സിനിമകളില്‍ നിന്ന് ഒഴിവാക്കി;  എല്ലാം തുറന്നു പറയും-രമ്യാ നമ്പീശന്‍

കൊച്ചി-ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ആദ്യം മുതല്‍ ശക്തമായി നിലകൊണ്ട ആളായിരുന്നു രമ്യാ നമ്പീശന്‍. അതിന്റെ പേരില്‍ ഏറെ നഷ്ടം സഹിച്ചയാള്‍. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന് രമ്യാ നമ്പീശന്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു രമ്യയുടെ പ്രതികരണം.
നിലപാടുകള്‍ എടുക്കുമ്പോള്‍ ത്യാഗം സഹിക്കേണ്ടി വരും. ആക്രമിക്കപ്പെട്ട സുഹൃത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ ഒഴിവാക്കല്‍ ശക്തമായി'. ആ സമയങ്ങളിലെല്ലാം കൂടെ നിന്നത് സുഹൃത്തുക്കള്‍ മാത്രമാണെന്നും രമ്യ പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ ഇനിയും തുറന്നു പറയുമെന്നും നടി വ്യക്തമാക്കി.
നേരത്തെ താരസംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ച ശേഷം തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് രമ്യ പറഞ്ഞിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍ ഉള്‍പ്പെടെ നാലു നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്.ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ ആക്രമണം നടത്തിയ ആള്‍ക്കൊപ്പം സംഘടന നില്‍ക്കുന്നു എന്നായിരുന്നു രാജിവെച്ച നടിമാര്‍ പ്രധാനമായും ആരോപിച്ചിരുന്നത്.

Latest News