Sorry, you need to enable JavaScript to visit this website.
Saturday , August   08, 2020
Saturday , August   08, 2020

വാക്കിന്റെ ചൂടിൽ പൊള്ളിയടരരുത്...

വാളുകൾ തട്ടി മുറിഞ്ഞതിനേക്കാൾ ബന്ധങ്ങൾ വാക്കുകൾ കൊണ്ട് മുറിഞ്ഞിട്ടുണ്ട്. പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ നല്ല രീതിയിലുള്ള സംസാരം അത്യാവശ്യമാണ്. സംസാരത്തിൽ പിഴവ് പറ്റിയാൽ അത് മനുഷ്യ ബന്ധങ്ങളിൽ നിഴലിക്കും. പല കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും തകർന്നു തരിപ്പണമായത് ഏതോ ചില വികാരത്തള്ളിച്ചയുടെ വേളകളിൽ അശ്രദ്ധമായോ, കേൾക്കുന്ന ആളുടെ മനോനില പരിഗണിക്കാതെയോ ഉപയോഗിച്ച വാക്കുകൾ കാരണമാണ്. 


നിത്യേന ഒരുപാട് വാക്കുകൾ സംസാരത്തിലും എഴുത്തിലും ഉപയോഗിക്കുന്നവരാണ് നാം. പ്രയോഗിക്കുന്ന വാക്കുകൾ കേൾക്കുന്നവരിൽ ഏതു തരത്തിലുള്ള വികാരമാണ് സൃഷ്ടിക്കുന്നത് എന്ന നേരിയ ആലോചനയെങ്കിലും നമുക്കുണ്ടാവുമ്പോഴാണ് നമ്മുടെ വിനിമയം ആരോഗ്യകരമായി തുടങ്ങുന്നത്. 


പറയുന്ന ആൾ, കേൾക്കുന്ന ആൾ, ഉപയോഗിക്കുന്ന മാധ്യമം, പറയപ്പെടുന്ന വിഷയത്തിന്റെ സ്വഭാവം, സാഹചര്യം എന്നിവയോടൊക്കെ ബന്ധപ്പെട്ടതാണ് വിനിമയത്തിലെ കാര്യക്ഷമത. 
സോഷ്യൽ മീഡിയയുടെ വരവോട് കൂടി ഒരുപാട് പറയുന്നവരും എഴുതുന്നവരും പ്രതികരിക്കുന്നവരുമായി നമ്മൾ മാറി. ചിലർ ഒരു തരം മനോരോഗത്തിനടിപ്പെട്ടവരെ പോലെ, എന്തെഴുതുന്നു, എന്തിനെഴുതുന്നു എന്നൊന്നും തിട്ടമില്ലാതെ നിമിഷം തോറും അതുമിതും എഴുതിയും ഷെയർ ചെയ്തും സായൂജ്യമടയുന്നു. ചിലർക്ക് സോഷ്യൽ മീഡിയ മോചനമില്ലാത്ത ലഹരിയായി മാറിക്കൊണ്ടിരിക്കുന്നു. 


ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നുള്ളവരുടെയും പ്രതികരണ പ്രവാഹവും ശൈലീ വൈവിധ്യവും നമുക്കിപ്പോൾ ലഭ്യമാണ്. ഒരാൾ ആവർത്തിച്ചുപയോഗിക്കുന്ന വാക്കുകളും ശൈലികളും അപഗ്രഥിച്ചാൽ അയാളുടെ വ്യക്തിത്വ സവിശേഷതയും നയനിലപാടുകളിലെ വലിപ്പ ചെറുപ്പവും എളുപ്പത്തിൽ ബോധ്യപ്പെടും.


പഴയ കാലത്തെ അപേക്ഷിച്ച് ക്ഷണ നേരം കൊണ്ട് വാക്കുകളും പ്രവൃത്തികളും ലോക വ്യാപകമായി പ്രചരിക്കുന്നു. അപ്രതീക്ഷിതമായ പലതും പലരും വാർത്തകളിൽ നിറഞ്ഞ് കവിഞ്ഞ് പ്രശസ്തിയിലേക്കുയരുകയും ചിലപ്പോൾ വീർപ്പ് മുട്ടലുണ്ടാക്കും വിധം കൊണ്ടാടപ്പെടുകയും ചെയ്യുന്നു.
വൈറൽ എന്ന വാക്കിന്റെ പിന്നാലെയാണ് ലോകം. എങ്ങനെയെങ്കിലും വൈറലാവുക. നല്ലതായാലും ചീത്തയായാലും വേണ്ടില്ല, സത്യമായാലും കള്ളമായാലും ഏതുമില്ല. ഒരുത്തരവാദിത്തവുമില്ലാത്ത ഒരു തരം സ്വാതന്ത്ര്യത്തിന്റെ ലോകത്താണിപ്പോൾ അധികപേരും. വൈറൽ എന്നത് എളുപ്പത്തിൽ രോഗം പരത്തുന്ന സൂക്ഷ്മ ജീവിയായ വൈറസ് എന്ന വാക്കിൽ നിന്നാണ് ഉണ്ടായത് എന്ന കാര്യം കൂടി നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. 


പല അപ്രധാന വിഷയങ്ങളും അനർഹമായ തോതിൽ ചർച്ച ചെയ്യപ്പെടുന്നു. പ്രധാനപ്പെട്ട പല നിർണായക വിഷയങ്ങളും ചർച്ചകൾക്ക് വിഷയീഭവിക്കുന്നേയില്ല. ഇതിന്റെ കാരണത്തെ കുറിച്ച് ആലോചിച്ചാൽ നമുക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. വിചാരത്തേക്കാൾ വികാരമാണ് പലപ്പോഴും അധിക മനുഷ്യരുടെയും വിനിമയത്തെ നിയന്ത്രിക്കുന്നത് എന്നതാണത്. 
ലോകത്ത് നടക്കുന്ന പല അത്യാഹിതങ്ങളും മനുഷ്യരിലെ നന്മ തിൻമകളെ പുറത്ത് കൊണ്ടുവരാൻ കൂടി സഹായിക്കുന്നുണ്ട്. പ്രതിസന്ധികളുടേയും പരീക്ഷണങ്ങളുടേയും ഘട്ടത്തിലാണ് ഒരാളിലെ സ്ഥായിയായ ഗുണം പ്രത്യക്ഷപ്പെടുക. 


തൽക്കാല നേരത്തെ കോപത്തിനടിപ്പെട്ട് തുരുതുരാ തൊടുക്കുന്ന വാക്കുകളുടെ മുരൾച്ചയും മൂർച്ചയും പറയുന്ന ആൾ മറന്നേക്കാമെങ്കിലും കേൾക്കുന്ന ആൾ അത്ര എളുപ്പത്തിൽ മറക്കണമെന്നില്ല. പറിച്ചെടുത്താലും മുറിവടയാളം ബാക്കിയാക്കുന്ന ആണി പോലെയാണ് ചില വാക്കുകൾ. കാലമെന്ന അമൂല്യ ഔഷധത്തിന് പോലും ക്ഷമയുടെയും മറവിയുടെയും ചേരുവകൾ ചേർത്താൽ കൂടി ഉണക്കിയെടുക്കാൻ പറ്റാത്ത ചില മുറിവുകൾ നാം ഉപയോഗിക്കുന്ന ചില നേരത്തേ വാക്കുകൾ കൊണ്ട് സംഭവിച്ച് പോവാറുണ്ട്. ഈ പിഴവിൽ നിന്ന് പൂർണമായും മുക്തരാവുന്നവർ മനുഷ്യർക്കിടയിൽ നന്നേ കുറവാണ്.


പരമാവധി സൂക്ഷ്മത പാലിച്ച് വാക്കുകൾ പ്രയോഗിച്ചാൽ ശാന്തിയും സ്വാസ്ഥ്യവും നമ്മുടെ കൂടെപ്പിറപ്പായി മാറും. അന്യരുടെ കുറ്റങ്ങൾ മാത്രം നിരന്തരം കണ്ടെത്തുകയും പരിഹസിക്കുകയും എല്ലാറ്റിനേയും കൊച്ചാക്കുകയും ചെയ്യുന്നവരുടെ എണ്ണം നാൾക്ക് നാൾ കൂടി വരുന്നു. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിനാവശ്യമായ, പൊതുവായി പാലിക്കപ്പെടേണ്ട സ്‌നേഹാദരങ്ങളും സാമൂഹ്യ മര്യാദയും പാടെ വിസ്മരിച്ച് ഒരു നിയന്ത്രണവുമില്ലാതെ സംസാരത്തിലും എഴുത്തിലും വാക്കുകൾ നിസ്സങ്കോചം ഉപയോഗിച്ച് കൈയടി വാങ്ങുന്ന അത്തരക്കാർ തൽക്കാല ഹരത്തിനപ്പുറം വലിയ വിപത്തുകളിലേക്കാണ് സ്വന്തത്തെയും സമൂഹത്തെയും, പ്രത്യേകിച്ച് ഇളം തലമുറയെയും സജ്ജരാക്കിക്കൊണ്ടിരിക്കുന്നതെന്ന കാര്യം മറക്കരുത്. 


അടുത്ത കാലത്തുണ്ടായ പല സംഭവങ്ങളും അതിനോടൊക്കെയുണ്ടാവുന്ന പ്രതികരണങ്ങളും നമ്മുടെ സമൂഹത്തെ ഭീതിദമാംവണ്ണം അനുദിനം രോഗഗ്രസ്തമാക്കുകയാണ്. അതിന്റെ ദുരിത ഫലങ്ങൾ വ്യക്തി തലം മുതൽ ആഗോളതലം വരെ ഭീകരങ്ങളായ പല പ്രത്യാഘാതങ്ങൾക്കുമിടയാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. 
കുറ്റകൃത്യങ്ങളും അപരാധങ്ങളും ഓവർ സെൻസേഷണലൈസ് ചെയ്തും ട്രോളിയും കാര്യബോധമില്ലാതെ പലർക്കുമയച്ചും പ്രചരിപ്പിക്കുകയല്ല വേണ്ടത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ താമസംവിനാ നിയമാനുസൃതമായ മാതൃകാ ശിക്ഷ നൽകി അത്തരം കൃത്യങ്ങൾ സമൂഹത്തിൽ കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലാണ് പരിഷ്‌കൃത സമൂഹം കൈക്കൊള്ളേണ്ടത്. 
മറ്റുള്ളവന്റെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്ന വാക്കുരിയാടുന്നത് ശാരീരികമായ അക്രമം പോലെ തന്നെ കുറ്റകരമാണ് എന്ന വസ്തുത പലപ്പോഴും പലരും മറന്നു പോവുന്നു. ഉരുവിടുന്നതും എഴുതിവിടുന്നതുമായ വാക്കുകളോരോന്നും കുറ്റമറ്റ രീതിയിൽ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്ന കാര്യം ആധുനിക സാങ്കേതിക വിദ്യയുടെ ഈ കാലത്ത് അന്ധവിശ്വാസമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. വാക്കു കൊണ്ടായാലും കർമം കൊണ്ടായാലും അന്യായമായി നോവിക്കപ്പെടുന്നവന്റെ പ്രാർത്ഥന ദൈവം തള്ളിക്കളയില്ല എന്ന കാര്യവും നിസ്സാരമായി കാണേണ്ടതല്ല.
 

Latest News