായതിനാൽ ഇബ്രാഹിമിന്റെ തോട്ടം പുറമെനിന്നു കാണാനാവില്ല. തോട്ടത്തിനു നടുവിലൂടെ ടൈൽസ് പാകിയ വഴി തോട്ടത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു.  തോട്ടത്തിന്റെ സംരക്ഷണത്തിന് ഗുണകരമാണിത്. വിളവെടുപ്പിനും ഇതു സഹായകമാണ്. വയനാട്ടിലെ കാർഷിക മേഖലയിൽനിന്ന് ഒരു ചെടി പോലും ഇല്ലാത്തിടത്ത് ജോലിക്കെത്തിയ ഇബ്രാഹിം വർഷങ്ങളുടെ കഠിനാധ്വാത്തിൽ മരുഭൂമിയെ മുരപ്പച്ചയാക്കി മാറ്റുകയായിരുന്നു. 


സാധാരണ സൗദികൾ കറിവേപ്പില കറിക്കുപയോഗിക്കാറില്ല. എന്നാൽ ഇബ്രാഹിമിന്റെ കറിവേപ്പിലയോടുള്ള പ്രേമം സ്‌പോൺസറെയും കുടുംബത്തെയും കറിവേപ്പിലയുടെ ആരാധകരാക്കി മാറ്റി. ഇപ്പോൾ ഇവരും കറികളിൽ കറിവേപ്പില ഉപയോഗിക്കും. മാത്രമല്ല, വീടിന്റെ പരിസരം വൃത്തിയിലും പച്ചപ്പിലും സൂക്ഷിക്കുന്നതും സ്‌പോൺസർക്ക് ഇബ്രാഹിമിനോടുള്ള സ്‌നേഹം കൂടാൻ സഹായിച്ചു. അതുകൊണ്ടു തന്നെ കോമ്പൗണ്ടും പരിസരവും വൃത്തിയാക്കലും തോട്ടം സംരക്ഷണവുമല്ലാതെ ഇബ്രാഹിമിന് മറ്റു ജോലികളൊന്നും ഇല്ല. 
ശമ്പളത്തിനു പുറമെ ലഭിക്കുന്ന  വരുമാനവും കറിവേപ്പിലകളോടും ചെടികളോടും സല്ലപിച്ചുമുള്ള ജീവിതവും ഏറെ സംതൃപ്തിയാണ് തനിക്കു നൽകുന്നതെന്ന് ഇബ്രാഹിം പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമരശ്ശേരിയിലാണ് താമസിക്കുന്നത്.  

Latest News